പൂരക്കാഴ്ചയുടെ ചെപ്പുതുറന്ന് പുന്നാംപറമ്പ് പൂരം

Posted on: 04 Feb 2012




ശ്രീകൃഷ്ണപുരം: വള്ളുവനാടന്‍ പൂരക്കാഴ്ചയുടെ ചെപ്പുതുറന്ന് പുന്നാംപറമ്പ് പൂരം ആയിരക്കണക്കിന് പൂരക്കമ്പക്കാര്‍ക്ക് ആവേശം പകര്‍ന്നു.
പഞ്ചവാദ്യത്തിന്റെയും തിറയും പൂതനും ഒരുക്കിയ നിറക്കൂട്ടിന്റെയും ഗജവീരന്മാരുടെയും അകമ്പടിയോടെ വിവിധ പൂരങ്ങള്‍ അഞ്ചുമണിയോടെ ക്ഷേത്രാങ്കണത്തിലെത്തി. നൃത്തച്ചുവടുകളുമായി പുരുഷാരവും വേലകള്‍ക്ക് അകമ്പടിയായി.
പൂരപ്പറമ്പില്‍ നിരന്ന വിവിധ പൂരങ്ങളും ഒപ്പം പഞ്ചവാദ്യധ്വനിയും പൂരാഘോഷത്തിന്റെ അപൂര്‍വ നിമിഷങ്ങള്‍ സൃഷ്ടിച്ചു.
വേഷങ്ങള്‍, പൂക്കാവടി, കലാരൂപങ്ങള്‍ എന്നിവയും നിറമേകി. മണ്ണമ്പറ്റ തോട്ടരവടക്കന്‍പൂരം, കോടര്‍മണ്ണ പടിഞ്ഞാറന്‍പൂരം, കിഴക്കന്‍പൂരം, പുളിങ്കാവ് പടിഞ്ഞാറന്‍പൂരം, ഊട്ടുപുര പടിഞ്ഞാറന്‍പൂരം, മമ്പള്ളി മഹാവിഷ്ണുക്ഷേത്ര പടിഞ്ഞാറന്‍പൂരം എന്നീ പൂരക്കമ്മിറ്റികള്‍ അണിയിച്ചൊരുക്കിയ വേലകളാണ് പൂരാഘോഷത്തിന് ചന്തം പകര്‍ന്നത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, മംഗലാംകുന്ന് അയ്യപ്പന്‍, തിരുവമ്പാടി ശിവസുന്ദര്‍, ഗുരുവായൂര്‍ പത്മനാഭന്‍, മംഗലാംകുന്ന് ഗണേശന്‍, ആതിര രാജശേഖരന്‍ തുടങ്ങിയ ആനകള്‍ വിവിധ വേലകള്‍ക്കായി തിടമ്പേറ്റി. 30 ആന പൂരത്തിനെത്തി. കാള, കുതിര കളിയും ഉണ്ടായി.
പകല്‍പ്പൂരത്തിനുശേഷം തായമ്പക, കേളി, പറ്റ് എന്നിവയോടെ രാത്രിപൂരത്തിന് തുടക്കമായി. രാവിലെ ക്ഷേത്രത്തില്‍ പൂമൂടല്‍ ചടങ്ങുമുണ്ടായി.

More News from Palakkad