എത്തിത്തുടങ്ങി, കരോള്‍സംഘങ്ങള്‍

Posted on: 23 Dec 2012

പാലക്കാട്: ക്രിസ്മസ് പുലരാന്‍ രണ്ടുനാള്‍ ബാക്കിനില്‍ക്കേ നാടും നഗരവും ആഘോഷത്തേരിലേറി. മിക്കയിടങ്ങളിലും കരോള്‍സംഘങ്ങള്‍ തിരുപ്പിറവിസന്ദേശവുമായി യാത്രതുടങ്ങി. മുളച്ചീന്തുകളും വര്‍ണക്കടലാസും കൊണ്ടുണ്ടാക്കിയ മിന്നാമിന്നി ക്രിസ്മസ്‌നക്ഷത്രമാവും കരോള്‍സംഘത്തില്‍ മുമ്പന്‍. യേശുനാഥനെക്കുറിച്ചുള്ള പാട്ടുകള്‍ പാടുന്നവരും ബാന്റ്‌സെറ്റും ബ്യൂഗിളും ഒപ്പം. സമ്മാനപ്പൊതിയുമായി ക്രിസ്മസ് അപ്പൂപ്പനുമുണ്ടാവും. കരോള്‍സംഘത്തിലുള്ളവര്‍ വീട്ടിലെത്തിയാല്‍ ലഘു ഭക്ഷണവുമായാണ് വീട്ടുകാര്‍ സ്വീകരിക്കുക.

ക്രൈസ്തവദേവാലയങ്ങളും സംഘടനകളും മാത്രമല്ല, കരോള്‍ പാടിയെത്തുക. വായനശാലകള്‍, സന്നദ്ധസംഘങ്ങള്‍, കോളനിക്കൂട്ടായ്മകള്‍ തുടങ്ങിയവരും വിശുദ്ധിയുടെ സംഗീതവുമായി ക്രിസ്മസിന്റെ വരവ് അറിയിക്കാനെത്തും.

ദേവാലയസംഘങ്ങള്‍ പഴയ കരോള്‍ഗാനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുമ്പോഴും പുതിയ ഈണങ്ങള്‍ പാടുന്നവര്‍ ഏറെ. സിനിമാഗാനങ്ങളുടെ ഈണത്തില്‍ ചിട്ടപ്പെടുത്തിയ കരോള്‍ഗാനങ്ങളടങ്ങിയ സി.ഡി.കളും ഡി.വി.ഡി.കളും വിപണിയില്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ കരോള്‍ഗാനങ്ങളുടെ നീണ്ടനിരതന്നെയുണ്ട്.

More News from Palakkad