കോച്ച്ഫാക്ടറി സ്വകാര്യമേഖലയിലാക്കാന്‍ ശ്രമം - വി.എസ്. അച്യുതാനന്ദന്‍

Posted on: 04 Feb 2012



പാലക്കാട്: കഞ്ചിക്കോട്ടെ നിര്‍ദിഷ്ട കോച്ച്ഫാക്ടറി സ്വകാര്യമേഖലയിലാക്കാന്‍ ശ്രമം നടത്തുന്നതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. പാലക്കാട് സഹകരണ അര്‍ബന്‍ ബാങ്ക് പ്ലാറ്റിനംജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലക്കാട് റെയില്‍വേഡിവിഷന്‍ വിഭജിച്ചപ്പോള്‍ പകരം അനുവദിച്ചതാണ് കോച്ച്ഫാക്ടറി. എന്നാല്‍, മമതാബാനര്‍ജി റെയില്‍വേ മന്ത്രിയായതോടെ ഇത് നടപ്പാക്കാന്‍ താത്പര്യം കാട്ടിയിട്ടില്ല. കോച്ച്ഫാക്ടറി സ്വകാര്യമേഖലയിലാക്കുന്നതിന് യു.ഡി.എഫ്. സര്‍ക്കാറും ഒത്താശചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യനാഥന്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പായാല്‍ കേരളത്തില്‍ 1603 പ്രാഥമിക സഹകരണസംഘങ്ങള്‍ ഇല്ലാതാകും. സഹകരണബാങ്കുകളോടും പൊതുമേഖലാ ബാങ്കുകളോടും അവഗണനയും സ്വകാര്യ-പുത്തന്‍ തലമുറ ബാങ്കുകളോടുള്ള പ്രീണനവുമാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ നയം.

സഹകരണമേഖലയെ പൂര്‍ണമായി തകര്‍ക്കുന്ന നിര്‍ദേശങ്ങളാണ് വൈദ്യനാഥന്‍കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ഇത് നടപ്പായാല്‍ പ്രാഥമികബാങ്കുകള്‍ സ്വീകരിക്കുന്ന നിക്ഷേപത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന അപ്പക്‌സ് സംഘങ്ങളും അടച്ചുപൂട്ടേണ്ടിവരും. 40,000 ജീവനക്കാരെ ഇത് ബാധിക്കുമെന്നും വി.എസ്. പറഞ്ഞു.

More News from Palakkad