KERALA INDIA WORLD SPECIAL
കോഴിക്കോടിന്റെ ഉദയം

 

ഡോ. എം.ജി.എസ്. നാരായണന്‍

 


കൊടുങ്ങല്ലൂര്‍ ഏറെക്കാലം തിളങ്ങിനിന്നു. ആ പരിസരത്തിലെവിടെയോ ആയിരുന്നു തുറമുഖമായ മുസിരിസ് എന്ന മുചിരിപട്ടണം. പ്രാചീനകാലത്തും പെരുമാക്കളുടെ കാലത്തും അതായിരുന്നു കഥ. പിന്നെ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നാടുവാഴികള്‍ പെരുമാളെ ധിക്കരിക്കാന്‍ തുടങ്ങി. പെരുമാള്‍പദം നല്കി പഴയ ചേരവംശജനെ ആദരിച്ച കേരള ബ്രാഹ്മണ ഗ്രാമസംഘങ്ങള്‍തന്നെ ആ സ്ഥാനത്തിനെതിരായി ഉപജാപം തുടങ്ങി. അവസാനത്തെ പെരുമാള്‍ 'തോറ്റു തൊപ്പിയിട്ടു' മക്കത്തു പോയി മാപ്പിളമാരുടെ മതം സ്വീകരിച്ചു. ആ കോലാഹലത്തെത്തുടര്‍ന്ന് അതുവരെ സാമന്തരായിരുന്ന നാടുവാഴികളെല്ലാം സ്വതന്ത്രരായി. പിന്നീട് നാലു നൂറ്റാണ്ടോളം പുതുതായി സ്ഥാപിക്കപ്പെട്ട കോഴിക്കോടിന്റെ ജൈത്രയാത്രയായിരുന്നു.

നമ്മുടെ നാട്ടിലെ ആ മര്‍മപ്രധാനമായ സംഭവങ്ങളെക്കുറിച്ച്, കേരള സ്വഭാവരൂപീകരണത്തില്‍ നിര്‍ണായക സംഭാവന ചെയ്ത ആ ഘട്ടത്തെക്കുറിച്ച് നിര്‍ഭാഗ്യവശാല്‍ നമുക്ക് നേരിട്ട് അധികമൊന്നും അറിഞ്ഞുകൂടാ. കേരളചരിത്രത്തിലെ ഒരേയൊരു മഹാസംഭവമായി, ആലങ്കാരികഭാഷയില്‍, പെരുമാള്‍ അപ്രത്യക്ഷമായതിനെക്കുറിച്ച് വില്യംലോഗന്‍ എഴുതിയിട്ടുണ്ട്. അതിനുശേഷം കേരളത്തില്‍ ചരിത്രം നിശ്ചലമായെന്ന് പറയുന്നതിനോടു യോജിപ്പില്ലെങ്കിലും, ആ സംഭവത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് തെളിവുകള്‍ നന്നേ കുറവാണെങ്കിലും ഉള്ളവതന്നെ ശരിയായി വായിച്ചെടുക്കാന്‍ വളരെ താമസിച്ചുപോയി. അതിന്‍ഫലമായി മക്കത്തു പോയ പെരുമാളുകളുടെ കഥയെ വളരെ സംശയത്തോടുകൂടിയാണ് കേരളീയര്‍ ഇന്നും സമീപിക്കുന്നത്. പക്ഷേ, നമ്പൂതിരിഗ്രന്ഥമായ കേരളോല്‍പ്പത്തിയില്‍ പ്പോലും മക്കത്തു പോയ പെരുമാളെപ്പറ്റി പ്രസ്താവമുണ്ട്.

കേട്ടുകേള്‍വിയായി സഞ്ചരിച്ച് നൂറ്റാണ്ടുകള്‍ക്കുശേഷം ഗ്രന്ഥരൂപത്തിലായ കേരളോല്‍പ്പത്തി മാത്രമായിരുന്നു ഇതുവരെ ആധാരം. ആദ്യഭാഗത്തെല്ലാം അദ്ഭുതകഥകളെങ്കിലും ഉത്തരഭാഗങ്ങളില്‍ കൃത്യമായ വസ്തുതകളാണ് പ്രസ്തുതഗ്രന്ഥത്തിലുള്ളത്. ചിലരതു മുഴുവന്‍ സ്വീകരിച്ചു, പലരും അത് മുഴുവന്‍ തള്ളിക്കളഞ്ഞു. പുരാവസ്തു-പുരാലേഖ്യപഠനങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമേ ഇവിടെ കാര്യമായി തുടങ്ങിയിട്ടുള്ളൂ. എങ്കിലും ആ തെളിവുകളുടെ വെളിച്ചത്തില്‍ കേരളോല്‍പ്പത്തിയുടെ ഒരു പുനര്‍വായന സ്വാഗതാര്‍ഹമാണ്, പരശുരാമകഥയൊഴിച്ച് - അതൊരു മിത്താണല്ലോ - മുക്കാല്‍ ഭാഗവും ചരിത്രമാണെന്നാണ് എന്റെ നിഗമനം. ചിലേടത്തുള്ള പകര്‍പ്പെഴുത്തുകാരുടെ ആശയക്കുഴപ്പമൊഴിച്ചാല്‍ മധ്യകാലചരിത്രം ഏറക്കൂറെ വിശ്വസനീയമാണ്. കോഴിക്കോടടക്കം പല നാടുവാഴികളുടെയും കോവിലകങ്ങളില്‍ സൂക്ഷിച്ച ഗ്രന്ഥവരികള്‍ ആ കാര്യങ്ങള്‍ ആവര്‍ത്തിച്ചും വിസ്തരിച്ചും പറയുന്നു.

ഐതിഹ്യങ്ങളുടെ പുകമറിയില്‍നിന്ന് ചിലതെല്ലാം വെളിച്ചത്തിലേക്കു നീങ്ങുന്നു. ആ മേഖലയിലാണ് ചേരമാന്‍ പെരുമാക്കള്‍ ഇതുവരെ നിലനിന്നത്. ഇരുപതാംനൂറ്റാണ്ടിന്റെ ഒന്നാംപകുതിയില്‍ ട്രാവന്‍കൂര്‍ ആര്‍ക്കിയോളജി ക്കല്‍ സീരീസ് (1910-1938) ഇറക്കിയ പണ്ഡിതന്മാര്‍പോലും ആദ്യമൊന്നും തങ്ങള്‍ പുറത്തുകൊണ്ടുവന്ന പുരാലേഖ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രാജാക്കന്മാര്‍ ഒരു കൂട്ടര്‍ ഐതിഹ്യപ്രസിദ്ധരായ ചേരമാന്‍ പെരുമാക്കളാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഒടുവില്‍ എ.എസ്.രാമനാഥയ്യര്‍ ഏതാണ്ടൊക്കെ വസ്തുതകളില്‍ എത്തിപ്പിടിച്ചു. പ്രൊഫസര്‍ ഇളംകുളം അക്കൂട്ടത്തില്‍ കൂടുതല്‍ ചിലതെല്ലാം തിരഞ്ഞെടുത്ത്, കാലക്രമത്തില്‍ അടുക്കിവെച്ചപ്പോള്‍ മഹോദയപുരം കേന്ദ്രമാക്കി ഒന്‍പതും പത്തും പതിനൊന്നും ശതകങ്ങളില്‍ കേരളം ഭരിച്ച പെരുമാക്കളുടെ ചരിത്രത്തിനു രൂപരേഖ കൈവന്നു. വിശദാംശങ്ങളില്‍ തെറ്റു പറ്റിയെങ്കിലും അദ്ദേഹത്തിന്റെ അന്വേഷണപദ്ധതി ശാസ്ത്രീയമായിരുന്നു. ആ യുക്തിശൃംഖല പിന്തുടരാന്‍ വേണ്ട പ്രയത്‌നമോ, പ്രതിഭയോ ഇല്ലാതിരുന്ന ഭാവനാശീലരായ ചില എഴുത്തുകാര്‍, പി.കെ.ബാലകൃഷ്ണനെപ്പോലെ, അദ്ദേഹത്തെ പരിഹസിക്കാന്‍ ഒരുങ്ങി. പുരാലിഖിതശാസ്ത്രം അവര്‍ക്കൊരു ബാലികേറാമലയായിരുന്നു.

പെരുമാക്കളുടെ കേരളരാജ്യത്തില്‍ അവസാനത്തെയാള്‍ രാമവര്‍മ കുലശേഖരന്‍ (1089-സി, 1102 എ.ഡി.) ആണെന്നും അദ്ദേഹത്തിന്റെ ഭരണവര്‍ഷം പറയുന്ന അവസാനത്തെ ലിഖിതം തെക്കന്‍കൊല്ലത്തുള്ള രാമേശ്വരം ക്ഷേത്രത്തില്‍ പതിമൂന്നാംവര്‍ഷത്തില്‍ കൊത്തിവെച്ചതാണെന്നും പ്രൊഫസര്‍ ഇളംകുളം ചൂണ്ടിക്കാട്ടി. കൂടുതല്‍ ഉറപ്പിന്നായി,
ആരും നേരിട്ടു നില്പാര്‍ അരിയ നെടുവിരിപ്പോടെറൈ വാണ്‍മെലല്ലോ.
നിരേകിപണ്ടൊടുക്കത്തഖില ഗുണനിധിശ്ചേരമാന്‍ രാമവര്‍മാ
എന്ന ശ്ലോകാര്‍ധവും ഹാജരാക്കി. നിര്‍ഭാഗ്യവശാല്‍ ആ ലിഖിതം പ്രസാധനം ചെയ്ത പഴയ തിരുവിതാംകൂര്‍ ഉദ്യോഗസ്ഥന്മാര്‍ അതിലെ ചില വരികള്‍ തെറ്റായി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. ആ വട്ടെഴുത്ത് ലിഖിതത്തിന്റെ തുടക്കം അവര്‍ ഇങ്ങനെയാണ് കൊടുത്തത്:

സ്വസ്തി ശ്രീ. കൊല്ലന്‍തോന്റിയിരുനൂറ്റെഴുപത്തെട്ടാമാണ്ടൈക്കന്നിയില്‍ വിയാഴ്മപുക്ക (ചിങ്ങഞാ)യിറു ഒന്‍പതു ചെന്റനാള്‍ ഇരണ്ടാമാണ്ടൈക്കെതിര്‍ പതി (നൊരാ)മാണ്ടൈ(യ്ഇ) രാമര്‍ തിരുവടി കോയിലതികാരികളായിന ശ്രീ കുലചേകര ചക്കിരവര്‍ത്തികള്‍ കുരക്കേണ്ടിക്കൊല്ലത്തു പനൈങ്കാവില്‍ കോയിലകത്തിരുന്നരുള ആരിയരൊടുവന്ന വിരോതത്തിനു പ്രായച്ചിത്തത്തിനു പുത്തന്‍ അറൈയാല്‍ പതിനാഴികൊള്ളും പറൈയാല്‍ നിയതം ഓരോ പറൈച്ചെയ്തുനെല്‍ ഇരാമേച്ചുവരത്തു...ആരിയ ബ്രാഹ്മണരുങ്കൂടിയിരുന്നടുത്തു...പക്കല്‍...യക്കങ്ങ് കയ്യില്‍ത്തിരുക്കൈന നൈച്ചരുള നാന്‍ കുതളിയുമായി (രമ്അ) റുനൂറ്റുവരും (ഇന്) നാട് വാഴ്‌ക്കൈയാന്‍ വിക്കിരമനാന...ക്കന്‍ മുതലായുള്ള ചാമന്‍ തരുതിരുക്കൈക്കീഴ്കൂടിയിരുക്കത്തിരുക്കൈ നനൈച്ച(രു)ളിയാവിതു (Travancore Archaeological Series. Vol.V.Part I P.P.4445). ഈ ലേഖകന്‍ അവിടെ ചെന്നു പരിശോധിച്ചപ്പോള്‍ അവസാനം കൊടുത്ത ഭാഗം ഇങ്ങനെയാണ് കണ്ടത്-:

.....നാന്‍കു തളിയുമായിരമ് അറുനൂറ്റുവരുമ് ഏറനാട് വാഴ്‌ക്കൈ മാനവിക്കിരമനാന പൂന്തുറക്കോന്‍ മുതലായുള്ള ചാമന്‍തരുന്‍ തുരുക്കൈക്കീഴ്ക്കൂടിയിരുക്കത്തിരുക്കൈ നനൈച്ചരുളിയാവിതു.

ഇവിടെ നാടിന്റെ പേര്‍ 'ഇന്നോടു' എന്നു വായിച്ചത് 'ഏറനാട്' എന്നാണ്. 'വാഴ്‌ക്കൈയാന്‍ വിക്കരമനാന....ക്കന്‍' എന്നു വായിച്ചത് 'വാഴ്‌ക്കൈ മാനവിക്കിരമനാന പൂന്തുറേേക്കാന്‍' എന്നാണ് സ്ഥലപ്പേരിലും ആള്‍പ്പേരിലും വന്ന ചെറിയ വ്യത്യാസങ്ങള്‍ എറനാട്ടിലെ മാനവിക്കിരമനെന്ന പൂന്തുറക്കോനെ ഒളിപ്പിച്ചുകളഞ്ഞു! മഹാവിദ്വാനെങ്കിലും ഏ.എസ്.രാമനാഥയ്യര്‍ക്ക് സാമൂതിരിചരിത്രം അറിയാതിരുന്നതുകൊണ്ടും അശ്രദ്ധമായ വായനകൊണ്ടും പറ്റിയ ഒരബദ്ധം കോഴിക്കോട് രാജ്യസ്ഥാപകനെ കാഴ്ചയില്‍നിന്ന് മറച്ചു. മാത്രമല്ല, കേരളോല്‍പ്പത്തിയിലും കോവിലകം ഗ്രന്ഥവരികളിലും ഒടുക്കാത്ത പെരുമാളെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നതിന് ഈ ലിഖിതം സാക്ഷ്യംവഹിക്കുന്ന വസ്തുത ഇളംകുളം അടക്കമുള്ള ചരിത്രകാരന്മാര്‍ക്ക് മനസ്സിലാക്കാതിരിക്കാന്‍ ഇടയാവുകയും ചെയ്തു.

രാമന്‍ തിരുവടി കൊല്ലത്തെ പനങ്കാവില്‍ കൊട്ടാരത്തില്‍ ഇരുന്നതിനാല്‍ വേണാട്ടുരാജാവാകാം എന്നാണ് രാമനാഥയ്യര്‍ അനുമാനിച്ചത്. ചേരവംശജനായിക്കൂടായ്കയില്ല എന്നും ചിന്തിച്ചു. നാലുതളി (നാലു തളിയാതിരിമാര്‍)യുടെ സാന്നിധ്യമാണ് ചേരചക്രവര്‍ത്തിയാകാമെന്ന് ആലോചിക്കാന്‍ ഇടവരുത്തിയത്. എങ്കിലും 'ആയിരം' എന്തെന്ന് സ്വയം ചോദിച്ചില്ല - അത് പെരുമാളുകളുടെ അകമ്പടിപ്പതിനായിരത്തിന്റെ പേരാണെന്ന് അറിഞ്ഞില്ല. ആരിയര്‍ ആരാണെന്നന്വേഷിച്ചു; പക്ഷേ, അപ്പുറത്ത് ആരിയബ്രാഹ്മണര്‍ കൂട്ടംകൂടിയിരുന്നതായി പറഞ്ഞതുകൊണ്ട് അവര്‍ കേരള ബ്രാഹ്മണരായ നമ്പൂതിരിമാരാണെന്നും തമിഴ് ബ്രാഹ്മണരില്‍ നിന്ന് (പട്ടന്മാര്‍) അവരെ വേര്‍തിരിക്കാനാണ് ഇങ്ങനെ വിളിച്ചുവന്നതെന്നും ഓര്‍ത്തില്ല. ഏറനാടു വാണ മാനവിക്രമന്റെ പേരോ 'പൂന്തുറക്കോന്‍' എന്ന ബിരുദമോ അവര്‍ക്ക് വായിച്ചെടുക്കാനായില്ല. ഒരുപക്ഷേ, തിരുവനന്തപുരത്തിനു തെക്കുള്ള പൂന്തുറയില്‍ നടന്ന യുദ്ധത്തിലാവാം ഏറാടികള്‍ വീരപരാക്രമംകൊണ്ട് പെരുമാളെ പ്രീതിപ്പെടുത്തി ആ ബിരുദം സമ്പാദിച്ചത്.

അവസാനത്തെ പെരുമാളാണ് രാമര്‍ തിരുവടി എന്ന ബോധം തിരുവിതാംകൂര്‍ എഡിറ്റര്‍മാര്‍ക്കുണ്ടായിരുന്നില്ല. ഏറനാട്ടിലെ മാനവിക്രമന്റെ പേരും പൂന്തുറക്കോന്‍ എന്ന ബിരുദവും തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഒറ്റയടിക്കുതന്നെ കേരളോല്‍പ്പത്തിയിലും കോവിലകം ഗ്രന്ഥവരികളിലും ചേരചോള യുദ്ധത്തെപ്പറ്റിയും ഒടുക്കത്തെ പെരുമാളുടെ മതംമാറ്റത്തെപ്പറ്റിയും രാജ്യവിഭാഗത്തെപ്പറ്റിയും കോഴിക്കോട് നഗരസ്ഥാപനം, രാജ്യസ്ഥാപനം എന്നിവയെപ്പറ്റിയും പറയുന്നത് വിശ്വസനീയമായ ചരിത്രമാണെന്ന് അന്നേ കാണാമായിരുന്നു. പിന്നീട് പ്രൊഫസര്‍ ഇളംകുളം പെരുമാളെ തിരിച്ചറിഞ്ഞെങ്കിലും ആദ്യത്തെ സാമൂതിരിപ്പാടിന്റെ പേരോ ബിരുദമോ വീണ്ടെടുക്കാന്‍ കഴിയാതെപോയി. അതിനു കാരണം അദ്ദേഹം അച്ചടിച്ച പുരാലേഖ്യപഠനങ്ങളെ മാത്രം ആശ്രയിച്ചതായിരുന്നു. മറ്റുപല പുരാലേഖ്യങ്ങളുടെ കാര്യത്തിലെന്നപോലെ ഇക്കാര്യത്തിലും സ്ഥലത്തുപോയി നേരിട്ടു പരിശോധിച്ചതുകൊണ്ട് കൂടുതല്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ എനിക്കവസരം കിട്ടി.

ആദ്യത്തെ സാമൂതിരിപ്പാടിനെപ്പറ്റി നമുക്കു ലഭിച്ചിട്ടുള്ള ഒരേയൊരു സമകാലിക പ്രമാണമാണ് കൊല്ലത്തെ രാമേശ്വരം ക്ഷേത്രശാസനം. അതുകൊണ്ടുതന്നെ കേരളചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രമാണങ്ങളില്‍ ഒന്നാണിത്. അതിനപ്പുറത്ത് പെരുമാളുടെ മതംമാറ്റം, നാടുകളുടെ സ്വാതന്ത്ര്യം, കോഴിക്കോട് പട്ടണത്തിന്റെയും നാടിന്റെയും സ്ഥാപനം, ഇസ്‌ലാമിന്റെ വരവ്, പള്ളികളുടെയും അങ്ങാടികളുടെയും ഉദ്ഭവം, നാടുവാഴിവ്യവസ്ഥയുടെ വളര്‍ച്ച തുടങ്ങി പല വിഷയങ്ങളെപ്പറ്റിയും വ്യക്തമായി, കൂടുതല്‍ ആത്മവിശ്വാസത്തോടെ, ചര്‍ച്ച ചെയ്യാന്‍ ഇത് വഴിയൊരുക്കുന്നു.

ചേരമാന്‍ പെരുമാക്കളുടെ മൂന്നു നൂറ്റാണ്ടുകള്‍ കഴിഞ്ഞാണല്ലോ നാടുവാഴിത്തമ്പുരാക്കളുടെ സുവര്‍ണകാലം ആരംഭിക്കുന്നത്. ഈ നാടുവാഴികളെല്ലാം പെരുമാളുടെ കീഴില്‍ സാമന്തരായിരുന്നു. ഒരു മേല്‍ക്കോയ്മ മാത്രമാണ് പെരുമാള്‍ക്കുണ്ടായിരുന്നത്. ദൈനംദിന ഭരണം നാടുവാഴികളും അവരുടെ അകമ്പടിക്കാരായ നൂറുനൂറു നായന്മാരും വാഴ്‌ക്കൈവാഴികളും കുടിപ്പതികളും ബ്രാഹ്മണഗ്രാമങ്ങളിലെ ഊരാളന്മാരും വ്യാപാരികളായി വന്നുകൂടിയ നസ്രാണി-യഹൂദ-മുസ്‌ലിം സംഘങ്ങളും സഹകരിച്ചാണ് നടത്തിപ്പോന്നത്. ഓരോ കൂട്ടരുടെയും അധികാരമേഖലകളും പ്രവര്‍ത്തനമണ്ഡലങ്ങളും കാലക്രമത്തില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിരുന്നു. പന്ത്രണ്ടാംനൂറ്റാണ്ടില്‍ പെരുമാള്‍ വാഴ്ച നിലച്ചതോടെ ഉയര്‍ന്നുവന്ന പുതിയ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ പുതിയ മത്സരങ്ങളും യുദ്ധങ്ങളും അരങ്ങേറിയെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ പെട്ടെന്നുണ്ടായില്ല. ആളുകള്‍ ചിലപ്പോള്‍ മാറിയെങ്കിലും ഭരണവ്യവസ്ഥകളില്‍ തുടര്‍ച്ചയാണ് കാണപ്പെടുന്നത്.

ഒടുക്കത്തെ പെരുമാളുടെ മതംമാറ്റം ഒരു വ്യക്തിയുടെ മനസ്സുമാറ്റം മാത്രമായിരുന്നില്ല. മുപ്പത്തിരണ്ട് മൂലഗ്രാമങ്ങളിലും അവയുടെ ഉപഗ്രാമങ്ങളിലും സംഘടിതരായി കുടിയേറിപ്പാര്‍ത്ത ആര്യബ്രാഹ്മണര്‍ക്ക് ഇന്ത്യയില്‍ എല്ലാ ഭാഗത്തും അവര്‍ പയറ്റിയ അധികാരതന്ത്രങ്ങള്‍ കൂടുതല്‍ സമഗ്രമായും ഫലപ്രദമായും കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നു. മൂന്നോ നാലോ നൂറ്റാണ്ടുകള്‍ക്കിടയില്‍ അവര്‍ സ്ഥാപിച്ച വൈഷ്ണവ-ശൈവക്ഷേത്രങ്ങള്‍ വലിയ സാമൂഹികകേന്ദ്രങ്ങളായി വളര്‍ന്നു. തൊഴിലടിസ്ഥാനത്തില്‍ പല ജാതികള്‍ രൂപംകൊണ്ട കേരളത്തില്‍ ക്ഷേത്രങ്ങള്‍ക്കു ചുറ്റും ഉത്തരേന്ത്യയിലെ ചാതുര്‍വണ്യസമ്പ്രദായത്തെ അനുകരിച്ച് ശൃംഖലാബദ്ധമായ സമൂഹം സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചു. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമെന്നപോലെ വൈദികരുടെ ഉച്ചനീചത്വസങ്കല്പങ്ങളെ ധിക്കരിച്ച ജൈന-ബൗദ്ധ സംഘങ്ങള്‍ കേരളത്തില്‍ വേരൂന്നിയിരുന്നില്ല. തൃക്കുന്നപ്പുഴയ്ക്കടുത്ത് ഈഴത്തുനിന്നുവന്ന ബൗദ്ധസംഘക്കാര്‍ സ്ഥാപിച്ച ശ്രീമൂലവാസം എന്ന ഒരു വിഹാരവും തൃക്കണാമതിലകത്ത് ഏതാണ്ട് അതേകാലത്ത്, ക്രിസ്തു എട്ടാംനൂറ്റാണ്ടോടുകൂടി, ആരംഭിച്ച ജൈനക്കോട്ടവും പശ്ചിമഘട്ടങ്ങള്‍ക്കപ്പുറത്തുനിന്ന് കേരളത്തിലേക്കുള്ള വാണിജ്യമാര്‍ഗങ്ങളില്‍ അഞ്ചാറു ചെറിയ കോട്ടങ്ങളും മാത്രമേ ബ്രാഹ്മണാധികാരത്തിനു പുറത്തുണ്ടായിരുന്നുള്ളൂ. അവയ്ക്കും വിദേശങ്ങളില്‍നിന്നെത്തിയ ക്രൈസ്തവ-യഹൂദ-മുസ്‌ലിം വ്യാപാരി സംഘങ്ങള്‍ക്കും നിലനില്പിനു തന്നെ പെരുമാളെയും ആര്യബ്രാഹ്മണരെയും ആശ്രയിക്കേണ്ടിവന്നു.

മരുമക്കത്തായം പിന്തുടര്‍ന്ന സമുദായങ്ങളില്‍ ബ്രാഹ്മണരുടെ സംബന്ധം ആര്യ ദ്രാവിഡ വര്‍ഗങ്ങളുടെ പരസ്പരബന്ധങ്ങളില്‍ പുതിയൊരധ്യായമാണ് സൃഷ്ടിച്ചത്. ക്രമേണ നാടുവാഴികളും പ്രഭുക്കളുമെല്ലാം ബ്രാഹ്മണ സന്തതികളായി. ഊരാളബ്രാഹ്മണരുടെ കൈവശമുള്ള ദേവസ്വം, ബ്രഹ്മസ്വം ഭൂമികളെല്ലാം കാരാണ്മയായി കൊടുത്തത് ബ്രാഹ്മണസംബന്ധമുള്ള തറവാട്ടുകാര്‍ക്കായിരുന്നു. ഈ സാമ്പത്തികവ്യവസ്ഥയിലൂടെ ആര്യബ്രാഹ്മണരുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേധാവിത്വം ഇവിടെ പൂര്‍ണമായി. ആള്‍വനാര്‍-നായനാര്‍ നേതൃത്വത്തിലുള്ള ക്ഷേത്രകേന്ദ്രിതമായ ഭക്തിപ്രസ്ഥാനംകൂടി ആയപ്പോള്‍ കേരളത്തിന്റെ ബ്രാഹ്മണവിധേയത്വത്തിനു ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ കടുപ്പം കൂടി.

പെരുമാള്‍ ഏതാണ്ടൊരു പാവ മാത്രമായി. മുപ്പത്തിരണ്ടു മൂലഗ്രാമങ്ങളുടെ നേതൃത്വമുള്ള നാലുഗ്രാമങ്ങള്‍ - തിരുമൂഴിക്കളം, ഐരാണിക്കളം, പറവൂര്‍, ഇരിഞ്ഞാലക്കുട-മഹോദയപുര എന്ന കേരള തലസ്ഥാനത്തിനു ചുറ്റും വിന്യസിക്കപ്പെട്ടിരുന്നു. അവയുടെ നേതാക്കള്‍ തലസ്ഥാനത്ത് ഓരോ ക്ഷേത്രങ്ങളുടെ ഊരാളരായിരുന്നു. അവരാണ് നാലുതളി എന്ന പേരില്‍ സ്ഥിരമായി പെരുമാളുടെ മന്ത്രിസ്ഥാനം വഹിച്ചത്. ഒടുക്കത്തെ പെരുമാളെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കുവാന്‍ മാത്രം അവരുടെ അധികാരം ശക്തിപ്പെട്ടിരുന്നു. ആ മാന്ത്രികവലയമാണ് മതംമാറ്റത്തിലൂടെ രാമകുലശേഖരന്‍ ഭേദിച്ചത്.

പുതിയൊരു മതത്തിന്റെ, സംസ്‌കാരത്തിന്റെ, കേരളത്തിലെ അരങ്ങേറ്റമാണ് ആ കൃത്യത്തിലൂടെ സംഭവിച്ചത്. ആ പെരുമാളുടെ സ്‌നേഹിതന്മാര്‍ സാമന്തരില്‍ മുഖ്യനായ മാനവിക്രമന്റേയും സ്‌നേഹിതരായിത്തീര്‍ന്നു- ആ മാനവിക്രമവംശക്കാരുടെ സഹായത്തോടെയാണ് അറബിവ്യാപാരികളുടെയും അവരുടെ സന്തതികളായ മാപ്പിള മുസ്‌ലിങ്ങളുടെയും സാന്നിധ്യം കേരളത്തില്‍ വളര്‍ന്നത്. ഒരു നല്ല തുറമുഖത്തോടുകൂടിയ പുതിയ കോഴിക്കോട് രാജ്യം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തോടെ കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മാപ്പിളകേന്ദ്രമായി രൂപമെടുത്തു.

പൊര്‍ളാതിരിയെ ചതിച്ചു തോല്പിച്ചോടിച്ച ശേഷം അദ്ദേഹത്തിന്റെ കാര്യക്കാരെയും കെട്ടിലമ്മയെയും അകടമ്പടിക്കാരെയും സ്ഥാനമാനങ്ങളിലൂടെ സ്വന്തമാക്കിയ സാമൂതിരിപ്പാടന്മാര്‍ മൂന്നുമൂന്നര നൂറ്റാണ്ടുകാലത്തോളം അജാതശത്രുക്കളായിത്തന്നെ ഒന്നു വിലസിയെന്നു പറയാം. കടല്‍ത്തീരത്തെ മറ്റു രാജാക്കളെക്കാള്‍ താരതമ്യേന സത്യസന്ധരെന്ന ഖ്യാതിയും അവര്‍ സമ്പാദിച്ചു. കോഴിക്കോട്ടെ പുതിയ തുറമുഖത്തിന് സത്യത്തിന്റെ തുറമുഖമെന്ന് പേരുമുണ്ടായി. അക്കാലത്തും പ്രചാരവേലയ്ക്കും പരസ്യത്തിനും രാഷ്ട്രീയത്തില്‍ സ്ഥാനമുണ്ടായിരുന്നു എന്നുവേണം വിചാരിക്കാന്‍. കോഴിക്കോട്ടെ കാര്യസ്ഥന്മാര്‍ അത്രമാത്രം ഭാവനാസമ്പന്നരായ കഥാകൃത്തുക്കളായിരിക്കാം. കാലക്രമത്തില്‍ മാനവിക്രമന്മാരുടെ ചതിയും കൈക്കൂലിയുമൊക്കെ ജനമനസ്സുകളില്‍നിന്ന് മായുകയും 'അച്ചാറു നിറച്ച' സ്വര്‍ണഭരണികളുടെ അറബിക്കഥ പ്രചുരപ്രചാരം നേടുകയും ചെയ്തു. അഥവാ ജന മനഃശാസ്ത്രം എന്നുമിങ്ങനെയൊക്കെത്തന്നെ ആണെന്നാണോ വിശ്വസിക്കേണ്ടത്?

ദാനമായിക്കിട്ടിയ കോഴിക്കോടും ചുള്ളിക്കാടുമെന്ന വിജനമേഖലയില്‍ മാനവിക്രമന്മാര്‍ വേളാപുരം (വെള്ളയില്‍?) കോട്ട കെട്ടി അറയും തറയും അടക്കിവാഴാന്‍ തുടങ്ങിയെന്നാണ് കേരളോല്‍പ്പത്തിയില്‍ പറയുന്നത്. ഏതാണ്ടതുപോലെ കോവിലകം ഗ്രന്ഥവരിയിലും ഉണ്ട്.

പരശുരാമന്റെ മഴുക്കഥ, മഹാബലിയുടെ സോഷ്യലിസക്കഥ, സെന്റ് തോമസിന്റെ കേരള സന്ദര്‍ശനകഥ, ചേരമാന്‍ പെരുമാളുടെ നബിസന്ദര്‍ശനകഥ തുടങ്ങി ഒട്ടേറെ മിത്തുകളുടെ (കള്ളക്കഥകളുടെ) സമാഹാരമായിട്ടാണല്ലോ കേരളചരിത്രം ഇപ്പോഴും നിലനില്ക്കുന്നത്. ബുദ്ധിപരമായും സാംസ്‌കാരികമായും വളര്‍ച്ചയെത്താത്ത ജനതയുടെ ചരിത്രം എന്നും വസ്തുതകളെക്കാള്‍ കെട്ടുകഥകളെ താലോലിക്കുന്നു. ഇന്നും അത്തരം കഥകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വ്യവസായമില്ലാതെയുള്ള കേരളത്തിന്റെ അദ്ഭുതവികസനമാതൃക, മാഫിയാ നേതൃത്വത്തില്‍ നടക്കുന്ന സമത്വസുന്ദരമായ ഭൂവിതരണം....അങ്ങനെ അവ നീണ്ടുപോകുന്നു.

ഏതെല്ലാം വഴികളിലൂടെ ആയാലും പന്ത്രണ്ടാംനൂറ്റാണ്ടിന്റെ അവസാനത്തോടെ മാനവിക്രമന്മാര്‍ ശക്തരായിത്തീര്‍ന്നു. ശക്തിപൂജകരായ മലയാളികള്‍ അവരെ അഭിനന്ദിച്ചാദരിച്ചു.
സ്ത്രിയാഃ കാമിത കാമിന്യോ
ലോകഃ പൂജിത പൂജകഃ
എന്നാണ് പതിരില്ലാത്ത പഴഞ്ചൊല്ലില്‍ പറയുന്നത്. ഏറനാട്ടു മുപ്പതിനായിരവും കോഴിക്കോട്ട് പതിനായിരവും ചേര്‍ന്ന ഏറാടിമാരുടെ നായര്‍പട മാപ്പിളമാരുടെ സഹായത്തോടെ കരയില്‍ പടിഞ്ഞാട്ട് പാലക്കാട്ട് ചുരംവരെയും വടക്കോട്ട് കോലത്തിരിയുടെ അതിരായ കോരപ്പുഴ (കോലപ്പുഴ?) വരെയും തെക്കോട്ടു ചാവക്കാട്-ഗുരുവായൂര്‍ പ്രദേശങ്ങള്‍ വരെയും എല്ലാ നാടുവാഴികളും അവര്‍ക്കു വഴങ്ങി കപ്പംകൊടുക്കുന്ന സമ്പ്രദായം തുടങ്ങി. പരപ്പുനാട് (ബേപ്പൂര്‍), വെട്ടത്തുനാട്, തിരുമനശ്ശേരിനാട്-ഓരോന്നായി അടങ്ങി. അധികം യുദ്ധമൊന്നുംവേണ്ടിവന്നില്ല വള്ളുവനാട്ടില്‍ മാത്രം അസാധാരണമായവിധം രണ്ടു രാജകുടുംബങ്ങള്‍ മരിക്കാനിട വന്നു. അതിന്റെ ഫലമായുണ്ടായ കുടിപ്പകയാണ് മുന്നൂറോളം വര്‍ഷം നീണ്ടുനിന്ന ചാവേറുപടയുടെ രംഗപ്രവേശത്താല്‍ ഓരോ തവണയും മാമാങ്കോത്സവം അലങ്കോലപ്പെടുത്തിയത്. അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നു പറയാമെങ്കിലും രക്തദാഹികളായ ജനലക്ഷങ്ങള്‍ പൗരാണികലോകത്തിലെ റോമന്‍ ആംഫി തിയേറ്ററില്‍ അരങ്ങേറിയ നരബലികളെപ്പോലെ അതൊരു ആഘോഷക്കാഴ്ചയായി അനുഭവപ്പെട്ടിരിക്കണം!

പതിനാറാംനൂറ്റാണ്ടില്‍ അറബിക്കടലില്‍ പറങ്കികളുടെ വെല്ലുവിളി ഉയര്‍ന്നപ്പോഴും സാമൂതിരിക്കു ഭാഗ്യവശാല്‍ കുഞ്ഞാലിമരയ്ക്കാന്മാരുടെ കൂട്ടുകെട്ടു തുണയായിവന്നു. അവരുമായി പിണങ്ങി പറങ്കികളുടെ ആശ്രിതത്വം സ്വീകരിച്ചശേഷം അങ്ങനെ തുടര്‍ച്ചയായ മുന്നേറ്റത്തിനു ഭംഗം സംഭവിച്ചു. പിന്നെ 1766-ല്‍ മൈസൂരിലെ ഹൈദരലിയുടെ ആക്രമണത്തോടെ കോഴിക്കോടിന്റെ അധഃപതനവും ആരംഭിച്ചു. പിന്നീടൊരിക്കലും ആ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കാലഗതിയില്‍ ഒരിക്കല്‍ എല്ലാസാഹചര്യങ്ങളും അനുകൂലമായി പരിണമിക്കുമെങ്കില്‍ കാറ്റുമാറി വീശുമ്പോള്‍ എല്ലാം ദുരന്തമായിത്തീരുന്നു.

പൂന്തുറക്കോന്‍ കല്ലിക്കാട്ടെ പട്ടണവും കോട്ടയും കെട്ടിപ്പടുക്കുക മാത്രമല്ല ചെയ്തത്. അദ്ദേഹത്തിന്റെ ഭരണാധികാരം അനുനിമിഷം വര്‍ധിച്ചുകൊണ്ടിരുന്നു. ആ രാജവംശത്തിനു പന്ത്രണ്ടാംനൂറ്റാണ്ടു തുടങ്ങി വെച്ചടി വെച്ചടി കയറ്റമായിരുന്നു. പുതിയ തുറമുഖമുണ്ടായപ്പോള്‍ ചക്കയ്ക്കു ചുറ്റും ഈച്ചകളെന്നപോലെ വരുന്ന വ്യാപാരികള്‍ - കിഴക്കന്‍ കരയിലെ ചെട്ടികള്‍, അറബിരാജ്യങ്ങളിലെ മുസ്‌ലിം വ്യാപാരികള്‍, വടക്കുനിന്നുള്ള ഗുജറാത്തി മാര്‍വാഡി സംഘങ്ങള്‍, പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകള്‍ പൂന്തുറക്കോന് വെട്ടിപ്പിടിത്തത്തിന്റെയെന്നപോലെ കൂട്ടിപ്പിടിത്തത്തിന്റെയും കാലമായിരുന്നു. വന്നവരെല്ലാം കോഴിക്കോട്ട് സങ്കേതമുറപ്പിച്ചു. ആദ്യം വ്യാപാരികള്‍, പിന്നെ പലതരം തൊഴിലുകളും സേവനങ്ങളും കൊണ്ടുനടന്നവര്‍-ചാലിയന്മാര്‍, ചെമ്പോട്ടികള്‍, തട്ടാന്മാര്‍, കല്‍പ്പണിക്കാര്‍ മുതലായി പലരും നഗരത്തില്‍ ഓരോ മൂലയില്‍ കുടിയേറിപ്പാര്‍ത്തുതുടങ്ങി. ഒടുവില്‍ അങ്ങു കിഴക്കുനിന്നുള്ള ചീനക്കാരുമെത്തി. ചെങ്‌ഹോ എന്ന കപ്പിത്താന്റെ നേതൃത്വത്തില്‍ ഒരു കപ്പല്‍ക്കൂട്ടംതന്നെയാണ് ചൈനീസ് ചക്രവര്‍ത്തി പറഞ്ഞയച്ചത്. അക്കൂട്ടത്തില്‍ വന്ന മാഹ്വാന്‍ എന്ന കപ്പിത്താന്‍ ചൈനപ്പടയുടെ സന്ദര്‍ശനത്തെപ്പറ്റി വിസ്തരിച്ചെഴുതിയിട്ടുണ്ട്.

മങ്ങാട്ടച്ചനെപ്പോലെ രാജാവിനെക്കാള്‍ വ്യക്തിത്വമുള്ള കാര്യസ്ഥന്മാര്‍, കോഴിക്കോട്ട് കോയയെപ്പോലെ വിശ്വസ്തരായ സേവകന്മാര്‍, മാമാങ്കോത്സവത്തിന്റെ അധ്യക്ഷസ്ഥാനത്തിലൂടെ സിംബോളിക്കായ കേരളാധിപത്യം, എല്ലാം ഒത്തുവരുന്നു. ഒടുവിലത്തെ പെരുമാള്‍, മക്കത്തുപോയ മുതല്‍ വാസ്‌കോഡ ഗാമ കോഴിക്കോട്ടിറങ്ങുംവരെയുള്ള കാലഘട്ടം കോഴിക്കോട്ടിന്റെ ശുക്രദശയായിരുന്നു.

ചിലപ്പോഴെങ്കിലും ആപത്തുകള്‍ അനുഗ്രഹമായി മാറുന്ന കാഴ്ചയും കാണാം. തളിക്ഷേത്രത്തിലെ ഊരാളന്മാരായ മൂസ്സതുമാരുടെ ചെറുത്തുനില്പിനിടയില്‍ ഒന്നുരണ്ടു പേര്‍ മരിക്കാന്‍ ഇടവന്നു. അതുകാരണമാണ് രാജകുടുംബത്തില്‍ സന്താനമില്ലാതെ വന്നതെന്ന ധാരണയുമുണ്ടായി. കോല്‍ക്കുന്നത്തു ശിവാങ്കള്‍ എന്ന യോഗിവര്യന്റെ ഉപദേശപ്രകാരം പ്രായശ്ചിത്തമായി രേവതി പട്ടത്താനം തുടങ്ങി - വിദ്വാന്മാരെ വിളിച്ചുവരുത്തി മത്സരത്തില്‍ ജയിച്ചവര്‍ക്ക് ഭട്ടസ്ഥാനം കൊടുക്കാനാണ് നിശ്ചയിച്ചത്. ആ പതിവ് അല്പകാലത്തിനിടയില്‍ കോഴിക്കോട്ടു തളിയെ ഒരു ക്ഷേത്രവിദ്യാലയമാക്കിയെന്നു പറയാം. തമിഴ്‌നാട്ടില്‍നിന്നുള്ള ഉദ്ദണ്ഡശാസ്ത്രികള്‍ അടക്കം അനേകം പണ്ഡിതന്മാര്‍ വ്യത്യസ്ത മേഖലകളില്‍ തങ്ങള്‍ക്കുള്ള വിജ്ഞാനം പ്രകടിപ്പിക്കാന്‍ അതൊരു വേദിയായി സ്വീകരിച്ചു. അതുപോലെത്തന്നെ ഒരിക്കല്‍ ചെന്നാസ് നമ്പൂതിരിയോട് അപ്രിയം തോന്നി ശിക്ഷയായി ഒരു ഗ്രന്ഥം രചിക്കാന്‍ സാമൂതിരിപ്പാട് ആവശ്യപ്പെട്ടു. തത്ഫലമായുണ്ടായ തന്ത്രസമുച്ചയം എന്ന ഗ്രന്ഥം അന്നുമുതല്‍ കേരളത്തിലെ വാസ്തുശില്പങ്ങള്‍ക്കെല്ലാം ആധാരമായിത്തീര്‍ന്നു. സാമൂതിരിപ്പാട് തൊട്ടതൊക്കെ പൊന്നായിമാറുന്ന കാലത്തിന്റെ കഥകളാണ് അവിടെ നാം കാണുന്നത്. കൊച്ചിക്കെതിരായ സൈനികനീക്കങ്ങള്‍ക്കിടയില്‍ കുറേക്കാലം ഗുരുവായൂര്‍ പ്രദേശത്ത് സാമൂതിരിയും ആള്‍ക്കാരും തങ്ങാന്‍ ഇടവന്നു. അക്കാലത്താണ് അതുവരെ അപ്രശസ്തമായിരുന്ന ഒരു സാധാരണ വിഷ്ണുക്ഷേത്രം സാമൂതിരിപ്പാടിന്റെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിത്തീര്‍ന്നത്.

കോകസന്ദേശത്തില്‍ (പതിനഞ്ചാം നൂറ്റാണ്ട്) 'കുരവയൂരെന്നു പേരാം പ്രദേശം' എന്നു മാത്രം പരാമര്‍ശിക്കപ്പെട്ട സ്ഥലത്ത് ഒരു വലിയ ക്ഷേത്രം പണികഴിപ്പിച്ചു. അവിടേക്ക് ഭക്തപ്രവാഹമുണ്ടായി. മേല്പത്തൂരിന്റെ രോഗശാന്തിക്കിടയാക്കിയ നാരായണീയവും പൂന്തേനാം പല കാവ്യം കണ്ണന് നിവേദിച്ച പൂന്താനത്തിന്റെ ജ്ഞാനപ്പാനയും കുറൂരമ്മയുടെ ഭക്തിയും എല്ലാം ചേര്‍ന്ന് കുരുവയൂരിനെ സ്ഥലമാഹാത്മ്യനിര്‍മാതാക്കളുടെ 'ഗുരുവായൂരാ'ക്കി മാറ്റി. പ്രളയകഥയും ഗുരുവിന്റെയും വായുവിന്റെയും അനുഗ്രഹവും ആ ക്ഷേത്രത്തിനു ലോകപ്രസിദ്ധിയാര്‍ജിച്ചു കൊടുത്തു. മധ്യകാല ശില്പകലയുടെ അടയാളമായ ആനപ്പള്ള മതിലുകളും തങ്കത്താഴികക്കുടങ്ങളും കൊണ്ടലംകൃതമായ ക്ഷേത്രം കോഴിക്കോട്ടു തളിക്ഷേത്രത്തെപ്പോലെയും പൊന്നാനി തൃക്കാവില്‍ ക്ഷേത്രത്തെപ്പോലെയും ഒരുപക്ഷേ, അവയെക്കാളേറെ സാമൂതിരിയുടെ വിജയവൈജയന്തികയായി കാലാതിവര്‍ത്തിയായി നിലനില്ക്കുന്നു.

എന്തുകൊണ്ടാണ് അതുവരെ ചരിത്രത്തില്‍ ഇല്ലാതിരുന്ന, ഒന്നുമല്ലാതിരുന്ന കോഴിക്കോട് അത്ര പെട്ടെന്ന് വലുതായത്? മുന്‍കാലങ്ങളില്‍ പ്രശസ്തമായ മുചിരി (മുസിരിസ് -കൊടുങ്ങല്ലൂര്‍)യും തൊണ്ടിയും കൊല്ലവും വിഴിഞ്ഞവും എല്ലാം പിന്നിലായിപ്പോയത്? പരിഷ്‌കൃതലോകത്തിന്റെ പടിഞ്ഞാറേയറ്റത്ത് പറങ്കിനാട്ടിലും കിഴക്കേയറ്റത്ത് ചൈനാരാജ്യത്തും അറിയപ്പെടാനും അവിടന്നെല്ലാം വ്യാപാരികള്‍ അതിദൂരം കപ്പല്‍യാത്ര ചെയ്ത് കോഴിക്കോട്ടങ്ങാടിയില്‍ താവളമുറപ്പിക്കാനും കാരണമായ ഘടകങ്ങള്‍ എന്തൊക്കെയാണ്? പഴയ കാലത്തെ ഭൂമിശാസ്ത്രവും ധനശാസ്ത്രവും പഠിക്കുമ്പോള്‍ ചരിത്രത്തിലെ ഈ അദ്ഭുത പ്രതിഭാസം ഒരളവോളം വ്യാഖ്യാനിക്കാന്‍ കഴിയും.

പ്രാചീനലോകത്തെ വ്യാപാരശൃംഖലയില്‍ ബന്ധിച്ചിരുന്നത് കടലില്‍ കാറ്റത്തോടിയ പായക്കപ്പലുകളും കരയില്‍ മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെട്ട ഒട്ടകവ്യൂഹങ്ങളുമാണ്. അക്കൂട്ടത്തില്‍ അറബിക്കടലിനെ സംബന്ധിച്ചിടത്തോളം പ്രകൃതി ഏര്‍പ്പെടുത്തിയ ചില പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന്-ഈജിപ്ത്, പേര്‍ഷ്യ, അറേബ്യ- കേരളക്കരയിലേക്ക് ഒരു സൗജന്യയാത്രയാണ് ഇതില്‍ പ്രധാനം. കേവലം നാല്പതു നാളുകള്‍ക്കുള്ളില്‍ തുഴച്ചില്‍കാരുടെ സഹായമില്ലാതെ പല തുറമുഖങ്ങളില്‍ ചെന്നുമുട്ടി, കടല്‍ക്കൊള്ളക്കാരുടെ അക്രമം നേരിടാതെ, കേരളക്കരയിലെത്താം, കാലവര്‍ഷക്കാറ്റിനോടൊപ്പം കപ്പലിന്റെ പായ നിവര്‍ത്തിയാല്‍. എന്നുമല്ല, മൂന്നോ നാലോ മാസം കഴിഞ്ഞ് അതേ കാറ്റിന്റെ സഹായത്തോടെ തിരിച്ചെത്തുകയും ചെയ്യാം. അക്കാലത്തിനുള്ളില്‍ ഉള്‍നാട്ടില്‍നിന്ന് മലഞ്ചരക്കുകള്‍ ശേഖരിക്കാം.

കേരളത്തിനു കുരുമുളകിന്റെ അന്താരാഷ്ട്രകുത്തകയുണ്ടായിരുന്നതിനു പുറമേ ഇഞ്ചി, തേക്ക്, ചന്ദനം തുടങ്ങി ഒരുപാട് സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാടുകളുമുണ്ടായിരുന്നു. അന്യരാജ്യക്കാര്‍ക്ക് ഇവിടത്തെ മയിലുകളും തത്തകളും കുരങ്ങുകള്‍പോലും കൗതുകവസ്തുക്കളായിരുന്നു. പശ്ചിമേഷ്യയിലും യൂറോപ്പിലും അതൊന്നുമില്ലല്ലോ. അതുകൊണ്ട് ഈ ഉല്പന്നങ്ങള്‍ക്കെല്ലാം ഗ്രീസിലും റോമിലും അറേബ്യയിലും പേര്‍ഷ്യയിലും വലിയ ഡിമാന്റായിരുന്നു.

പക്ഷേ, ഒരു ചെറിയ കുരുക്കുണ്ട്. പായക്കപ്പലുകള്‍ കരയില്‍നിന്ന് അഞ്ചാറു നാഴിക ദൂരെ നങ്കൂരമിട്ട് നിന്ന് ചെറുതോണികള്‍വഴി കയറ്റിറക്കുപണികള്‍ നടത്തുന്നതുകൊണ്ട് പ്രത്യേകിച്ച് തുറമുഖസൗകര്യങ്ങള്‍ ഒന്നും ആവശ്യമില്ലെങ്കിലും കാറ്റും കോളുമുള്ള മഴക്കാലത്ത് കപ്പലുകള്‍ പുറങ്കടലില്‍ നിര്‍ത്തിക്കൂടാ. തിരയടിച്ച് അവ പൊളിഞ്ഞു പോകാതിരിക്കാന്‍ ഏതെങ്കിലും പുഴയുടെ അഴിമുഖത്തുകൂടി അകത്തു കയറ്റി അഞ്ചോ പത്തോ നാഴിക ഉള്ളിലെത്തി മഴ കഴിയുംവരെ അവിടെത്തങ്ങണം. പുഴയ്ക്കു പകരം കായലായാലും മതി. ചെറിയ ഒരുള്‍ക്കടലെങ്കിലും ഉണ്ടാവണം. ആ സൗകര്യമാണ് വിഴിഞ്ഞം.കൊല്ലം, മുചിരി എന്ന കൊടുങ്ങല്ലൂര്‍, തൊണ്ടി, പന്തര്‍ എന്നീ സ്ഥലങ്ങളെ കടല്‍ വ്യാപാരികളുടെ താവളമാക്കി മാറ്റിയത്.

എന്നാല്‍, മറ്റൊരു സൗകര്യംകൂടി അത്യാവശ്യമായിരുന്നു. പ്രകൃതിവിഭവത്തിനു പുറമേ മനുഷ്യവിഭവത്തിന്റെ സാന്നിധ്യമാണ് വേണ്ടിയിരുന്നത്. മലഞ്ചരക്കുകള്‍ ശേഖരിക്കാനും ശേഖരിച്ചവയെ മൂന്നാലുമാസത്തേക്ക് സംരക്ഷിക്കാനും വിശ്വസിക്കാവുന്ന, സത്യസന്ധരായ ആളുകളുടെ സഹായം ഉറപ്പിക്കത്തക്കവിധത്തില്‍ മൂപ്പന്മാരുടെയോ നാടുവാഴികളുടെയോ സ്ഥിരമായ സഖ്യംകൂടി വേണം. വ്യാപാരികള്‍ക്ക് ഈ നാടുവാഴികളെയും നാടുവാഴികള്‍ക്ക് വ്യാപാരികളെയും ആശ്രയിച്ചേ മതിയാവൂ. അങ്ങനെ ഒരു പരസ്പരാശ്രയബന്ധം (ട്യായശീശെ)െ വളര്‍ന്നുവന്നിടങ്ങളിലാണ് കച്ചവടം തഴച്ചത്. പശ്ചിമഘട്ടങ്ങള്‍ക്കപ്പുറത്ത് ഉള്‍നാട്ടില്‍ തലസ്ഥാനപുരികളുള്ള ചേരന്മാരും (കരുവൂര്‍) പാണ്ഡ്യന്മാരും (മധുരൈ) ഇക്കാര്യത്തില്‍ മിടുക്കന്മാരായിരുന്നു. അവരുടെ ശാഖകള്‍ കടല്‍ത്തീരത്തിലും സ്ഥാപിതമായി.

അങ്ങനെയാണ് ക്രിസ്തുവര്‍ഷം ആദിശതകങ്ങള്‍ തൊട്ട് ചില പ്രാചീനതുറമുഖങ്ങള്‍ പ്രസിദ്ധിയാര്‍ജിച്ചത്. മേല്പറഞ്ഞ സൗകര്യങ്ങള്‍ അവിടെ ഒത്തുകൂടി. സംഘത്തമിഴ് കാവ്യങ്ങളില്‍ അവയുടെ വിവരണം കാണാം. ക്രിസ്തു ഒന്‍പതാംശതകത്തിലെ (849-എ.ഡി) തരിസാപ്പളളി ചെമ്പോലയില്‍ മാര്‍ സാപിര്‍ ഈശോയുടെ നേതൃത്വത്തിലുള്ള സിറിയന്‍ ക്രിസ്ത്യാനികള്‍ക്ക് പള്ളി പണിയാന്‍ വേണാട്ടിലെ അയ്യനടികള്‍ അനുവാദം കൊടുക്കുന്നു - സാക്ഷികളായി പത്ത് യഹൂദരും പത്ത് സിറിയന്‍ ക്രിസ്ത്യാനികളും പത്ത് അറബി മുസ്‌ലിങ്ങളും ഒപ്പിട്ടിരിക്കുന്നു. ക്രി.വര്‍ഷം പത്താംനൂറ്റാണ്ടിന്റെ അവസാനത്തില്‍ (1000 എ.ഡി) ഭാസ്‌കരരവിമനുകുലാദിത്യന്‍ എന്ന ചേരമാന്‍ പെരുമാള്‍ പലവിധം പ്രത്യേകാവകാശങ്ങളോടെ ഒരു പട്ടയം കൊടുക്കുന്നു. ജോസഫ് റബ്ബാന്‍ എന്ന യഹൂദവ്യാപാരിയാണ് അതേറ്റുവാങ്ങുന്നത്. അവിടെയും ക്രിസ്ത്യാനികളുടെ മണിഗ്രാമം എന്ന വ്യാപാരിസംഘത്തെ ജൂതന്മാരുടെ അഞ്ചുവണ്ണത്തോടൊപ്പം കാണാം.

പ്രവാചകനായ മുഹമ്മദ് നബിയുടെ കാലത്തോടെ, ക്രിസ്തുവര്‍ഷം ഏഴാംനൂറ്റാണ്ടിനുശേഷം മാത്രമാണ് അറബി മുസ്‌ലിങ്ങള്‍ വലിയ തോതില്‍ അറബിക്കടലില്‍ വ്യാപാരം തുടങ്ങുന്നത്. അപ്പോഴേക്ക് യഹൂദന്മാരുടെയും സിറിയന്‍ ക്രിസ്ത്യാനികളുടെയും സംഘങ്ങള്‍ തെക്കന്‍കേരളത്തിലെ വന്‍തുറമുഖങ്ങളില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞിരുന്നു. ഇക്കാരണത്താല്‍ പുതുതായി വന്ന അറബി മുസ്‌ലിങ്ങള്‍ മറ്റു തുറമുഖങ്ങള്‍ അന്വേഷിക്കേണ്ടിവന്നിരിക്കണം. മതംമാറിയ ഒടുക്കത്തെ ചേരമാന്‍ പെരുമാളുടെ (1089-1122എ.ഡി) മുഖ്യസാമന്തനായിരുന്ന മാനവിക്രമന്‍ ഏറാടി കോഴിക്കോടന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കി പുതിയകോട്ട കെട്ടി ഭരണമാരംഭിക്കുമ്പോള്‍ അറബിവ്യാപാരികള്‍ക്ക് ഒരു പുതിയ തുറമുഖവും പുതിയ സുഹൃത്തുമുണ്ടായി. രണ്ടുകൂട്ടരുടെയും ശുക്രദശ ഒപ്പം തുടങ്ങുന്നതങ്ങനെയാണ്.

ഇക്കാലമാവുമ്പോള്‍ പ്രവാചകനുശേഷമുള്ള നൂറ്റാണ്ടുകളിലെ നിരന്തരമായ മുന്നേറ്റത്തിലൂടെ അറബികള്‍ നാഗരികതയുടെ മുന്‍പന്തിയില്‍ എത്തിക്കഴിഞ്ഞിരുന്നു. കിഴക്കും പടിഞ്ഞാറുമുള്ള ശാസ്ത്രങ്ങളും സാങ്കേതികവിദ്യകളും അവര്‍ സ്വായത്തമാക്കി. മാത്രമല്ല, കിഴക്കിനും പടിഞ്ഞാറിനുമിടയില്‍ സംസ്‌കാരവിനിമയത്തിന്റെ മധ്യസ്ഥരായി അവര്‍ വളര്‍ന്നു. ഹിന്ദുസമുദ്രത്തിന്റെ ഈ ഭാഗം അറബിക്കടലായി. ഖിലാഫത്ത് സാമ്രാജ്യം ബാഗ്ദാദും കോണ്‍സ്റ്റാന്റിനോപ്പിളും കടന്ന് യൂറോപ്പിലൂടെ അറ്റ്‌ലാന്റിക് സമുദ്രംവരെയെത്തി. കിഴക്ക് അവരുടെ സൈന്യക്കപ്പലുകളും കച്ചവടക്കപ്പലുകളും ശ്രീലങ്കയിലും ബര്‍മയിലും പിന്നീട് ഇന്‍ഡോനീഷ്യയിലും ഒടുവില്‍ ചൈനയിലും എത്തിച്ചേര്‍ന്നു. ഇസ്‌ലാമികസമ്പര്‍ക്കമാണ് ചൈനയിലെ മിങ് സാമ്രാജ്യത്വത്തിന്റെ വ്യാപാരമോഹങ്ങളെ ഉണര്‍ത്തിയത്. ചെങ്‌ഹോ എന്ന മുസ്‌ലിം കപ്പിത്താന്റെ നേതൃത്വത്തില്‍ ഒരു വലിയ ചൈനീസ് കപ്പല്‍വ്യൂഹം നാല്പത്തൊന്ന് കപ്പലുകളോടെ തെക്കോട്ടും പടിഞ്ഞാട്ടും നീങ്ങി (1405-1433). ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമെത്തി കിഴക്കന്‍ ആഫ്രിക്കവരെ സാഹസയാത്ര നടത്തി. ഏഴു തവണയാണ് ഇതാവര്‍ത്തിക്കപ്പെട്ടത്. കോഴിക്കോടും അതില്‍ ഒരു താവളമായിരുന്നതായി അക്കൂട്ടത്തില്‍ ഉണ്ടായിരുന്ന മാഹ്വാന്റെ വിവരണത്തില്‍നിന്നറിയാം.

സ്‌പെയിന്‍ മുതല്‍ ചൈനവരെ നീണ്ടുകിടക്കുന്ന ഇസ്‌ലാമിക വ്യാപാരമേഖലയുടെ രണ്ടറ്റങ്ങളെയും ബന്ധിപ്പിക്കുന്ന രണ്ടു മുഖ്യ വാണിജ്യമാര്‍ഗങ്ങളാണ് രൂപംകൊണ്ടത്. ഹിമാലയത്തിന്റെ വടക്കു ഭാഗത്തുകൂടി പോയി തക്ഷശില കടന്ന് ഡമാസ്‌കസും കോണ്‍സ്റ്റാന്റിനോപ്പിളുംവഴി യൂറോപ്പിലെത്തുന്ന, കരവഴിക്കുള്ള 'സില്‍ക്ക് പാത'യാണ് ഒന്നാമത്തേത്. 'മരുഭൂമിയിലെ കപ്പല്‍' എന്നു വിളിക്കുന്ന ഒട്ടകങ്ങളാണ് ഇതിലൂടെ ചരക്കുകളുടെ സഞ്ചാരം സാധ്യമാക്കിയത്. രണ്ടാമത്തേത് ചൈനയില്‍നിന്ന് കടല്‍വഴി ഇന്‍ഡോനീഷ്യ, ദക്ഷിണേന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളെ തൊട്ട് അറബിരാജ്യങ്ങളില്‍ എത്തിയ 'കുരുമുളക് പാത'യാണ്. നേരത്തേ പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും ദക്ഷിണേന്ത്യയുടെ പടിഞ്ഞാറന്‍കരയിലെ തുറമുഖങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് റോമാസാമ്രാജ്യത്തിന്റെ കാലംമുതല്‍ക്കുണ്ടായിരുന്ന സമുദ്രവ്യാപാരത്തിന്റെ പാത ഇസ്‌ലാമിന്റെ ദിഗ്വിജയങ്ങളോടെ കിഴക്കോട്ടു നീങ്ങുകയാണുണ്ടായത്. ഇതോടെ കടല്‍വാണിജ്യപാതയുടെ കിഴക്കേ അറ്റത്തായിരുന്ന കോഴിക്കോടിന്റെ സ്ഥാനം ആ പാതയുടെ മധ്യത്തിലായി കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വരുന്ന പാതകള്‍ കൂട്ടിമുട്ടുന്ന സംഗമസ്ഥാനം എന്ന പദവി കോഴിക്കോടിനുണ്ടായി.

ചൈനയില്‍നിന്നുള്ള കീഴ്ഭാഗം പരന്ന, 'ചൊങ്കുള്‍'കള്‍ (Flat bottom junk) മുന്‍കാലങ്ങളില്‍ കൊല്ലംവരെ മാത്രമാണ് വന്നിരുന്നത്. മാര്‍ക്കോ പോളോ പതിമൂന്നാംശതകത്തില്‍ കൊല്ലത്ത് വളരെയേറെ ചീനച്ചൊങ്കുകള്‍ കണ്ടിരുന്നു. അന്ന് കോഴിക്കോടിന്റെ പ്രാമാണ്യം തെളിഞ്ഞിരുന്നില്ല. ഇസ്‌ലാമിക സാമ്രാജ്യത്വത്തിന്റെ പൂര്‍ണവികാസത്തോടെയാണ് ചൈനയും അറബിരാജ്യങ്ങളുമായി കടല്‍വ്യാപാരബന്ധം പുഷ്ടിപ്പെട്ടത്.

വാസ്തവത്തില്‍ ഈ പരന്നുകിടക്കുന്ന ഇസ്‌ലാമിക സാമ്രാജ്യത്തിലെ സമുദ്രവ്യാപാരശൃംഖലയുടെ നടുക്കണ്ണി എന്ന പദവിയാണ് കോഴിക്കോടിനെ ഒരന്താരാഷ്ട്ര വ്യാപാരകേന്ദ്രമായി വളര്‍ത്തിയതും ഈ രാജ്യത്തെ കേരളത്തില്‍ വേണാട് ഒഴിച്ചെല്ലാ രാജ്യങ്ങളും ഭയപ്പെടുന്ന വന്‍ ശക്തിയായി മാറ്റിയതും എന്നു പറയാം.

കോഴിക്കോട്ടെ സാമൂതിരി മധ്യകാലശതകങ്ങളില്‍ രൂപമെടുത്ത ഇസ്‌ലാമികമഹാസഖ്യത്തിലെ ഹിന്ദുരാജാവായി അംഗീകരിക്കപ്പെട്ടു. അതുകൊണ്ടാണ് പതിനാറാംനൂറ്റാണ്ടില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം പറങ്കികള്‍ക്കെതിരായി സാമൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ചേര്‍ന്ന് ഒരു 'ജിഹാദ്' നടത്തുവാന്‍ ആഹ്വാനം ചെയ്തത്. 'ഫത്ഹുല്‍ മുബീന്‍' (സമ്പൂര്‍ണവിജയം) എന്ന അറബികാവ്യത്തില്‍ ചാലിയം കോട്ട പിടിച്ച കഥ വര്‍ണിക്കുമ്പോള്‍ കോഴിക്കോട്ടെ ഖാസി മുഹമ്മദ് തുര്‍ക്കിയിലെയും ഈജിപ്തിലെയും സുല്‍ത്താന്മാരെക്കാള്‍ സാമൂതിരിയെ പുകഴ്ത്താന്‍ ഇടവന്നതും ഈ പശ്ചാത്തലത്തിലാണ്.

(മലബാര്‍ : പൈതൃകവും പ്രതാപവും എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം


ഇന്റര്‍നെറ്റില്‍ ചരിത്രപരമായ വിവരങ്ങളും ദൃശ്യങ്ങളും ലഭിക്കുന്ന ചില സൈറ്റുകളിലേക്കുള്ള ചൂണ്ടുവിരലാണ് താഴെ.
സമാനമായ സൈറ്റുകളെപ്പറ്റി അറിവുള്ള വായനക്കാര്‍ ആ സൈറ്റുകളുടെ മേല്‍വിലാസം (URL) അയച്ചുതന്നാല്‍ അവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം
ഡച്ചുകാര്‍ സുഗന്ധവ്യഞ്ജനങ്ങളന്വേഷിച്ച് 1603-ല്‍ കേരളത്തില്‍ വന്നതു മുതല്‍ അവര്‍ കൊച്ചിയില്‍ നിന്നും വിടപറയുന്നതുവരെയുള്ള (1795) ചരിത്രം പ്രതിപാദിക്കുന്ന ഡച്ച് ഇന്‍ കേരള എന്ന സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
യൂനിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയയുടെ ശേഖരത്തിലുള്ള 1850 മുതല്‍ 1950 വരെയുള്ള ബാസല്‍ മിഷന്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവിതാംകൂര്‍ രാജഭരണകാലത്തെ കേരള ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളുമായി ഒരു ബ്ലോഗ്‌
പൗരാണിക ഇന്ത്യാ ചരിത്രം ലളിതമായി ഇന്ററാക്റ്റീവ് രീതിയില്‍ അവതരിപ്പിക്കുന്ന ബ്രിട്ടീഷ് മ്യൂസിയത്തിന്റെ സൈറ്റ്‌
ചരിത്രപ്രാധാൈന്യമുള്ള പഴയന്‍ ഇന്ത്യന്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്ന ദ ഓള്‍ഡ് ഇന്ത്യന്‍ ഫോട്ടോസ് എന്ന സൈറ്റ്

Other News in this section:

» നഗരത്തിലെ സി.എസ്.ഐ. പള്ളി » 73 വര്‍ഷം മുമ്പ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തപ്പോള്‍ » ഉള്ളൂര്‍കുന്നില്‍നിന്നും ആദ്യറിപ്പബ്ലിക്ദിനത്തില്‍ കേരളത്തിന് ലഭിച്ച സമ്മാനം » തൂക്കിക്കൊല്ലുന്നവരുടെ കുതികാല്‍വെട്ടി രക്തം ഊറ്റിയിരുന്ന കാലം » ടോള്‍സ്റ്റോയിയേയും കുമാരനാശാനേയും ആകര്‍ഷിച്ച വിവേകാനന്ദന്‍ » ഒരു സന്ദര്‍ശനവും വിവാദവും » തെക്കണംകര കനാലും പദ്മതീര്‍ഥവും » കരുണാകരമേനോനെക്കുറിച്ച് മലബാര്‍ കളക്ടര്‍ » കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട് 3 » 'സതി' അനുഷ്ഠിക്കാനുള്ള അനുവാദത്തിന് റസിഡന്‍സിക്ക് മുമ്പില്‍ സത്യാഗ്രഹം » കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട് 2 » ബ്രിട്ടീഷ് സര്‍ക്കാരിനെയും ശ്രീമൂലം തിരുനാള്‍ മഹാരാജാവിനെയും ഞെട്ടിപ്പിച്ച രാജി » കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട്‌ » ഒന്നരനൂറ്റാണ്ടോടടുക്കുന്ന മന്ദിരത്തിന്റെ സമീപത്തുള്ള സിമന്റ് കോലം » ആ ഭാഷാസ്‌നേഹിയെ ഓര്‍ക്കാന്‍ ഒരു പാര്‍ക്ക് മാത്രം
© Copyright Mathrubhumi 2013. All rights reserved.