കലയും ജീവിതവുമായി കൗമാര സൗഹൃദസംഗമം

Posted on: 03 Jan 2011



പത്തിരിപ്പാല: നീന്തലും പാചകവും യോഗയും പഠിച്ചാണ് ശിവയും പ്രസാദും അടക്കമുള്ള കുട്ടികള്‍ ചില്‍ഡ്രന്‍സ്‌ഹോമിലേക്ക് മടങ്ങിയത്. അഞ്ചുദിവസത്തെ 'കൗമാരസൗഹൃദസംഗമം' വിരസമായ പഠനക്ലാസുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് മോചനമായി. പത്തിരിപ്പാല സാരംഗ് സാംസ്‌കാരിക വിനിയമകേന്ദ്രത്തില്‍ സാമൂഹികക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമായ സംഗമം ഒരുക്കിയത്. സമൂഹത്തില്‍ പലവിധത്തില്‍ ഒറ്റപ്പെട്ടുപോയ കുട്ടികള്‍ക്ക് ജീവിതത്തെപ്പറ്റി പുതിയ ഉള്‍ക്കാഴ്ചകള്‍ പകരാന്‍ സംഗമത്തിന് കഴിഞ്ഞു.

കവിതാസ്വാദനം, ആരോഗ്യക്ലാസ്, കോല്‍ക്കളി പരിശീലനം, കളരിസാധകം, ചിത്രംവര, കലാപരിപാടികള്‍, സിനിമാപ്രദര്‍ശനം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങള്‍ നിറഞ്ഞതായിരുന്നു സംഗമം.

ഇതിനൊപ്പം കലാമണ്ഡലം പ്രദീപിന്റെ കഥകളി പരിചയം, കലാമണ്ഡലം ജാസ്മിന്റെ സംഗീതക്കച്ചേരി, വിനോദിന്റെ പുല്ലാങ്കുഴല്‍ക്കച്ചേരി എന്നിവയുണ്ടായി. ദിവസവും യോഗ, നീന്തല്‍, പാചകപരിശീലനവും നടന്നു. സാരംഗ് വിദ്യാപീഠത്തിലെ ഗോപാലകൃഷ്ണന്‍, വിജയലക്ഷ്മി, ഗൗതംസാരംഗ്, അനുരാധ എന്നിവര്‍ സംഗമത്തിന് നേതൃത്വംനല്‍കി.

സമാപനച്ചടങ്ങില്‍ കുട്ടികള്‍ക്കൊപ്പം ചേരാന്‍ കളക്ടര്‍ കെ.വി.മോഹന്‍കുമാറും സാമൂഹികക്ഷേമവകുപ്പ് ജോ. ഡയറക്ടര്‍ പി.പ്രതാപനുമെത്തിയിരുന്നു.

More News from Palakkad