ഒറ്റപ്പാലത്തെ ട്രാഫിക്‌സിഗ്‌നല്‍ രണ്ടാമതും പ്രവര്‍ത്തനം നിര്‍ത്തി

Posted on: 04 Feb 2012



സിഗ്‌നല്‍ നിര്‍ത്തിയത് ഗതാഗതക്കുരുക്ക് വര്‍ധിച്ചതിനാല്‍


ഒറ്റപ്പാലം: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ട്രാഫിക്‌സിഗ്‌നലിന്റെ രണ്ടാമത്തെ പരീക്ഷണവും വിജയമായില്ല. ഗതാഗതക്കുരുക്ക് വര്‍ധിച്ച് സംസ്ഥാനപാതയിലും ടി.ബി.റോഡിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടതോടെ ട്രാഫിക്‌സിഗ്‌നല്‍ സംവിധാനം വീണ്ടും ഉപേക്ഷിച്ചു.

ടി.ബി.റോഡ് കവലയിലെ വീതിക്കുറവുകാരണം നിശ്ചിതസമയത്തിനകം വാഹനങ്ങള്‍ ഒഴിഞ്ഞുപോകാത്തതായിരുന്നു പ്രശ്‌നം. സംസ്ഥാനപാതയിലെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കൂടുതല്‍സമയം നല്‍കുന്നവിധം സിഗ്‌നല്‍ ക്രമീകരിച്ച് പോലീസ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇതുകൊണ്ട് തിരക്കേറിയസമയങ്ങളില്‍ ഗതാഗതക്കുരുക്ക് വര്‍ധിച്ചതിനാലാണ് സിഗ്‌നല്‍ നിര്‍ത്തിയത്. യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് എം.ഹംസ എം.എല്‍.എ.യും സ്ഥലത്തെത്തി.

ടി.ബി.റോഡിലെയും റെയില്‍വേസ്റ്റേഷന്‍ റോഡിലെയും സംസ്ഥാനപാതയില്‍നിന്നുള്ള ഇടുങ്ങിയ കവലകാരണം നഗരത്തില്‍ വര്‍ഷങ്ങളായി ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സംസ്ഥാനപാത നിര്‍മാണത്തിന്റെ ഭാഗമായി ടി.ബി.റോഡ് കവല വീതീകൂട്ടാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും സ്ഥലമെടുപ്പ് തടസ്സപ്പെട്ടതിനാല്‍ മുടങ്ങുകയായിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാനായി കെ.എസ്.ടി.പി.യാണ് സംസ്ഥാനപാതയില്‍ കെല്‍ട്രോണ്‍മുഖേന നാലിടത്ത് ട്രാഫിക്‌സിഗ്‌നല്‍ സ്ഥാപിച്ചത്.

കഴിഞ്ഞവര്‍ഷം പകുതിയില്‍ ഉദ്ഘാടനംകഴിഞ്ഞ് ഒരുദിവസംകൊണ്ടുതന്നെ ഇത് നിര്‍ത്തേണ്ടിവന്നു. നിശ്ചിതസമയത്തിനകം വാഹനങ്ങള്‍ ഒഴിഞ്ഞുപോകാത്തതായിരുന്നു പ്രശ്‌നം. പിന്നീട് താലൂക്ക് വികസനസമിതിയില്‍ വിമര്‍ശനം വന്നതിനെത്തുടര്‍ന്ന് ട്രാഫിക്‌സിഗ്‌നല്‍ സമയക്രമീകരണത്തില്‍ മാറ്റംവരുത്തി പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ചയാണ് വീണ്ടും തുടങ്ങിയത്. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം പ്രവര്‍ത്തനം തുടരണമോ എന്നത് തീരുമാനിക്കുമെന്ന് ഒറ്റപ്പാലം സി.ഐ. കെ.വിജയകുമാര്‍ അറിയിച്ചു.

22.45 ലക്ഷം ചെലവിട്ടാണ് ടി.ബി.റോഡ്, ആര്‍.എസ്. റോഡ്, സെന്‍ഗുപ്തറോഡ് എന്നീകവലകളിലും ഈസ്റ്റ് ഒറ്റപ്പാലത്തും സിഗ്‌നല്‍ സ്ഥാപിച്ചത്.

More News from Palakkad