റാന്നി: ''നമ്മുടെ നാട്, ശുചിത്വ നാട്'' എന്ന സമ്പൂര്‍ണ മാലിന്യ സംസ്‌കരണ പദ്ധതി തുടങ്ങിയിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇട്ടിയപ്പാറയില്‍ മാറ്റമൊന്നുമില്ല. ബസ്സ്റ്റാന്‍ഡ് പരിസരം മുഴുവന്‍ മാലിന്യം. മാലിന്യ സംസ്‌കരണ പ്ലാന്റില്‍ എത്തണമെങ്കില്‍ ഇതിനുമുകളിലൂടെ പോകണം. മഴ പെയ്തതോടെ നാറ്റവും വമിക്കുന്നു.

2016 മാര്‍ച്ച് 15നാണ് പഴവങ്ങാടി പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗ്രാമപ്പഞ്ചായത്തും തിരുവല്ല ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുവാന്‍ ലക്ഷ്യമിട്ടത്. മാലിന്യ സംസ്‌കരണ പ്ലാന്റും സ്ഥാപിച്ചിരുന്നു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് വേര്‍തിരിച്ച് സംസ്‌കരിക്കുകയാണ് ലക്ഷ്യം.
പദ്ധതി നടത്തിപ്പിന് മുന്നോടിയായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ടൗണിലെ കടകളിലെത്തി പദ്ധതിയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയിരുന്നു. കടകളിലെത്തി ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സിന്റെ തൊഴിലാളികള്‍ മാലിന്യം ശേഖരിക്കുമെന്നും കടയുടമകള്‍ മാസം തോറും മുന്‍കൂട്ടി നിശ്ചയിക്കുന്ന തുക നല്‍കണമെന്നുമായിരുന്നു തീരുമാനം.
 
എന്നാല്‍ പദ്ധതി തുടങ്ങിയതോടെ വ്യാപാരികളില്‍ നല്ലൊരു ഭാഗവും ഇതിനോട് സഹകരിക്കുന്നില്ല. അവര്‍ മാലിന്യം വീട്ടില്‍ കൊണ്ടുപോയി കത്തിച്ചു കളയുന്നുവെന്നാണ് പറയുന്നത്. പഴയപോലെ ചിലര്‍ ബസ്സ്റ്റാന്‍ഡിന് സമീപത്തേക്ക് വലിച്ചെറിയുകയാണ്. മറ്റുചിലര്‍ വലിയ തോട്ടിലോ, റോഡരികിലോ കൊണ്ടിടുന്നു. വലിയതോട് നിറയെ മാലിന്യമാണ്. ഒരുമാസം മുമ്പ് ബസ്സ്റ്റാന്‍ഡിനു സമീപം കുന്നുകൂടി കിടന്ന മാലിന്യത്തിന് ആരോ തീയിട്ടു. പുകയും ദുര്‍ഗന്ധവും കാരണം യാത്രക്കാരും വ്യാപാരികളും ഏറെ ബുദ്ധിമുട്ടിയിരുന്നു. ഹോട്ടലുകള്‍, കോഴിക്കടകള്‍, പച്ചക്കറികടകള്‍, മറ്റു കടകള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ മാലിന്യം രാത്രിയില്‍ ഇവിടെ കൊണ്ടിടുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് രേഖപ്പെടുത്തിയ ബോര്‍ഡും ടൗണില്‍ പലയിടത്തും സ്ഥാപിച്ചിരുന്നു.
 
ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. 80 വ്യാപാരികള്‍ മാത്രമാണ് പദ്ധതിയുമായി സഹകരിക്കുന്നത്. വ്യാപാരികളുടെ സഹകരണമില്ലാതെ മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടാണെന്ന് ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് ഉടമ പറയുന്നു. ഭൂരിഭാഗം വ്യാപാരികള്‍ സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്ലാന്റ് തുടങ്ങിയത്. പദ്ധതി പഞ്ചായത്തും മറന്നമട്ടാണ്.