പാലക്കാട്: നാം വെറുതെകളയുന്ന പഴങ്ങളുടെ ഗുണവും അന്താരാഷ്ട്രമാര്‍ക്കറ്റിലെ വിലയും മന്ത്രി പി.ജെ. ജോസഫ് വിശദീകരിച്ചപ്പോള്‍ കര്‍ഷകസദസ്സ് അമ്പരുന്നു. അഞ്ച് സെന്റില്‍ ഒരു കുടുംബത്തിനുവേണ്ട മുഴുവന്‍ പച്ചക്കറിയും ഉണ്ടാക്കാമെന്നും 10 സെന്റ് ഉണ്ടെങ്കില്‍ പശുവിനെ വളര്‍ത്താമെന്നും ജലസേചനമന്ത്രി കാര്യകാരണസഹിതം വിശദീകരിച്ചപ്പോള്‍ അവര്‍ കൈയടിച്ചു.
ഒരു യഥാര്‍ഥകര്‍ഷകനായാണ് മന്ത്രി ടൗണ്‍ഹാളില്‍ 'പൊലിമ' കാര്‍ഷികോത്സവത്തിന്റെ ഭാഗമായുള്ള സ്‌നേഹോത്സവം ഉദ്ഘാടനംചെയ്യാനെത്തിയത്. പിന്നെ സദസ്സിനുമുന്നില്‍ അദ്ദേഹം കൃഷിപഠിപ്പിക്കുന്ന അധ്യാപകനായി. മുന്‍ എം.എല്‍.എ. കെ. കൃഷ്ണന്‍കുട്ടി കാര്‍ഷിക വായ്പവിതരണം നടത്തി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കുകാരണം അവര്‍ സംഘടിക്കാത്തതാണ്. കര്‍ഷകരുടെപേരില്‍ പലസംഘടനകളും പാര്‍ട്ടികളുമുണ്ട്. എന്നാല്‍, അവര്‍ പലപ്പോഴും പ്രതികരിക്കുന്നില്ല. കര്‍ഷകര്‍ പലതട്ടില്‍ നില്‍ക്കാതെ സംഘടിക്കാന്‍ തയ്യാറാകണം-അദ്ദേഹം പറഞ്ഞു.
പീപ്പിള്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് മോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ഫാ. ജേക്കബ് മാവുങ്കല്‍, ഫാ. ജോസ് കല്ലുവേലില്‍, ലിസി മാത്യു, ലിന്‍സി സജി, സിസ്റ്റര്‍ ജെസ്സി മരിയ എന്നിവര്‍ സംസാരിച്ചു. നേരത്തെനടന്ന കര്‍ഷകകുടുംബസംഗമത്തിന് പി.എസ്.എസ്.പി. അസി. ഡയറക്ടര്‍ ഫാ.സിജോ കാരിക്കാട്ടില്‍, ബെന്റലി താടിക്കാരന്‍ എന്നിവര്‍ നേതൃത്വംനല്‍കി.