കോഴിക്കോട്-ഷൊറണൂര്‍ പാസഞ്ചര്‍ സ്ഥിരം വൈകുന്നു; യാത്രക്കാര്‍ക്ക് ദുരിതം

Posted on: 04 Feb 2012



ഷൊറണൂര്‍: കോഴിക്കോട്-ഷൊറണൂര്‍ പാസഞ്ചറിലെ യാത്രക്കാര്‍ക്ക് റെയില്‍വേ ആശംസിക്കുന്നത് നരകയാത്ര. ദീര്‍ഘദൂരതീവണ്ടികള്‍ക്ക് വഴിയൊരുക്കുന്നതിനായി ഈ പാസഞ്ചര്‍ വഴിമധ്യേ പിടിച്ചിടുന്നത് യാത്രക്കാര്‍ക്ക് തീരാദുരിതമാവുകയാണ്.

പതിവായ ദുരിതത്തിനെതിരെ വെള്ളിയാഴ്ച യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് ഷൊറണൂര്‍ റെയില്‍വേ ജങ്ഷനെ പ്രക്ഷുബ്ധമാക്കി. രാവിലെ ഒമ്പതിന് പാലക്കാട്ടെത്തേണ്ട പാസഞ്ചര്‍ ഇപ്പോഴെത്തുന്നത് മുക്കാല്‍മണിക്കൂര്‍ വൈകിയാണ്.

കോഴിക്കോട്ടുനിന്ന് പുലര്‍ച്ചെ പുറപ്പെടുന്ന ഈ പാസഞ്ചര്‍ ഷൊറണൂരില്‍ യാത്ര അവസാനിപ്പിച്ചശേഷം ഷൊറണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറായാണ് യാത്ര തുടരുന്നത്. രാവിലെ 8 മണിയോടെയാണ് തീവണ്ടി ഷൊറണൂര്‍ ജങ്ഷനില്‍നിന്ന് യാത്ര ആരംഭിക്കേണ്ടത്. യാത്രക്കാരില്‍ കൂടുതലും പാലക്കാട് ഭാഗത്തേക്കുള്ള ഓഫീസ്ജീവനക്കാരും വിദ്യാര്‍ഥികളുമാണ്.

9.45നാണ് വണ്ടി ഇപ്പോള്‍ പാലക്കാട്ടെത്തുന്നത്. ഇത് ഒലവക്കോട് റെയില്‍വേസ്റ്റേഷനില്‍ യാത്രക്കാരുടെ പരക്കംപാച്ചിലിനും ഇടയാക്കുന്നു.

പള്ളിപ്പുറം, കാരക്കാട് ഭാഗങ്ങളിലായാണ് തീവണ്ടി മിക്കപ്പോഴും പിടിച്ചിടുന്നത്. ദീര്‍ഘദൂരതീവണ്ടികളായ ജനശതാബ്ദി, മംഗള എക്‌സ്​പ്രസ് എന്നിവ കടന്നുപോകുന്നതിനായാണിത്. ഷൊറണൂര്‍ ജങ്ഷനിലെത്തുമ്പോഴേക്കും എട്ടേമുക്കാലാകും. വെള്ളിയാഴ്ച ഇത് ആവര്‍ത്തിച്ചതാണ് യാത്രക്കാരെ പ്രകോപിതരാക്കിയത്. സ്റ്റേഷന്‍മാനേജരുടെ ഓഫീസില്‍ യാത്രക്കാര്‍ കൂട്ടമായെത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.

More News from Palakkad