Pradeepപൊടിയാടി: ഒരു കാലും കരുത്തുറ്റ മനസ്സുമായി സൈക്കിളിൽ ഭാരതപര്യടനം നടത്തി ലോക റെക്കോഡ് കരസ്ഥമാക്കാനുള്ള പ്രദീപ് കുമാറിന്റെ യാത്ര തിരുവല്ലയിലെത്തി. ഇന്ദോർ സ്വദേശിയായ പ്രദീപ്കുമാർ 15000 കിലോമീറ്റർ പിന്നിടാൻ ലക്ഷ്യമിട്ടാണ് യാത്ര ആരംഭിച്ചത്.

അദ്ദേഹം തിരുവല്ലയിലെത്തിയപ്പോൾ 76 ദിവസവും 3700 കിലോമീറ്ററും പിന്നിട്ടുകഴിഞ്ഞു. അഞ്ചു വർഷം മുൻപ് തീർഥാടനയാത്രക്കിടെ തീവണ്ടിയിൽനിന്ന്‌ വീണുണ്ടായ അപകടത്തിലാണ് ഇടതുകാൽ നഷ്ടമായത്. കൃത്രിമക്കാലുമായി ജീവിതം തുടങ്ങിയ പ്രദീപ് വിധിയെ തോൽപ്പിക്കാൻ തീരുമാനിച്ചു. സംഗീതവും നൃത്തവും പരിശീലിച്ച മുപ്പതുകാരനായ പ്രദീപ് ‘ഡാൻസ് ഇന്ത്യ ഡാൻസ്‌’ എന്ന ടെലിവിഷൻ ഷോയിൽ പങ്കെടുത്തും ശ്രദ്ധേയനായി. 

നിരവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രദീപിന്റെ ലക്ഷ്യം ഭിന്നശേഷിക്കാരുടെ സൈക്ലിങ് റെക്കോഡ് മറികടക്കുക എന്നതാണ്. നിലവിൽ 10000 കിലോമീറ്ററാണ് ലോക റെക്കോഡ്. ഭിന്നശേഷിക്കാരുടെ സംഘടനയാണ് യാത്രയിലുടനീളം ക്രമീകരണങ്ങൾ ചെയ്യുന്നത്. മധ്യപ്രദേശിലെ ഭിന്നശേഷിക്കാരുടെ സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് പ്രദീപ്. 

റോഡ് സുരക്ഷാ സന്ദേശമാണ് പ്രധാനമായും യാത്രയിലൂടെ ലക്ഷ്യമിടുന്നത്. ഏഴു മാസം കൊണ്ട് യാത്ര പൂർത്തിയാക്കി ജൂൺ 18-ന് വീട്ടിൽ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ്. 50 മുതൽ 100 കിലോമീറ്ററാണ് ഒരു ദിവസം സഞ്ചരിക്കുന്നത്.