കുടിവെള്ളപ്രശ്‌നം: ഭാരതപ്പുഴയില്‍ മൂന്ന് റെഗുലേറ്റര്‍ നിര്‍മിക്കും

Posted on: 04 Feb 2012



പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം

പാലക്കാട്: വരള്‍ച്ചയും കുടിവെള്ളപ്രശ്‌നവും പരിഹരിക്കാന്‍ ഭാരതപ്പുഴയില്‍ പട്ടാമ്പി, തൃത്താല, ഓങ്ങല്ലൂര്‍ ഭാഗത്ത് റെഗുലേറ്ററുകളും തൂതപ്പുഴയില്‍ മൂന്നിടത്ത് ചെക്ഡാമുകളും നിര്‍മിക്കാന്‍ തീരുമാനം.

ജലവിഭവവകുപ്പുമന്ത്രി പി.ജെ. ജോസഫിന്റെ അധ്യക്ഷതയില്‍നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗത്തിലാണ് തീരുമാനമുണ്ടായത്.

തൂതപ്പുഴയില്‍ മപ്പാട്ടുകര, നാട്യമംഗലം, തോണിക്കടവ് ഭാഗങ്ങളിലാണ് ചെക്ഡാമുകള്‍ നിര്‍മിക്കുക. ഇവയുടെ പ്രോജക്ട്‌റിപ്പോര്‍ട്ട് ഉടന്‍തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശംനല്‍കി.

മൂലത്തറ റെഗുലേറ്ററിന്റെ തകര്‍ന്നഭാഗം പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി സ്ഥലം എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വരള്‍ച്ച മുന്നില്‍ക്കണ്ട് വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള പദ്ധതികളുടെ നിര്‍മാണം എത്രയുംപെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കാഞ്ഞിരപ്പുഴ, പട്ടാമ്പി, നെല്ലായ, ശ്രീകൃഷ്ണപുരം തുടങ്ങിയ കുടിവെള്ളപദ്ധതികളാണ് എത്രയുംപെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുയര്‍ന്നത്.

പാലക്കാട് കുടിവെള്ളപദ്ധതിയുടെ ഭാഗമായി മലമ്പുഴ പ്ലാന്റില്‍നിന്ന് മാട്ടുമന്തവരെയുള്ള പഴയ ഇരുമ്പ് പൈപ്പ്‌ലൈന്‍ മാറ്റി ഡക്‌ടൈല്‍ അയേണ്‍പൈപ്പ് ഇടുന്നതിന് ധനവകുപ്പില്‍നിന്ന് ഉടന്‍ അനുമതി വാങ്ങാമെന്ന് മന്ത്രി അറിയിച്ചു. മൂന്നുകോടിരൂപയുടെ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ വര്‍ഷങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും ഇതുവരെ പൈപ്പ് മാറ്റിയിട്ടില്ല. ഇതുമൂലം കുടിവെള്ളപൈപ്പ്‌പൊട്ടല്‍ സ്ഥിരമാണ്.

ഗവ. ഗസ്റ്റ്ഹൗസ് ഹാളില്‍നടന്ന യോഗത്തില്‍ എം.ബി. രാജേഷ് എം.പി., എം.എല്‍.എ.മാരായ ഷാഫി പറമ്പില്‍, സി.പി. മുഹമ്മദ്, എം. ഹംസ, വി. ചെന്താമരാക്ഷന്‍, കെ.എസ്. സലീഖ, കെ. അച്യുതന്‍, എ.ഡി.എം. കെ.വി. വാസുദേവന്‍, വാട്ടര്‍ അതോറിറ്റി ഉപദേശകസമിതി അംഗം അഡ്വ. കെ.വി. മാണി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

More News from Palakkad