ശിരുവാണി ചെക്‌പോസ്റ്റ്: മന്ത്രിനടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

Posted on: 04 Feb 2012



വനംവകുപ്പ് പ്രതിനിധികള്‍ എത്തിയില്ല

കല്ലടിക്കോട്: പാലക്കയം ഇഞ്ചിക്കുന്നില്‍ വനംവകുപ്പ് പുതുതായിസ്ഥാപിച്ച ചെക്‌പോസ്റ്റ് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ജലസേചനവകുപ്പുമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ തീരുമാനമായില്ല.

പാലക്കാട് റസ്റ്റ്ഹൗസില്‍ മന്ത്രി പി.ജെ.ജോസഫിന്റെ അധ്യക്ഷതയില്‍നടന്ന 'റിവ്യു' യോഗമാണ് വനംവകുപ്പ് പ്രതിനിധികള്‍ എത്താത്തതിനെത്തുടര്‍ന്ന് തീരുമാനമാകാതിരുന്നത്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെത്തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന ശിരുവാണിഡാമിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജലസേചനവകുപ്പ് ശിങ്കമ്പാറയ്ക്കും ഡാമിനുമിടയില്‍ പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന ചെക്‌പോസ്റ്റ് പുനഃസ്ഥാപിച്ചിരുന്നു. ഡാമിന് കാവലേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ചെക്‌പോസ്റ്റ് പുനഃസ്ഥാപിച്ചതിനെ വനംവകുപ്പ് എതിര്‍ത്തു.

ഇതിനിടെയാണ് ശിങ്കമ്പാറ ചെക്‌പോസ്റ്റിന്റെ ഉപവിഭാഗമായി ഇഞ്ചിക്കുന്നില്‍ വനംവകുപ്പ് ചെക്‌പോസ്റ്റ് സ്ഥാപിച്ചത്. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

ഇരുവകുപ്പുംതമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത്. അടുത്തയാഴ്ച വനം-ജലസേചന മന്ത്രിമാര്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനാണ് തീരുമാനം.

ഇഞ്ചിക്കുന്നുമുതല്‍ ശിങ്കമ്പാറവരെയുള്ള ഭാഗത്ത് സാമൂഹികവിരുദ്ധ ശല്യം തടയാനാണ് പുതിയ ചെക്‌പോസ്റ്റ് സ്ഥാപിച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്.

More News from Palakkad