മങ്കരപഞ്ചായത്ത് സുവര്‍ണജൂബിലി പുതിയ ഓഫീസ്‌കെട്ടിടത്തിന് നാളെ തറക്കല്ലിടും

Posted on: 23 Dec 2012പത്തിരിപ്പാല: മങ്കരയുടെ യശസ്സിലേക്ക് പുതിയൊരു കാല്‍വെപ്പുകൂടി. ചരിത്രമുറങ്ങുന്ന മങ്കരയുടെ വിരിമാറില്‍ തലയെടുപ്പോടെ ഉയരുകയാണ് പഞ്ചായത്തിനുള്ള പുതിയ ഓഫീസ്‌കെട്ടിടം.

അരനൂറ്റാണ്ട് പഴക്കമുള്ള പഞ്ചായത്തോഫീസിന് പകരം പണിയുന്നത് 2,200 ചതുരശ്രയടിയില്‍ രണ്ട് നിലകളിലായി ആധുനിക സജ്ജീകരണങ്ങളോടെയുള്ള കെട്ടിടസമുച്ചയമാണ്.

പഞ്ചായത്ത് 50-ാം വാര്‍ഷികത്തോടും ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തോടുമനുബന്ധിച്ചാണ് ശിലാസ്ഥാപനച്ചടങ്ങ്. 24ന് രാവിലെ 11ന് പഞ്ചായത്തിനുമുന്നിലെ ഗവ. ആസ്​പത്രി മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ങ്കരനാരായണന്‍ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും.

മന്ത്രി പി.കെ. കുഞ്ഞിലിക്കുട്ടി അധ്യക്ഷനാകും. 2012-13 വര്‍ഷത്തെ ബി.ആര്‍.ജി.എഫ്. ഫണ്ടില്‍നിന്ന് അരക്കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിക്കുക. ആദ്യഘട്ടമായി 22 ലക്ഷം ചെലവിട്ട് 1,500 ചതുരശ്രയടിയില്‍ താഴത്തെനില മാത്രമാണ് നിര്‍മിക്കുന്നത്. പഞ്ചായത്തോഫീസിന് പുറമെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്., കുടുംബശ്രീ ഓഫീസും പുതിയ കെട്ടിടത്തിലുണ്ടാകും.

മുഴുവനായും കമ്പ്യൂട്ടര്‍വത്കരിച്ച് ടച്ച് സ്‌ക്രീന്‍ സംവിധാനത്തോടെയാകും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. നിര്‍മാണകാലാവധിയായ ഒരുവര്‍ഷത്തിനകം കോണ്‍ഫറന്‍സ്ഹാളടക്കമുള്ള ഒന്നാംനിലയും പൂര്‍ത്തിയാക്കാനാണ് പദ്ധതി. 2013 നവംബര്‍ ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതിയ ഓഫീസ്‌കെട്ടിടം പഞ്ചായത്തിന് സമര്‍പ്പിക്കും. 1961ല്‍ സ്വകാര്യവ്യക്തി സൗജന്യമായി നല്‍കിയ 19 സെന്റ് സ്ഥലത്താണ് പഞ്ചായത്തോഫീസ് നിലകൊള്ളുന്നത്.

ഡിസംബര്‍ 24മുതല്‍ ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകളുടെ സാക്ഷ്യപത്രവിതരണം ഓണ്‍ ലൈന്‍ സംവിധാനത്തിലാക്കുകയാണ്. ഇതോടെ പഞ്ചായത്തോ ഫീസിലെത്താതെതന്നെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കാനാവും. ശിലാസ്ഥാപനച്ചടങ്ങില്‍ എം.ബി. രാജേഷ് എം.പി., എ.എച്ച്. ഫൗണ്ടേഷന്‍ എന്‍ഡോവ്‌മെന്റ് സ്വീകരിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ. പഞ്ചായത്ത് ലൈബ്രറിയിലേക്ക് പുസ്തക സ്വീകരണം നിര്‍വഹിക്കും. കളക്ടര്‍ പി.എം. അലി അസ്ഗര്‍പാഷ മുഖ്യാതിഥിയാകും.

More News from Palakkad