മീന്‍വല്ലത്ത് വീണ്ടും അപകടം: സുരക്ഷാസംവിധാനങ്ങളുടെ പാളിച്ച
Posted on: 04 Feb 2012
കല്ലടിക്കോട്: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മീന്‍വല്ലം വീണ്ടും അപകടമേഖലയായി. വടക്കഞ്ചേരിയില്‍നിന്ന് അധ്യാപകരോടൊത്ത് എത്തിയ സംഘത്തിലെ ശരത്താണ് ഏറ്റവുംഒടുവില്‍ മുങ്ങിമരിച്ചത്. വേനല്‍ക്കാലമായതോടെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചെങ്കിലും ആവശ്യമായ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതാണ് അപകടങ്ങളുണ്ടാകാന്‍ കാരണം.
കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ ഏഴുപേരാണ് ഇവിടെ മുങ്ങിമരിച്ചത്. രണ്ടുവര്‍ഷംമുമ്പ് തൃശ്ശൂര്‍സ്വദേശി മുങ്ങിമരിച്ചതിനുശേഷം പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു.
മീന്‍വല്ലം ജലവൈദ്യുതപദ്ധതിയുടെ പവര്‍ഹൗസ് നിര്‍മാണം പൂര്‍ത്തിയായിവരുന്ന ഇവിടെ സ്ഥിരംജോലിക്കാരുണ്ട്. അതിനുപുറമെ വനംസംരക്ഷണസമിതി പ്രവര്‍ത്തകരും പ്രദേശത്ത് ഉണ്ടാകും. മൂന്നേക്രയില്‍ നിന്ന് സന്ദര്‍ശകര്‍ പ്രവേശനപാസ് എടുത്താണ് മീന്‍വല്ലം വെള്ളച്ചാട്ടം കാണാനെത്തുക.
വെള്ളിയാഴ്ച കൂട്ടുകാരോടൊപ്പം മീന്‍വല്ലം സന്ദര്‍ശിക്കാനെത്തിയ ശരത്ത് ഈ മാര്‍ച്ചില്‍ പത്താംക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുകയായിരുന്നു. മീന്‍വല്ലം പ്രദേശത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.