ഫയര്‍മാന്‍മാരുടെ നിയമനം വൈകുന്നു; അഗ്‌നിരക്ഷാസേനാ യൂണിറ്റുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍

Posted on: 04 Feb 2012



ആലത്തൂര്‍: ഫയര്‍മാന്‍മാരുടെ കുറവ് അഗ്‌നിരക്ഷാസേനാ കാര്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടും ഒഴിവുള്ള തസ്തികകളില്‍ നിയമനം വൈകുന്നു. സംസ്ഥാനത്ത് 2,342 ഫയര്‍മാന്‍മാരുടെ തസ്തികയാണുള്ളത്. 800 പേര്‍ മാത്രമാണ് സര്‍വീസിലുള്ളത്. 1542 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സര്‍വീസിലുള്ളവരില്‍ പലരും അവധിയിലുമാണ്. വേനല്‍ക്കാലം കടുത്തതോടെ തീപ്പിടിത്തം വ്യാപകമാകും. ഈ സാഹചര്യത്തില്‍ മെച്ചപ്പെട്ട സേവനംനല്‍കുന്നതില്‍ ഫയര്‍മാന്‍മാരുടെ കുറവ് അഗ്‌നിരക്ഷാസേനയ്ക്ക് പ്രതിബന്ധമാകുകയാണ്.

2008 ജൂലായിലെ വിജ്ഞാപനപ്രകാരം ഫയര്‍മാന്‍ ട്രെയിനി തസ്തികയിലേക്ക് 2010 മാര്‍ച്ചില്‍ പരീക്ഷ നടത്തിയിരുന്നു. 47 മാര്‍ക്കും അതില്‍ക്കൂടുതലും ലഭിച്ച 3121 ഉദ്യോഗാര്‍ഥികളെ ശാരീരികക്ഷമതാ പരീക്ഷയ്ക്ക് പരിഗണിക്കാന്‍ മുഖ്യപട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, അളവെടുപ്പും കായികക്ഷമതാപരീക്ഷയും കഴിഞ്ഞപ്പോള്‍ മുഖ്യപട്ടികയില്‍ 840 ഉദ്യോഗാര്‍ഥികളേ അവശേഷിച്ചുള്ളൂ.

1542 തസ്തികകള്‍ നിയമനംകാത്തുകിടക്കുമ്പോള്‍ അതില്‍ പകുതിയോളംപേര്‍ മാത്രമാണ് മുഖ്യപട്ടികയിലുള്ളത്. ഇപ്പോള്‍ ഹോംഗാര്‍ഡുമാരെ നിയമിച്ചാണ് ഫയര്‍‌സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. 2012 മാര്‍ച്ചിലെ വിരമിക്കല്‍കൂടി കഴിയുമ്പോള്‍ ഒഴിവുകള്‍ വര്‍ധിക്കും. 140 നിയോജകമണ്ഡലങ്ങളിലും ഫയര്‍‌സ്റ്റേഷന്‍ എന്ന സര്‍ക്കാര്‍പ്രഖ്യാപനം നടപ്പാക്കണമെങ്കില്‍ നിയമനങ്ങള്‍ ഉടന്‍ ഉണ്ടാകണം.

മുഖ്യപട്ടികയില്‍നിന്ന് മുഴുവന്‍പേരെ നിയമിച്ചാലും ഒഴിവുകള്‍ മുഴുവന്‍ നികത്തപ്പെടില്ല. പുതിയ വിജ്ഞാപനപ്രകാരം വീണ്ടും അപേക്ഷക്ഷണിച്ചാലും റാങ്ക്പട്ടിക തയ്യാറാക്കാന്‍ മൂന്നുവര്‍ഷമെങ്കിലും എടുക്കും.

Tags:    . Kerala. കേരളം