കതിര്‍മണ്ഡപത്തില്‍ അധ്യാപകന്റെ പ്രകൃതിസ്‌നേഹം

Posted on: 23 Dec 2012ചെര്‍പ്പുളശ്ശേരി: പ്രകൃതിയിലെ പച്ചപ്പ് സംരക്ഷിക്കുന്നതിന് കതിര്‍മണ്ഡപം വേദിയാക്കി അധ്യാപകന്‍ മാതൃകയായി. ആയിരം തേക്കിന്‍തൈകള്‍ അതിഥികള്‍ക്ക് വിതരണംചെയ്താണ് പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയ്ക്ക് ഇദ്ദേഹം അടിവരയിട്ടത്.

അമ്പലപ്പാറ ചെറുമുണ്ടശ്ശേരി യു.പി.സ്‌കൂള്‍ അധ്യാപകന്‍ എന്‍. അച്യുതാനന്ദനാണ് ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവിലെ കല്യാണമണ്ഡപത്തില്‍ ശനിയാഴ്ച നടന്ന തന്റെ വിവാഹവേദിയില്‍ നിലമ്പൂര്‍ തേക്കിന്‍തൈകള്‍ വിതരണം ചെയ്തത്. വിവാഹത്തിന്റെ ആര്‍ഭാടങ്ങളൊഴിവാക്കി പണം സ്വരൂപിച്ച് വാങ്ങിയ തേക്കിന്‍തൈകളാണ് അതിഥികള്‍ക്ക് സമ്മാനിച്ചതെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. സ്‌കൂളിലെ മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് അച്യുതാനന്ദന്‍. കാറല്‍മണ്ണ നെച്ചിക്കോട്ടില്‍ ഉണ്ണിക്കൃഷ്ണന്റെയും പാറുക്കുട്ടിയുടെയും മകനായ അച്യുതാനന്ദന്‍, അമ്പലപ്പാറ മഠത്തില്‍ വേണുവിന്റെയും സി.കെ.പുഷ്പലതയുടെയും മകള്‍ അഞ്ജലിയെയാണ് ജീവിതസഖിയാക്കിയത്. കതിര്‍മണ്ഡപത്തില്‍വെച്ചുതന്നെ നവദമ്പതികള്‍, തേക്കിന്‍തൈകള്‍,മുഖ്യാതിഥികളായെത്തിയ ഒറ്റപ്പാലം എ.ഇ.ഒ.സി. രാജലക്ഷ്മിക്കും പാലക്കാട് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍. രാജേഷിനും സമര്‍പ്പിച്ചു.

More News from Palakkad