കടമ്മനിട്ട: വേദിയും സദസ്സും ഇല്ലാതെ എല്ലാവരെയും ഒന്നാക്കുന്നതാണ് യഥാര്‍ഥ കല. കാഴ്ചക്കാരനും തുള്ളല്‍ക്കാരനും ഒന്നായി മാറിയ ഇടപ്പടയണിയുെട ആഘോഷരാവ് തീര്‍ന്നതോടെ വല്യപടയണിയുടെ വരവായി. മേടം എട്ടെത്തിയാല്‍ കടമ്മനിട്ടയില്‍ രാവുറങ്ങില്ല. വെള്ളിയാഴ്ച കാഴ്ചയുടെ വൈവിധ്യമാണ് വിരുന്നെത്തുക. പാട്ടിലും ചുവടിലും എഴുത്തിലും തനിമയുടെ നാട്ടുവെളിച്ചം തെളിയുന്ന രാവ്. പച്ചപ്പാളയില്‍ കോറിയിട്ട രൂപങ്ങളില്‍ നാം ദൈവത്തെ അറിയുന്നു. പാട്ടില്‍ അമ്മയെ ആരാധിക്കുന്നു. ചുവടില്‍ അവിടുത്തെ താളവട്ടങ്ങളിലേക്ക് ലയിക്കുന്നു. നൃത്തത്തിലെ ഗുരുസങ്കല്പമായ ശിവന്റെ താണ്ഡവത്തിന്റെ രൗദ്രതാളത്തിലേക്ക് പാട്ടുകാരും കോലങ്ങളും ഒന്നാകുന്നു.

''കാഴ്ചയുണ്ടിത് മേടമാസത്തില്‍

എട്ടാംദിവസി ഈശ്വരിക്ക്

പ്രധാനമാം ദിവസി...''

ഈ ചൊല്ലിലേക്ക് എത്തുകയാണ് കാവ്. വലിയകോലങ്ങള്‍ക്കു പുറമേ നായാട്ടുവിളി, മാടന്‍കോലം, കുതിര, കുറത്തി,അന്തരയക്ഷി, അരക്കിയക്ഷി എന്നിവയും കളത്തിലെത്തും. അമ്മയുടെ പൂര്‍ണമായ സാന്നിധ്യം കളത്തിലുള്ള ദിനമാണിത്. രാത്രി ക്ഷേത്രനട അടയ്ക്കില്ല. പുലരിയില്‍ സൂര്യനെ കണികാണുമ്പോള്‍ വലിയ ഭൈരവിയുെട മംഗളശ്ലോകം ചൊല്ലും.

തുടര്‍ന്ന് പൂപ്പട വാരി തട്ടിന്‍മേല്‍ കളിയും കരവഞ്ചിയും കഴിഞ്ഞ് കരക്കാര്‍ പിരിയും. ശനിയാഴ്ച പൂജകള്‍ ഇല്ല. അമ്മയുടെ പള്ളിയുറക്കനാള്‍. വല്യപടയണി ദിവസം വരുന്ന ഭൈരവിയും കാഞ്ഞിരമാലയും വലിയ കോലങ്ങളാണ്. അമ്മയുടെ നേര്‍രൂപമാണ് ഇവ. അഞ്ചു മുഖങ്ങളും നാഗക്കെട്ടുകളും ഉണ്ട്. തൃക്കണ്ണില്‍ കത്തുന്ന പന്തം ദിവ്യജ്യോതിസ്സാണ്. ഇവ എഴുന്നെള്ളുമ്പോള്‍ അമ്മ വരുന്നു എന്നാണ് വിശ്വാസം. കളത്തിന് ക്ഷേത്രത്തിന്റെ വിശുദ്ധി പകര്‍ന്ന് ദേവസോദരിമാര്‍ നൃത്തമാടുന്നു കരക്കാര്‍ക്കൊപ്പം. ദൈവം മനുഷ്യനൊപ്പം ഇറങ്ങിവരുന്ന ദിനം. വ്യാഴാഴ്ച രാത്രി ഇടപ്പടയണിനടത്തി. വഴിപാടുകോലങ്ങളുടെ ഒരു വിരുന്നുതന്നെയായിരുന്നു ആ രാവ്.