തൃത്താല ഇടഞ്ഞാല്‍ ഇടഞ്ഞതുതന്നെ
Posted on: 11 Mar 2011
ഇടത്തോട്ടിത്തിരി ചായ്‌വും ഇഷ്ടക്കൂടുതലും തൃത്താലയ്ക്കുണ്ടെന്നാണ് പൊതുധാരണ. പക്ഷേ, അത്രയ്‌ക്കൊന്നുമില്ലെന്നതിന് സാക്ഷ്യം മണ്ഡലത്തിന്റെ ചരിത്രം. ഇരുമുന്നണികളോടും ഇഷ്ടവും ഇഷ്ടക്കേടും കാണിക്കുന്നതാണ് തൃത്താലയുടെ സ്വഭാവം. ഒരിക്കലിടഞ്ഞാല്‍ അനുനയിപ്പിക്കാന്‍ ഇത്തിരി പ്രയാസമാണെന്നും ഇരുമുന്നണികളും അനുഭവത്തിലൂടെ അറിഞ്ഞിട്ടുണ്ട്.
1965 മുതല്‍ 2006 വരെയുള്ള മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതുബോധ്യമാകും. 1965ലും 67ലും സി.പി.എമ്മിലെ ഇ.ടി. കുഞ്ഞന്‍ ജയിച്ചു. പക്ഷേ 70ല്‍ മണ്ഡലം ഇടതിനോടിടഞ്ഞു. പിന്നെ 87 വരെ തുടര്‍ച്ചയായി അഞ്ചുതവണ കോണ്‍ഗ്രസ്സുകാര്‍ ജയിച്ചു. ജയിച്ച കോണ്‍ഗ്രസ്സുകാരുടെ കൂട്ടത്തില്‍ മുന്‍മന്ത്രിമാരായ വെള്ളഈച്ചരനും കെ. ശങ്കരനാരായണനും കെ.കെ. ബാലകൃഷ്ണനുമുണ്ടായിരുന്നു. എം.പി. താമിയും രണ്ടുതവണ ജയിച്ചു.
പക്ഷേ, 91ല്‍ തൃത്താല കോണ്‍ഗ്രസ്സിനോടും ഇടഞ്ഞു. അതിനുശേഷം 2006 വരെ കോണ്‍ഗ്രസ്സുകാരെ നിലംതൊടീച്ചിട്ടില്ല. 91ല്‍ ഇ. ശങ്കരനും 96ലും 2001ലും വി.കെ. ചന്ദ്രനും 2006ല്‍ ടി.പി. കുഞ്ഞുണ്ണിയുമാണ് മണ്ഡലത്തെ ചെങ്കൊടിപുതപ്പിച്ചത്.
രാഷ്ട്രീയംമാത്രംനോക്കി വോട്ടുചെയ്യുന്നവരല്ല തൃത്താലക്കാര്‍. സ്ഥാനാര്‍ഥിയുടെ മികവും വികസനനേട്ടങ്ങളുമൊക്കെ അവര്‍ക്ക് പ്രധാനമാണ്.
കഴിഞ്ഞതവണ സംവരണമണ്ഡലമായിരുന്ന തൃത്താല ഇത്തവണ അതില്‍നിന്ന് ഒഴിവായിട്ടുണ്ട്. സി.പി.എമ്മിലെ ടി.പി. കുഞ്ഞുണ്ണി 6,949 വോട്ടുകളുടെ വ്യത്യാസത്തിലാണ് കോണ്‍ഗ്രസ്സിലെ പി. ബാലനെ തോല്പിച്ചത്. സംവരണമണ്ഡലമല്ലാതായ സാഹചര്യത്തില്‍ കുഞ്ഞുണ്ണിക്ക് വീണ്ടും മത്സരിക്കാന്‍ അവസരമൊരുങ്ങില്ലെന്നാണ് ഇപ്പോഴത്തെ സൂചന. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി. മമ്മിക്കുട്ടിയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. പ്രദേശത്തുകാരന്‍കൂടിയായ ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്റെ പേരാണ് യു.ഡി.എഫില്‍ പ്രധാനമായും ചര്‍ച്ചചെയ്യപ്പെടുന്നത്. ഡി.സി.സി. പ്രസിഡന്റ് രംഗത്തിറങ്ങുന്നതോടെ തട്ടകം യു.ഡി.എഫിനും കോണ്‍ഗ്രസ്സിനും പ്രസ്റ്റീജ് മത്സരവേദിയാകും.
ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് മലപ്പുറത്തെ മുട്ടിയുരുമ്മിയാണ് മണ്ഡലത്തിന്റെ കിടപ്പ്. ലോക്‌സഭാതിരഞ്ഞെടുപ്പ് വരുമ്പോള്‍ തൃത്താല പാലക്കാടിനെവിട്ട് പൊന്നാനിയോട് കൂട്ടുകൂടും. പൊന്നാനിമണ്ഡലത്തിലുള്‍പ്പെടുന്ന ജില്ലയിലെ ഏക മണ്ഡലമാണ് തൃത്താല. പൊന്നാനിയിലെ മറ്റു മണ്ഡലങ്ങള്‍ മിക്കതും ഇ.ടി. മുഹമ്മദ്ബഷീറിനെ തുണച്ചപ്പോള്‍ തൃത്താല ഹുസൈന്‍ രണ്ടത്താണിയെയാണ് തുണച്ചത്. 2,877 വോട്ടിന്റെ ലീഡാണ് തൃത്താലമണ്ഡലം എല്‍.ഡി.എഫിന് സമ്മാനിച്ചത്. എന്നാല്‍, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പായപ്പോഴേക്കും തൃത്താല വലത്തോട്ടുചാഞ്ഞു. യു.ഡി.എഫിന് 874 വോട്ടിന്റെ ലീഡ് കിട്ടി.
എം.എല്‍.എ.യുടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനമികവും സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും വിലയിരുത്തപ്പെടുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഷയങ്ങളും വിവാദങ്ങളും വ്യത്യസ്തമാകും.
പുനര്‍നിര്‍ണയത്തില്‍ മണ്ഡലത്തിന് അത്രവലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. തിരുവേഗപ്പുറ പഞ്ചായത്ത് പട്ടാമ്പിയിലേക്ക് പോയതുമാത്രമാണ് നഷ്ടം.
നാഗലശ്ശേരി, പരുതൂര്‍, പട്ടിത്തറ, തൃത്താല, ആനക്കര, ചാലിശ്ശേരി, തിരുമിറ്റക്കോട്, കപ്പൂര്‍ എന്നീ പഞ്ചായത്തുകളാണ് തൃത്താലയില്‍ ഉള്‍പ്പെടുന്നത്. നാഗലശ്ശേരി, പട്ടിത്തറ, പരുതൂര്‍, തൃത്താല പഞ്ചായത്തുകള്‍ എല്‍.ഡി.എഫും തിരുമിറ്റക്കോട്, ആനക്കര, ചാലിശ്ശേരി, കപ്പൂര്‍ പഞ്ചായത്തുകള്‍ യു.ഡി.എഫ്. ഭരണത്തിലുമാണ്. തിരുമിറ്റക്കോട് പഞ്ചായത്ത് യു.ഡി.എഫ്. പിടിച്ചെടുത്തത് ജില്ലയിലെതന്നെ ഏറ്റവുംവലിയ അട്ടിമറികളിലൊന്നായാണ് എല്ലാവരും കണ്ടത്.