childപന്തളം: സഹോദരിയെ മരണക്കയത്തില്‍നിന്ന് പിടിച്ചുകയറ്റിയത് അഞ്ചു വയസ്സുകാരന്റെ അവസരോചിത ഇടപെടല്‍. പായല്‍നിറഞ്ഞ കുളത്തില്‍വീണ് മുങ്ങിത്താഴ്ന്ന ഹന്നയ്ക്ക് അനിയന്‍ ഹാബേലാണ് രക്ഷകനായത്. കുളത്തിലിറങ്ങി ഹന്നയെ കരയിലേക്ക് കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഹാബേല്‍ നിലവിളിച്ച് അയല്‍വാസിയെ വിളിച്ചുവരുത്തി.

ഹാബേലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി വര്‍ഗീസ് ജോര്‍ജ് മുങ്ങിത്താഴ്ന്ന ഹന്നയുടെ തലമുടിയില്‍ പിടിച്ച് കരയില്‍ കയറ്റി തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വയറില്‍ അമര്‍ത്തി വെള്ളം ഛര്‍ദിപ്പിച്ചുകളഞ്ഞു. ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് മുടിയൂര്‍ക്കോണം തിനംകാലായില്‍ പ്രിയയുടെ മകള്‍ ഹന്നയും(ഏഴ്) അനിയന്‍ ഹാബേലും(അഞ്ച്) പാലുവാങ്ങാനായി അല്‍പ്പം അകലെയുള്ള വീട്ടില്‍ പോയത്.

പാലു വാങ്ങി തിരികെ വരുംവഴി പാടത്തോടുചേര്‍ന്നുള്ള തണുങ്ങാട്ടു കുളം കാണാന്‍ ഇരുവര്‍ക്കും ആഗ്രഹം. പാടത്തെ കരയില്‍നിന്ന് കുളത്തിലേക്ക് കല്ലെറിഞ്ഞു കളിക്കുന്നതിനിടെ ഹന്ന കാല്‍വഴുതി ആഴമുള്ള കുളത്തിലേക്ക് വീണു. ചേച്ചിയെ രക്ഷിക്കാനായി ഹാബേല്‍ കുളത്തിലേക്കിറങ്ങിയെങ്കിലും പായല്‍ നിറഞ്ഞുകിടക്കുന്നതിനാല്‍ ശ്രമം പരാജയപ്പെട്ടു. കരയ്ക്കുകയറിയ ഹാബേല്‍ നിലവിളിച്ചപ്പോഴാണ് അടുത്തവീട്ടിലെ മിനിഭവനില്‍ വര്‍ഗീസ് ജോര്‍ജ് (43) ഓടിയെത്തി കുളത്തിലിറങ്ങിയത്.

കരയ്‌ക്കെത്തിച്ച ഹന്നയെ ഉടന്‍ പന്തളം സി.എം. ആശുപത്രിയില്‍ എത്തിച്ചു പ്രാഥമികശുശ്രൂഷ നല്‍കി. പന്തളം മര്‍ത്തോമ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹന്ന. ഇതേ സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിയാണ് ഹാബേല്‍.