ആംബുലന്‍സ് കിട്ടാത്ത സംഭവം: നടപടിവേണമെന്ന് രാഷ്ട്രീയസംഘടനകള്‍

Posted on: 04 Feb 2012



അഗളി നവജാതശിശുക്കളുടെ മൃതദേഹം കൊണ്ടുവരുന്നതിന് ആസ്​പത്രികളില്‍നിന്ന് ആംബുലന്‍സ് വിട്ടുനല്‍കാത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് വിവിധ രാഷ്ട്രീയസംഘടനകള്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം. അഗളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു. യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി പി. ശിവശങ്കരന്‍, മുഹമ്മദ്ജംഷീര്‍, പി. പരമേശ്വരന്‍, എ. അരവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അട്ടപ്പാടിയിലെ സര്‍ക്കാര്‍ ആസ്​പത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതാണ് ആദിവാസി വിഭാഗത്തിലുള്ള പ്രദേശവാസികള്‍ക്ക് ചികിത്സതേടി പോകേണ്ടിവരുന്നതിന്റെ പ്രധാനകാരണമെന്ന് ജില്ലാ പഞ്ചായത്ത്‌മെമ്പര്‍ ഈശ്വരിരേശന്‍ പറഞ്ഞു. പുറമെയുള്ളവര്‍ സാധാരണക്കാരോട് കാണിക്കുന്ന അവഗണനയ്ക്ക് പ്രധാനതെളിവാണ് ആംബുലന്‍സ് വിട്ടുനല്‍കാത്ത സംഭവമെന്നും ഇതില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായനടപടി വേണമെന്നും ഈശ്വരീരേശന്‍ പറഞ്ഞു.

ആംബുലന്‍സ് വിട്ടുനല്‍കാതെ പ്ലാസ്റ്റിക്‌സഞ്ചിയില്‍ മൃതദേഹം കൊണ്ടുപോവാന്‍ പറഞ്ഞ ജില്ലാ ആസ്​പത്രി ജീവനക്കാര്‍ക്കെതിരെ നടപടിവേണമെന്ന് സി.പി.എം. അട്ടപ്പാടി ഏരിയാസെക്രട്ടറി വി.ആര്‍. രാമകൃഷ്ണന്‍ പറഞ്ഞു.

ആദിവാസി കുഞ്ഞുങ്ങളുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയവര്‍ക്കെതിരെ നടപടിവേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജോബി കുരീക്കാട്ടില്‍, സുനില്‍ ജി.പുത്തൂര്‍, സജീഷ്ചാക്കോ എന്നിവര്‍ ആവശ്യപ്പെട്ടു.

ആംബുലന്‍സ് വിട്ടുനല്‍കാത്ത സംഭവത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍കോളേജ്-ജില്ലാ ആസ്​പത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആദിവാസി സംഘടനയായ 'തമ്പ്' ആവശ്യപ്പെട്ടു.

More News from Palakkad