പത്തനംതിട്ട: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വരട്ടാറിനെ വീണ്ടെടുക്കുന്നതിന് ജനകീയപങ്കാളിത്തത്തോടെ നടക്കുന്ന പ്രവര്‍ത്തനത്തിന് ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ പ്രശംസ. നദിയുടെ പുനര്‍ജനിക്കായി നാടു മുഴുവന്‍ കൈകോര്‍ക്കുകയാണ്. പുനരുജ്ജീവന പ്രവര്‍ത്തനത്തിന് ഒരിടത്തുനിന്നും എതിര്‍പ്പുണ്ടായില്ല. ഇത് കേരളത്തിലൊരു പുതിയ അനുഭവമാണ്. അത്രയ്ക്കുവലിയ ജനകീയ അംഗീകാരം വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായതാണ് ഇതിനു കാരണം. ഉദാത്തമായ അനുകരണീയ മാതൃകകളുടെ സങ്കലനമാണ് വരട്ടാറെന്നും ധനമന്ത്രി െഫയ്‌സ്ബുക്കില്‍ കുറിച്ചു.

ധനമന്ത്രിയുടെ െഫയ്‌സ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗം ഇങ്ങനെ: '30 വര്‍ഷമായി വരണ്ടുകിടക്കുന്ന ഒരു പുഴ. സ്വാഭാവികമായും നദീതടം സമീപസ്ഥരെല്ലാം കൈയേറി കൃഷിചെയ്യുന്നു. ചിലരാകട്ടെ മതിലും പണിതു. പുഴയൊരു മങ്ങിയ ഓര്‍മ മാത്രം. അതിനെ വീണ്ടെടുക്കുമ്പോള്‍ എങ്ങനെയായിരിക്കും ഇവരുടെ പ്രതികരണം. ഇതായിരുന്നു, തുടക്കത്തില്‍ പൊതുവിലുണ്ടായിരുന്ന ഒരാശങ്ക. അതുകൊണ്ട് തത്കാലം ഒരു ചാലു മാത്രം കീറിയാല്‍ മതിയെന്നായിരുന്നു അന്നുനിശ്ചയിച്ചത്. പക്ഷേ, ആരും മുന്‍കൂട്ടി നിശ്ചയിക്കാതെ എത്ര പെട്ടെന്നാണ് ഗതി മാറിയത്. ചെങ്ങന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ദേവി പ്രസാദിന്റെ വാര്‍ഡാണ് ആദിപമ്പയുടെ നദീമുഖം. അവിടെയൊരു നൂറു നൂറ്റിയിരുപതു മീറ്ററെങ്കിലും പണ്ട് പമ്പയൊഴുകിയിരുന്നതാണ്.

ചപ്പാത്തുപണിതതോടെ ചെളി വന്നടിഞ്ഞ് നദീമുഖം മൂടി. ചെറിയ ചാലു കീറാനല്ല നദീമുഖം പൂര്‍ണമായും തുറക്കാനാണ് ദേവി പ്രസാദ് തിരുമാനിച്ചത്.

വിസ്മയമെന്നുപറയട്ടെ, ഒരാളും എതിര്‍ക്കാനുണ്ടായില്ല. പിന്നെ ബാക്കിക്കാര്യം പമ്പ ചെയ്തു. ഏതാനും ദിവസം നിറഞ്ഞങ്ങൊഴുകി. നദി പലേടത്തും അതിന്റെ തടം തിരിച്ചുപിടിച്ചു. എന്റെ ഭൂമിയെടുത്തോളൂ, നദിയൊഴുകട്ടെ എന്നുപറഞ്ഞവര്‍ ഏറെയാണ്. ഏവര്‍ക്കും പ്രചോദനമായി മാറിയത് തേവര്‍ മണ്ണില്‍ ടി.കുരുവിള എന്ന പ്രവാസിയാണ്. മതിലുപൊളിച്ച് തന്റെ കൈവശഭൂമിയാകെ നദിക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് ഈ മാതൃക അനുകരിക്കാന്‍ അശ്വതി ഭവനില്‍ രവീന്ദ്രന്‍ തുടങ്ങി ഒട്ടേറെ പേര്‍ മുന്നോട്ടുവന്നു. കുറ്റൂര്‍-തിരുവന്‍വണ്ടൂര്‍ ഭാഗത്ത് വരട്ടാര്‍ പഴയവീതിയില്‍ത്തന്നെ വീണ്ടെടുക്കാനുള്ള പരിശ്രമം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. ഒരിടത്തുനിന്നുപോലും എതിര്‍പ്പുണ്ടായില്ല. ഇത് കേരളത്തിലൊരു പുതിയ അനുഭവമാണ്. കാരണം വ്യക്തമാണ്. അത്രയ്ക്കുവലിയ ജനകീയ അംഗീകാരം വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായി. നദിയുടെ പുനര്‍ജനിക്ക് ഒരു നാടുമുഴുവന്‍ കൈകോര്‍ക്കുകയാണ്.

നദിയൊഴുകിയപ്പോള്‍ വന്ന മാറ്റങ്ങള്‍ വലുതാണ്. പള്ളിയോടങ്ങള്‍ നീരണിഞ്ഞു. ആറന്മുള ജലോത്സവത്തിന് വരട്ടാറിലൂടെതന്നെ പള്ളിയോടങ്ങള്‍ പോകും. കിണറുകളിലെല്ലാം വീണ്ടും നല്ലവെള്ളം കിനിയും. കൃഷി വീണ്ടും പുനരുജ്ജീവിക്കുമെന്ന് കര്‍ഷകര്‍ക്കൊരു പ്രതീക്ഷ. ഇനിയും ചെയ്യാനേറെയുണ്ട്. അതു മുഖ്യമായും സര്‍ക്കാരിന്റെ ചുമതലയാണ്. അക്കാര്യം ചര്‍ച്ചചെയ്യാന്‍ അടുത്ത ദിവസം തിരുവനന്തപുരത്ത് ജലവിഭവമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. പത്താം തീയതിയാകുമ്പോഴേക്കും ഇപ്പോള്‍ നടക്കുന്ന ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.