KERALA INDIA WORLD SPECIAL
കോഴിക്കോട്ടെ കോയമാര്‍

 

എന്‍.പി. ഹാഫിസ് മുഹമ്മദ്‌

 


കോഴിക്കോടിന്റെ വളര്‍ച്ചയിലും പ്രതാപത്തിലും പ്രധാനപങ്കു വഹിച്ച ഒരു സമുദായവിഭാഗമാണ് കോയമാര്‍. മാപ്പിളമുസ്‌ലിങ്ങളില്‍ പൈതൃകംകൊണ്ടും ജീവിതരീതികൊണ്ടും സ്വഭാവവിശേഷങ്ങള്‍കൊണ്ടും ഒറ്റപ്പെട്ട ഒരു വര്‍ഗമാണ് ഇവര്‍. 'കോയ' എന്ന വാക്കിന്റെ ഉദ്ഭവത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. ആദരണീയരും ശ്രേഷ്ഠരുമായ ഒരു ജനവിഭാഗത്തെക്കുറിക്കുന്ന 'ക്വാജ' എന്ന പേര്‍ഷ്യന്‍ പദത്തിന്റെ രൂപാന്തരമാണ് 'കോയ' എന്നാണ് വിശ്വസിക്കപ്പെടുന്നത്. മതംമാറ്റം ചെയ്യപ്പെട്ട് ബഹുമാനിതരായവരെ 'ക്വാജ' എന്ന വാക്ക് കൂട്ടിച്ചേര്‍ത്ത് വിളിക്കാറുണ്ട്. ലക്ഷദ്വീപ് സമൂഹങ്ങളിലെ മുസ്‌ലിങ്ങള്‍ക്കിടയിലും ഒരു വിഭാഗമായി കോയമാര്‍ നിലകൊള്ളുന്നു. സാംസ്‌കാരികജീവിതംകൊണ്ടും തൊഴില്‍പരമായ പെരുമാറ്റങ്ങള്‍കൊണ്ടും ഈ രണ്ടു കോയമാര്‍ക്കും വലിയ സമാനതകളൊന്നുമില്ലെന്നുമാത്രം.

കോഴിക്കോടിന്റെ ഔദ്യോഗികഭൂപടത്തില്‍ തെക്കേപ്പുറം എന്നൊരു ദേശം കണ്ടെത്താനാവില്ല. കല്ലായിപ്പുഴയോട് ഉരുമ്മിക്കിടക്കുന്ന വടക്കന്‍കരയാണ് തെക്കേപ്പുറം. നഗരത്തെ മുറിക്കുന്ന റെയില്‍പ്പാളങ്ങള്‍ക്ക് പടിഞ്ഞാറ് അറബിക്കടല്‍വരെയും വടക്ക് വലിയങ്ങാടി പരിസരംവരെയും തെക്ക് കല്ലായിപ്പുഴവരെയും പരന്നുകിടക്കുന്ന ഒരു കൊച്ചുദേശം. തുറമുഖത്തിനും വ്യാപാരകേന്ദ്രത്തിനും തെക്കു കിടക്കുന്ന ദേശമായതിനാലാവാം, തെക്കേപ്പുറം എന്ന പേരു വന്നത്. ഈ സാമ്രാജ്യത്തിന്റെ സിരാകേന്ദ്രം കുറ്റിച്ചിറയാണ്. നടുക്കൊരു കുളം. പല വശങ്ങളിലും പരമ്പരാഗതമായ തച്ചുശാസ്ത്രരീതിയില്‍ പണിത പഴയ പള്ളികള്‍. ചുറ്റും മരുമക്കത്തായ തറവാടുകള്‍. കച്ചവടത്തെരുവുകള്‍. മൂന്ന് ചതുരശ്രനാഴിക ചുറ്റളവില്‍ കോയമാര്‍ അടക്കിവാഴുന്നു; നൂറ്റാണ്ടുകളായി. കുറ്റിച്ചിറ, ഇടിയങ്ങര, പരപ്പില്‍, മുഖദാര്‍, കുണ്ടുങ്ങല്‍, പടിഞ്ഞാറേ കല്ലായി തുടങ്ങി തൊട്ടുരുമ്മിക്കിടക്കുന്ന ഒരുകൂട്ടം തെരുവുകളും അതിനോട് ചേര്‍ന്ന പ്രദേശങ്ങളുമാണ് തെക്കേപ്പുറമായി മാറിയത്. ഇവിടെ താമസിക്കുന്നവരില്‍ മഹാഭൂരിപക്ഷം കോയമാര്‍. തെക്കേപ്പുറത്തിനപ്പുറം കോഴിക്കോടിന്റെ വിവിധഭാഗങ്ങളില്‍ ഇപ്പോള്‍ കോയമാര്‍ താമസിക്കുന്നുണ്ട്. തെക്കേപ്പുറത്തുനിന്ന് കുടിയേറിയവരാണീകൂട്ടര്‍.

തൊട്ടുരുമ്മിനില്ക്കുന്ന കൂറ്റന്‍തറവാടുകളും അതിനുതൊട്ട് ചേരികളും പഴയതും പുതിയതുമായ കുറെ പള്ളികളും തിരക്കുപിടിച്ച കച്ചവടത്തെരുവുകളും മരത്തടികളുടെ ദീനരോദനംകൊണ്ട് മുഖരിതമായിരുന്ന മില്ലുകളും, പാണ്ടികശാലകളും മദ്രസകളും ഗോഡൗണുകളും മൂന്നു കെട്ട് ശ്മശാനവും അവസാനം അവിടെയെത്തേണ്ടുന്ന കുറെ മനുഷ്യരും, അവരുടെ സവിശേഷമായ കുടുംബസമ്പ്രദായവും അതിനോടു ചേര്‍ന്ന ആചാരാനുഷ്ഠാനങ്ങളുമായാല്‍ കോയമാരുടെ ലോകമായി. അപൂര്‍വ മുസ്‌ലിംസമുദായത്തിന്റെ കഥയുമായി.

കച്ചവടക്കാരായ, സമ്പന്നരായ കോയമാര്‍ താമസിച്ചിരുന്നത് വലിയ തറവാടുകളിലാണ്. വലിയ പടിപ്പുര-നീണ്ട കോലായ. കോയമാരുടെ വീടുകളില്‍ മാത്രം കാണുന്ന വാതിലിനിരുവശത്തുമുള്ള 'ഇരുനിരകള്‍'. തുറന്നുകിടക്കുന്ന കോലായയില്‍നിന്ന് അകത്തേക്കിരിക്കാവുന്ന ദീര്‍ഘചതുരാകൃതിയിലുള്ള തുറന്ന ഇരിപ്പിടങ്ങളാണിവ. ബഡാപ്പുറത്ത് ഇരുവശത്തും കൊട്ടിലുകള്‍ (തറകള്‍). പിന്നെ നടുവകം. നടുവകത്ത് നാലുഭാഗത്തുനിന്നും ചരിഞ്ഞിറങ്ങുന്ന മേല്‍ക്കൂര. 'നടുമുറ്റ' (നാലക്കയ്യ)മായി മാറുന്നു. നടുവകത്ത് വശങ്ങളിലായി അറകള്‍. അടുക്കള. പിന്നാപ്പുറത്തെ കോലായ.

നടുവകത്തെ വാതിലിനോട് ചേര്‍ന്ന് ഏണിപ്പടി. പടികേറിയാലെത്തുന്നത് മീതേയുള്ള നടുവകത്ത്. അതിനു ചുറ്റും പുതിയാപ്പിളമാര്‍ക്കുള്ള മണിയറകള്‍. കിന്നരിപിടിപ്പിച്ച തിരശ്ശീലകള്‍ തൂക്കുന്ന വാതിലുകള്‍ക്കപ്പുറം, മണിയറയില്‍ രാത്രിയിലെത്തുന്ന, രാവിലെ കച്ചവടകേന്ദ്രങ്ങളിലേക്ക് പോകുന്ന പുതിയാപ്പിളമാര്‍. അവരുടെ കുടുംബം.

മാപ്പിളമാരില്‍ കുടുംബസമ്പ്രദായം, ആചാരങ്ങള്‍, തൊഴില്‍, വേഷം തുടങ്ങിയവകൊണ്ട് വേര്‍പെട്ടുകിടക്കുന്ന ഒരു സമുദായവിഭാഗമാണ് കോയമാര്‍. മരുമക്കത്തായജീവിതത്തിലടിയൂന്നിയതായിരുന്നു അവരുടെ ജീവിതരീതികള്‍. പല മരുമക്കത്തായസമുദായങ്ങളും പാടേ മണ്‍മറഞ്ഞുപോയിട്ടും, ആ കുടുംബസമ്പ്രദായത്തിന്റെ പല സവിശേഷ ജീവിതരീതികളും ഇപ്പോഴും പിന്തുടരുന്ന കൂട്ടരാണ് കോയമാര്‍. സ്ത്രീകള്‍ക്കാണ് തറവാട്ടിലവകാശം. സ്ത്രീകളിലൊരാളെ എങ്കിലും ബാക്കിയിരിപ്പുള്ള കാലത്തോളം തറവാട് അന്യം വരുന്നില്ല. മരുമക്കത്തായത്തിന്റെ പല ഘടകങ്ങളും കോയമാര്‍ കൈയൊഴിഞ്ഞെങ്കിലും, മറ്റു മുസ്‌ലിം സമുദായങ്ങളില്‍ എമ്പാടും കാണാനില്ലാത്ത പുതിയാപ്പിളസമ്പ്രദായവും അതിനോടൊട്ടിക്കിടക്കുന്ന ആചാരാനുഷ്ഠാനങ്ങളും കൂട്ടത്തോടെ പിന്തുടരുന്നവരാണ് കോഴിക്കോട്ടെ കോയമാര്‍.
കുടുംബത്തിലെ ഉയര്‍ന്ന സ്ഥാനം കാരണോത്തിക്കാണ്. അവരുടെ സഹോദരന്മാരിലൊരാള്‍ കാരണവര്‍. കാരണോത്തിയും അവരുടെ പെണ്‍മക്കളും അനിയത്തിമാരും അവരുടെ പെണ്‍മക്കളും ഇവരുടെയൊക്കെ കല്യാണം കഴിക്കാത്ത ആണ്‍മക്കളുമാണ് ഒരു തറവാട്ടില്‍ താമസിക്കുക. വിവാഹിതരായ ആണ്‍മക്കള്‍ ഭാര്യാവീട്ടിലാണ് അന്തിയുറക്കം. പുതിയാപ്പിളമാര്‍ ഭാര്യവീട്ടില്‍ അവകാശികളായ അംഗങ്ങളല്ല. കുട്ടികള്‍ അമ്മയോടൊപ്പമാണ് വളരുന്നത്. ആണ്‍കുട്ടികള്‍ വിവാഹം കഴിയുന്നതുവരെ, പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞ് മരിക്കുന്നതു വരെയും... കോയമാര്‍ ജനിച്ചുവളര്‍ന്ന കുടുംബത്തിന് 'പുര' എന്നും ഭാര്യവീട്ടിലെ കുടുംബത്തിന് 'വീട്' എന്നും പറയുന്നു. പുതിയാപ്പിളമാര്‍ 'വീട്ടില്‍' വെള്ളവസ്ത്രങ്ങള്‍ ധരിച്ച് അത്തറും പൂശി രാത്രിയിലേ എത്തൂ. രാത്രിഭക്ഷണംപോലും 'പുര'യില്‍ നിന്നാണ് പണ്ട് കഴിച്ചിരുന്നത്. രാവിലത്തെ 'പ്രാതല്‍' ഭാര്യവീട്ടില്‍നിന്ന്. രാവിലെ 'വീടി'ന്റെ പടിയിറങ്ങുകയും ചെയ്യും.

കോയമാരുടെ ജീവിതത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ മരുമക്കത്തായ കുടുംബസമ്പ്രദായത്തോടു ചേര്‍ന്നുകിടക്കുന്നു. ഗര്‍ഭിണിയായ ബീവി ഉമ്മയോടൊപ്പമായിരിക്കും പ്രസവവും അവിടെവെച്ചുതന്നെ. പ്രസവാനന്തരശുശ്രൂഷയ്ക്ക് 'ഈറ്റുകാരത്തി'കളുണ്ട്. ആണ്‍വീട്ടുകാര്‍ കുട്ടിയെ കാണാനെത്തും, 'കണ്ടോസാര'ങ്ങള്‍ (ഉപഹാരങ്ങള്‍) നല്‍കും. 'മുടികളച്ചില്‍' രണ്ടു കുടുംബങ്ങളിലുമുള്ളവര്‍ ഒത്തുചേരുന്ന ഒരു ചടങ്ങാണ്. മുടികളച്ചിലിനോടനുബന്ധിച്ച് ഒരു കാളക്കുട്ടനെ അറത്ത് കുടുംബത്തില്‍ അതിന്റെ ഇറച്ചി വിതരണം നടത്തും. കുട്ടിക്ക് പല്ലു മുളയ്ക്കുന്നതിനോടനുബന്ധിച്ചുള്ള 'പല്ലട' വെക്കല്‍, ആണ്‍കുട്ടികളുടെ 'മാര്‍ക്കക്കല്യാണം' (ചേലാകര്‍മം), പെണ്‍കുട്ടികളുടെ 'കാതുകുത്ത്' തുടങ്ങിയവ ഓരോ കുടുംബത്തിലും ആഘോഷപൂര്‍വം നടത്തിയിരുന്ന ചടങ്ങുകളാണ്. പെണ്‍കുട്ടിയുടെ വിവാഹത്തോടു ചേര്‍ന്ന് 'നിശ്ചയം', നിക്കാഹ്, പുതിയാപ്പിളയെ തേടിപ്പോകല്‍, അറയിലാക്കല്‍; വധുവിനെ തേടിപ്പോകുന്ന 'പുതുക്കം, തിരിച്ചുകൊണ്ടുവരുന്ന 'മറുപുതുക്കം', രാത്രി മണവാളന്‍ ഭാര്യവീട്ടില്‍ ഒത്തുചേരുന്ന 'മൂടയും പണം' തുടങ്ങിയ ചടങ്ങുകള്‍ കോയമാരുടെ കല്യാണത്തില്‍ ഇന്നും നിലനില്ക്കുന്ന ചടങ്ങുകളാണ്.

കോയമാരുടെ സമൂഹത്തിലെ കല്യാണം ആഢ്യത്വത്തിന്റെയും സമ്പന്നതയുടെയും അടയാളപ്പെടുത്തലുകള്‍ കൂടിയാണ്. വിഭവസമൃദ്ധവും സവിശേഷവുമായ ഭക്ഷണ പലഹാരപദാര്‍ഥങ്ങള്‍ കല്യാണത്തോടനുബന്ധിച്ച് വെച്ചുവിളമ്പുന്നു. വിവാഹാനന്തരം പുതിയാപ്പിളയെ സത്കരിക്കല്‍ കുടുംബത്തിന്റെ മഹിമയെക്കുറിക്കാനുള്ള അവസരം കൂടിയാണ്. പുതിയാപ്പിളയ്ക്ക് നാല്പതു ദിവസത്തോളം കാലം നല്കുന്ന 'രാവിലെ വിരുന്ന്' അതിപ്രശസ്തമാണ്.

പെണ്‍കുട്ടിക്കു മണിയറയൊരുക്കല്‍ കോയമാര്‍ക്കിടയില്‍ പ്രതാപത്തിന്റെ അടയാളപ്പെടുത്തലാണ്. അലങ്കരിച്ച മണിയറയില്‍ ഉചിതമായ ഫര്‍ണിച്ചറുകള്‍ ഉണ്ടാവും. അറയോടു ചേര്‍ന്ന് കുളിമുറിയും കക്കൂസും ഉണ്ട്. പല മുറികളിലും സൈഡ്‌റൂമും അവിടെ ഇരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. പുതിയാപ്പിളയ്ക്കും കെട്ടിയോള്‍ക്കും മക്കള്‍ക്കും ആ മുറി സ്വന്തമായിരിക്കും.
ഒരൊറ്റയടുക്കളയും ഒന്നിച്ചുള്ള ഭക്ഷണമൊരുക്കലും കോയമാരുടെ തറവാടുകളുടെ സവിശേഷതയായിരുന്നു. മൂന്നുനാല് ദശാബ്ദങ്ങള്‍ക്കിടയില്‍ തറവാടുകള്‍ ഒരൊറ്റ സാമ്പത്തികസ്രോതസ്സില്‍നിന്ന് കുടുംബകാര്യങ്ങള്‍ നടത്തിയിരുന്നതിന് മാറ്റങ്ങള്‍ വന്നിരിക്കുന്നു. കച്ചവടം തകര്‍ന്നതും പുതിയ സാമ്പത്തികരീതികള്‍ പിന്തുടര്‍ന്നതും കുടുംബത്തിന്റെ ഏകകേന്ദ്രസ്വഭാവം മാറ്റിമറിച്ചു. ഒരു തറവാട്ടില്‍ത്തന്നെ വിഭജനങ്ങളുണ്ടായി. പല കുടുംബങ്ങള്‍ ഒരു തറവാട്ടിലുണ്ടായി. ഒരു വീട്ടില്‍ പല കൂട്ടുകുടുംബങ്ങളുണ്ടായി. ഏട്ടത്തിയനിയത്തിമാര്‍ അവരുടെ 'കൂട്ടുകുടുംബ'മായി പ്രത്യേക അടുക്കളയില്‍ ഭക്ഷണമുണ്ടാക്കി. ഒരു കൂരയ്ക്കു കീഴേ കഴിയാന്‍ തുടങ്ങി. തറവാട്ടിലെ കാരണവത്തിയുടെ അധികാരം, തറവാട്ടിന്റെ സ്വന്തമായ കച്ചവടം, സ്ത്രീകള്‍ക്കു മാത്രമുള്ള സ്വത്തവകാശം എന്നിവ ചോദ്യം ചെയ്തു മാറ്റിമറിക്കലുകള്‍ക്കു വിധേയമായെങ്കിലും, പുതിയാപ്പിളസമ്പ്രദായം ഇന്നും കോയമാര്‍ തുടരുന്നു.

കോയമാര്‍ അടിസ്ഥാനപരമായി കച്ചവടക്കാരാണ്. കച്ചവടത്തിലെ സാമര്‍ഥ്യം അന്യനാട്ടില്‍പ്പോലും പുകള്‍പ്പെറ്റിരുന്നു. സുഗന്ധദ്രവ്യങ്ങള്‍, കുരുമുളക്, മരം തുടങ്ങിയ മേഖലകളിലെ കച്ചവടത്തില്‍ സര്‍വാധിപത്യം വെച്ചുപുലര്‍ത്തിയിരുന്നവരാണ് കോയമാര്‍. കോയമാരുടെ വ്യാപാരനൈപുണ്യം കോഴിക്കോടിന്റെ പ്രതാപത്തിന്റെ പ്രധാന ഹേതുവായിരുന്നു. നാലഞ്ചു നൂറ്റാണ്ടുകളിലായി കോഴിക്കോട് രാഷ്ട്രങ്ങളുടെ സംഗമകേന്ദ്രമായി മാറ്റിയതില്‍ ഈ ജനവിഭാഗത്തിന് അപ്രധാനമല്ലാത്ത പങ്കുണ്ട്. കോഴിക്കോട് നഗരത്തിലെ പത്തു ശതമാനത്തിനു താഴെ വരുന്ന ജനസംഖ്യയെന്നു കണക്കാക്കപ്പെടുന്ന കോയമാരെക്കുറിച്ച് 1443-ല്‍ കോഴിക്കോട് സന്ദര്‍ശിച്ച പേര്‍ഷ്യന്‍ സഞ്ചാരിയായ അബ്ദുള്‍ റസാഖ് സ്മരിക്കുന്നതിങ്ങനെ: 'വിലമതിച്ച വസ്ത്രങ്ങള്‍ ധരിച്ച മുസ്‌ലിങ്ങള്‍ ഇവിടത്തെ ദേശവാസികളായിരുന്നു. വടക്കേ ഇന്ത്യന്‍ മുസ്‌ലിങ്ങളെപ്പോലെ ഭരണകാര്യങ്ങളിലല്ല, കച്ചവടകാര്യങ്ങളിലായിരുന്നു അവര്‍ സമര്‍ഥര്‍.

സമുദ്രങ്ങള്‍ക്കെല്ലാം തുറമുഖമായി പേരുകേട്ട കോഴിക്കോടിന്റെ യശസ്സും പ്രതാപവും കോയമാരുടെ ജീവിതവുമായിച്ചേര്‍ന്നുകിടന്നിരുന്നു. ഇപ്പോഴും അത് പൂര്‍ണമായി ഇല്ലാതായെന്നും പറഞ്ഞുകൂടാ.

(മലബാര്‍ : പൈതൃകവും പ്രതാപവും എന്ന പുസ്തകത്തില്‍ നിന്ന്)ഇന്റര്‍നെറ്റില്‍ ചരിത്രപരമായ വിവരങ്ങളും ദൃശ്യങ്ങളും ലഭിക്കുന്ന ചില സൈറ്റുകളിലേക്കുള്ള ചൂണ്ടുവിരലാണ് താഴെ.
സമാനമായ സൈറ്റുകളെപ്പറ്റി അറിവുള്ള വായനക്കാര്‍ ആ സൈറ്റുകളുടെ മേല്‍വിലാസം (URL) അയച്ചുതന്നാല്‍ അവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം
ഡച്ചുകാര്‍ സുഗന്ധവ്യഞ്ജനങ്ങളന്വേഷിച്ച് 1603-ല്‍ കേരളത്തില്‍ വന്നതു മുതല്‍ അവര്‍ കൊച്ചിയില്‍ നിന്നും വിടപറയുന്നതുവരെയുള്ള (1795) ചരിത്രം പ്രതിപാദിക്കുന്ന ഡച്ച് ഇന്‍ കേരള എന്ന സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
യൂനിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയയുടെ ശേഖരത്തിലുള്ള 1850 മുതല്‍ 1950 വരെയുള്ള ബാസല്‍ മിഷന്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവിതാംകൂര്‍ രാജഭരണകാലത്തെ കേരള ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളുമായി ഒരു ബ്ലോഗ്‌
പൗരാണിക ഇന്ത്യാ ചരിത്രം ലളിതമായി ഇന്ററാക്റ്റീവ് രീതിയില്‍ അവതരിപ്പിക്കുന്ന ബ്രിട്ടീഷ് മ്യൂസിയത്തിന്റെ സൈറ്റ്‌
ചരിത്രപ്രാധാൈന്യമുള്ള പഴയന്‍ ഇന്ത്യന്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്ന ദ ഓള്‍ഡ് ഇന്ത്യന്‍ ഫോട്ടോസ് എന്ന സൈറ്റ്

Other News in this section:

» നഗരത്തിലെ സി.എസ്.ഐ. പള്ളി » 73 വര്‍ഷം മുമ്പ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തപ്പോള്‍ » ഉള്ളൂര്‍കുന്നില്‍നിന്നും ആദ്യറിപ്പബ്ലിക്ദിനത്തില്‍ കേരളത്തിന് ലഭിച്ച സമ്മാനം » തൂക്കിക്കൊല്ലുന്നവരുടെ കുതികാല്‍വെട്ടി രക്തം ഊറ്റിയിരുന്ന കാലം » ടോള്‍സ്റ്റോയിയേയും കുമാരനാശാനേയും ആകര്‍ഷിച്ച വിവേകാനന്ദന്‍ » ഒരു സന്ദര്‍ശനവും വിവാദവും » തെക്കണംകര കനാലും പദ്മതീര്‍ഥവും » കരുണാകരമേനോനെക്കുറിച്ച് മലബാര്‍ കളക്ടര്‍ » കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട് 3 » 'സതി' അനുഷ്ഠിക്കാനുള്ള അനുവാദത്തിന് റസിഡന്‍സിക്ക് മുമ്പില്‍ സത്യാഗ്രഹം » കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട് 2 » ബ്രിട്ടീഷ് സര്‍ക്കാരിനെയും ശ്രീമൂലം തിരുനാള്‍ മഹാരാജാവിനെയും ഞെട്ടിപ്പിച്ച രാജി » കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട്‌ » ഒന്നരനൂറ്റാണ്ടോടടുക്കുന്ന മന്ദിരത്തിന്റെ സമീപത്തുള്ള സിമന്റ് കോലം » ആ ഭാഷാസ്‌നേഹിയെ ഓര്‍ക്കാന്‍ ഒരു പാര്‍ക്ക് മാത്രം
© Copyright Mathrubhumi 2013. All rights reserved.