വ്യാജസ്വര്‍ണം നല്‍കി ഏഴുലക്ഷംതട്ടിയ യുവാവ് ആലത്തൂരില്‍ പിടിയില്‍

Posted on: 04 Feb 2012



ആലത്തൂര്‍: പഴയ തിരുവാഭരണമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജസ്വര്‍ണം നല്‍കി സ്വര്‍ണപ്പണിക്കാരനില്‍നിന്ന് ഏഴുലക്ഷം തട്ടിയെടുത്തയാള്‍ പിടിയിലായി. വയനാട് മാനന്തവാടി ഒഴക്കോടി കാഞ്ഞിരത്തിങ്കല്‍ ജയിംസാണ് (35) ആലത്തൂരില്‍ അറസ്റ്റിലായത്. കാവശ്ശേരി തെന്നിലാപുരം വടക്കാട്ട് പ്രദീപാണ് (28) തട്ടിപ്പിനിരയായത്.

കോയമ്പത്തൂരില്‍ 10വര്‍ഷമായി സ്വര്‍ണപ്പണി നടത്തുന്ന പ്രദീപിനെ ജയിംസ് രാജേഷെന്ന വ്യാജപ്പേരില്‍ ഒരുവര്‍ഷംമുമ്പ് പരിചയപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ തുടക്കം. കൂടുതല്‍ ചെമ്പുചേര്‍ത്ത് പൊലിപ്പിക്കാവുന്നതരം പഴയ സ്വര്‍ണാഭരണം നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനംചെയ്തു. കച്ചവടം ഉറപ്പിക്കുന്നതിനും സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിക്കുന്നതിനുമായി പ്രദീപിനെ വയനാട്ടിലെ ലോഡ്ജിലേക്ക് ജയിംസ് വിളിച്ചുവരുത്തി. 40 പവനോളംതൂക്കമുള്ള ആഭരണത്തില്‍നിന്ന് ഒരു കണ്ണിയെടുത്ത് പ്രദീപ് പരിശോധിച്ച് ശുദ്ധി ബോധ്യപ്പെട്ടു. ഏഴുലക്ഷംരൂപ നല്‍കി ആഭരണം വാങ്ങുകയും ചെയ്തു.

ഒന്നരയാഴ്ചമുമ്പ് ആഭരണം ഉരുക്കി പുതിയ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം പ്രദീപ് മനസ്സിലാക്കുന്നത്. യഥാര്‍ഥ സ്വര്‍ണത്തിന്റെ നിറവും ഭാരവുമുള്ള വസ്തു പ്രത്യേകതരം ലോഹമിശ്രിതം മാത്രമായിരുന്നു. സാധാരണഗതിയിലുള്ള ഒരു പരിശോധനയിലും സ്വര്‍ണമല്ലെന്ന് കണ്ടെത്താനാകില്ല.

ആലത്തൂര്‍പോലീസില്‍ പരാതിനല്‍കിയശേഷം തന്ത്രപൂര്‍വം മറ്റൊരുകച്ചവടത്തിനെന്നുപറഞ്ഞ് പ്രദീപ് ജയിംസിനെ ആലത്തൂരിലേക്ക് വിളിച്ചുവരുത്തി. സി.ഐ. എം. സന്തോഷ്‌കുമാര്‍, എസ്.ഐ. പി.എം. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലത്തൂര്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് ഇയാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. വിശ്വംഭരന്‍, അനില്‍, സതീഷ്, മനോജ് എന്നിവരും പോലീസ്‌സംഘത്തിലുണ്ടായിരുന്നു.

ജയിംസിന്റെ മൊബൈല്‍നമ്പറും പ്രദീപ് മൊബൈലില്‍ എടുത്തുവെച്ച അവ്യക്തമായ ഒരു ചിത്രവും മാത്രമാണ് കേസില്‍ ആകെയുണ്ടായിരുന്ന പിടിവള്ളി. ഇയാള്‍ നേരത്തെ കള്ളനോട്ടുകേസിലും പ്രതിയായിരുന്നു. സ്വര്‍ണാഭരണ തട്ടിപ്പില്‍ മറ്റ് നാലുപേര്‍കൂടി ജയിംസിന്റെ സഹായികളായുണ്ടായിരുന്നു.

സ്വര്‍ണച്ചേന, സ്വര്‍ണവെള്ളരി, സ്വര്‍ണഅമ്മി എന്നീ പേരുകളില്‍ നടത്തുന്ന തട്ടിപ്പിനോട് സാദൃശ്യമുള്ള രീതിയിലായിരുന്നു തട്ടിപ്പ്. സ്വര്‍ണമെന്ന് തോന്നിപ്പിക്കുന്ന വസ്തുവാണ് ഇതിന് ഉപയോഗിക്കുന്നത്. പ്രത്യേക മിശ്രിതങ്ങള്‍കൊണ്ട് നിര്‍മിക്കുന്ന ഇവ ലോഹം പോലുമല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ജയിംസിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. കൂടുതല്‍പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന സംശയവുമുണ്ട്. വയനാട്, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Tags:    . Kerala. കേരളം