പന്തളം: കൈകൊട്ടി വിളിച്ചാല്‍ ബലിച്ചോറുണ്ണാന്‍ പോലും വരാത്ത കാക്കകള്‍ സുരേഷ് വിളിച്ചാല്‍ പറന്നെത്തും. ചോറു വെച്ചല്ല സുരേഷ് കാക്കകളെ വിളിക്കുന്നത്. കാക്കക്കുഞ്ഞിന്റെയും വലിയ കാക്കകളുടേയും ശബ്ദം പ്രത്യേക രീതിയില്‍ പുറപ്പെടുവിച്ചാണ് സുരേഷ് കാക്കകളെ കൂട്ടുന്നത്.
 
ഒരു കാക്കയെ പോലും കാണാത്ത ടൗണിന്റെ നടുക്കുപോലും സുരേഷ് വിളിച്ചാല്‍ കാക്കകള്‍ പറന്നെത്തും. കുളനട ചന്തയില്‍ നടത്തിയ പ്രകടനത്തില്‍ അന്‍പതോളം കാക്കകളാണ് നിമിഷങ്ങള്‍ക്കകം ആല്‍മരത്തിലെത്തിയത്.

നാല്‍പ്പതു വയസുള്ള സുരേഷ് കിളികളുടെ പലതരത്തിലുള്ള ശബ്ദമുണ്ടാക്കാന്‍ ചെറുപ്പത്തിലേ പരിശീലിച്ചിരുന്നു. കാക്കകളെ വിളിച്ചുവരുത്തുന്നതുകൊണ്ട് നാട്ടുകാര്‍ ഓമനപ്പേരുമിട്ടു- 'കാക്ക സുരേഷ്'. ഈ പേരില്‍ അറിയപ്പെടാനാണ് സുരേഷിനും ഇഷ്ടം.
 
മാന്തുക ഗവ. യു.പി.സ്‌കൂളിനു സമീപം താമസിച്ചിരുന്ന സുരേഷ് ഇപ്പോള്‍ പള്ളിക്കല്‍ ബിജുഭവനിലാണ് താമസം. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും കാക്കകളെ വിളിച്ചുവരുത്തി പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് സുരേഷ് പറയുന്നു.