20 യുവതികള്‍കൂടി പുതുജീവിതത്തിലേക്ക്

Posted on: 23 Dec 2012ശ്രീകുറുംബ ട്രസ്റ്റിന്റെ സമൂഹവിവാഹംവടക്കഞ്ചേരി: സ്ത്രീധനരഹിതവും ആര്‍ഭാട വിമുക്തവുമായ വിവാഹത്തിലൂടെ 20 യുവതികള്‍കൂടി സുമംഗലികളായി. ശോഭ ഡവലപ്പേഴ്‌സിന്റെ സാമൂഹ്യപ്രതിബദ്ധതാവിഭാഗമായ ശ്രീ കുറുംബട്രസ്റ്റാണ് സമൂഹവിവാഹം ഒരുക്കിയത്. വ്യവസായപ്രമുഖന്‍ പി.എന്‍.സി. മേനോന്‍ ചെയര്‍മാനായ ട്രസ്റ്റിന്റെ സമൂഹവിവാഹത്തിലൂടെ ഇതോടെ 371 യുവതികളാണ് വിവാഹിതരായിട്ടുള്ളത്.

പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി ലളിതമായ ചടങ്ങുകളോടെ വരന്‍മാര്‍ താലിചാര്‍ത്തി. കേന്ദ്രമന്ത്രി വയലാര്‍ രവിയും മറ്റ് വിശിഷ്ടാതിഥികളുംചേര്‍ന്ന് നിലവിളക്കുകള്‍ തെളിയിച്ചതോടെയാണ് വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കമായത്. പി.എന്‍.സി. മേനോന്റെ പത്‌നി ശോഭ മേനോന്‍ വരന്‍മാര്‍ക്ക് താലിമാല കൈമാറി.

വസ്ത്രങ്ങളും പാത്രങ്ങളും പി.എന്‍.സി. മേനോന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കി. ജാതിമതഭേദമെന്യേ സമൂഹവിവാഹത്തില്‍ പങ്കെടുത്ത യുവതികള്‍ക്ക് നാലര പവന്റെ ആഭരണങ്ങള്‍, വസ്ത്രം, പാത്രങ്ങള്‍ എന്നിവയാണ് ട്രസ്റ്റ് നല്‍കിയത്. സമൂഹസദ്യയും ഒരുക്കിയിരുന്നു.

വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ കുടുംബങ്ങളിലെ യുവതികളാണ് വിവാഹിതരായത്. എം.എല്‍.എ.മാരായ എം. ചന്ദ്രന്‍, വി. ചെന്താമരാക്ഷന്‍, മുന്‍മന്ത്രിമാരായ കെ.ഇ. ഇസ്മയില്‍, വി.സി. കബീര്‍, മുന്‍ എം.പി.മാരായ വി.എസ്. വിജയരാഘവന്‍, എന്‍.എന്‍. കൃഷ്ണദാസ്, ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.പി.കെ. ദിനേശ്കുമാര്‍, തൃശ്ശൂര്‍ കളക്ടര്‍ പി.എം. ഫ്രാന്‍സിസ്, മുന്‍ എം.എല്‍.എ. സി.ടി. കൃഷ്ണന്‍, തഹസില്‍ദാര്‍ കെ. ചന്ദ്രന്‍, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ബാലന്‍, കെ. കുമാരന്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ. ഹനീഫ, കാര്‍ഷികസര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ കെ.ആര്‍. വിശ്വംഭരന്‍, എ.കെ. ഹാലിം, റിട്ട. ഡി.ജി.പി. ജോണ്‍ വി.ജോര്‍ജ്, സീനിയര്‍ അഡ്വക്കേറ്റ് കെ. രാംകുമാര്‍, ട്രസ്റ്റ് ഡയറക്ടര്‍മാരായ എ.ആര്‍. കുട്ടി, കേണല്‍ വി.കെ. ബാലന്‍, എം.പി. സേതുമാധവന്‍നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

More News from Palakkad