ആളിയാര്‍ ജലപ്രശ്‌നത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു -പി.കെ.ബിജു എം.പി.

Posted on: 23 Dec 2012ചിറ്റൂര്‍: ആളിയാര്‍ ജലപ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പി.കെ.ബിജു എം.പി. പറഞ്ഞു. ആളിയാറില്‍നിന്ന് വെള്ളം നല്‍കാത്തതതില്‍ പ്രതിഷേധിച്ച് പറമ്പിക്കുളം- ആളിയാര്‍ ജലസംരക്ഷണ കര്‍ഷകസമിതിയുടെ ആഭിമുഖ്യത്തില്‍ ചിറ്റൂര്‍പ്പുഴപദ്ധതി ഓഫീസിനുമുന്നില്‍ നടന്ന ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആളിയാര്‍ ജലത്തര്‍ക്കം കോടതിയില്‍ വിടാന്‍ തീരുമാനിച്ചതുതന്നെ പരോക്ഷമായി തമിഴ്‌നാടിനെ സഹായിക്കലാണ്. അത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചാല്‍ സര്‍ക്കാരിന് കനത്തവില നല്‍കേണ്ടിവരുമെന്ന് എം.പി. മുന്നറിയിപ്പുനല്‍കി.

കേരളത്തിന് നല്‍കാന്‍ വെള്ളമില്ലെന്ന് തമിഴ്‌നാട് പറയുമ്പോള്‍ തമിഴ്‌നാട്ടില്‍ വെള്ളത്തിന്റെ ഉപയോഗം കൂട്ടിക്കൊണ്ടിരിക്കുന്നതായി മുന്‍ എം.എല്‍.എ. കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജലവിഭവവകുപ്പ് മന്ത്രി പി.ജെ.ജോസഫ് കാണിച്ച താത്പര്യം പാലക്കാട്ടെ നെല്‍വയലുകള്‍ ഉണങ്ങിയ സംഭവത്തില്‍ കാണിക്കുന്നില്ലെന്ന് കിസാന്‍സഭാ സംസ്ഥാന പ്രസിഡന്റ് വി.ചാമുണ്ണി പറഞ്ഞു.

സമിതി ചെയര്‍മാന്‍ എ.മുഹമ്മദ്മൂസ അധ്യക്ഷനായി. കണ്‍വീനര്‍ ഇ.എന്‍.രവീന്ദ്രന്‍, ഹരിപ്രകാശ്, കെ.വിശ്വം, ഡി.ധനപാലന്‍, വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിന് കര്‍ഷകര്‍ ശനിയാഴ്ചരാവിലെ ചിറ്റൂര്‍ പ്പുഴ ഓഫീസിനുമുന്നില്‍ എത്തിയതോടെ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ഇരമ്പി. ഉപരോധത്തെ ത്തുടര്‍ന്ന് രാവിലെ പദ്ധതി ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല.

More News from Palakkad