സൈറ്റ് വികസിപ്പിച്ചത് സുഹൃത്തുക്കള്‍ ആനകളെ ഇനി വിരല്‍ത്തുമ്പിലറിയാം

Posted on: 08 Jul 2011



പാലക്കാട്: കേരളത്തിലെ നാട്ടാനകള്‍ക്ക് മാത്രമായി ഒരു വെബ്‌സൈറ്റ് starelephant.com എന്ന സൈറ്റ് തുറന്നാല്‍ ഗജവീരന്മാരുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ വിജ്ഞാനകോശംതന്നെ സ്‌ക്രീനില്‍ തെളിയും. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന എല്ലാ നാട്ടാനകളുടെയും ചിത്രങ്ങള്‍, അതിന്റെഉയരം, വണ്ണം തുടങ്ങിയ കണക്കുകള്‍ ഇതില്‍ലഭിക്കും. ഇതോടൊപ്പം ആനകളുടെ ആരോഗ്യസംരക്ഷണം, ചികിത്സാരീതികള്‍, ആന ഉടമസ്ഥരുടെ ഫോണ്‍നമ്പറുകള്‍, ഉത്സവത്തിനും മറ്റും ആനകളെ എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരുടെ വിവരങ്ങള്‍ എന്നിവയും സൈറ്റിലുണ്ട്. ഒരേ ആനയെക്കുറിച്ചുള്ള ഏറ്റവുംപുതിയ വിവരങ്ങള്‍, വിവിധ ആനക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ആനകളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈസൈറ്റിലുണ്ട്.

പാലക്കാട്ടെ നാല് വിദ്യാര്‍ഥികളാണ് ഈ ആനസൈറ്റ് രൂപകല്പനചെയ്തത്. കുനിശ്ശേരി പാറക്കുളത്ത് സഹോദരങ്ങളായ സി.രാജേഷ്, സി.ശങ്കരനാരായണന്‍, മണപ്പുള്ളികാവിലെ അതുള്‍സായി, കാവശ്ശേരിയിലെ അച്യുതാനന്ദ് എന്നിവര്‍ചേര്‍ന്ന് മൂന്നുവര്‍ഷംമുമ്പ് തുടങ്ങിയതാണ് വെബ്‌സൈറ്റ്. വെബ്‌സൈറ്റിനെ വെറും വിനോദമായല്ല 'ആനക്കാര്യമായി'ത്തന്നെയാണ് ഇവര്‍ കാണുന്നത്.

നാട്ടാനകളെക്കുറിച്ചുള്ള എല്ലാവിവരങ്ങളും ജനങ്ങളുമായി പങ്കുവെക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വെബ്‌സൈറ്റ് തുടങ്ങുന്നത്. 2,000ത്തില്‍പ്പരം അംഗങ്ങളുണ്ട് ഇപ്പോള്‍ ഈസൈറ്റില്‍. ഫേസ്ബുക്ക്, ഓര്‍ക്കൂട്ട് പോലുള്ള സൗഹൃദകൂട്ടായ്മ സൈറ്റില്‍നിന്ന് നേരിട്ട് ലോഗിന്‍ചെയ്യാന്‍ കഴിയുന്നവിധത്തിലാണ് ഈ സൈറ്റിന്റെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ഈസൈറ്റ് വീക്ഷിക്കുന്നത്. നാട്ടാനകളെക്കുറിച്ചുമാത്രം ഇത്രയും വിപുലമായ ഒരു സോഷ്യല്‍നെറ്റ്‌വര്‍ക്ക് വേറെയില്ലെന്നാണ് ഇത് രൂപകല്പനചെയ്തവരില്‍ ഒരാളായ രാജേഷ് അവകാശപ്പെടുന്നത്. പ്രവാസികളായ ആനപ്രേമികള്‍ക്ക് ഉത്സവപ്പറമ്പില്‍ ഒരുമിച്ചുനിന്ന് തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗജകേസരികളെക്കുറിച്ച് സംവദിക്കാനും ഈ നെറ്റ്‌വര്‍ക്ക് അവസരം ഒരുക്കുന്നു. ആനകളുടെ ക്ഷേമത്തിനുവേണ്ടി ആധുനിക വിവരസാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ക്രിയാത്മകമായിത്തന്നെ ഇടപെടുകയാണ് ഈ വിദ്യാര്‍ഥികള്‍ .ആനകളെക്കുറിച്ചുള്ള എല്ലാ ഓര്‍മകളും ആശയങ്ങളും അഭിപ്രായങ്ങളും ചോദ്യങ്ങളും സംശയങ്ങളും സൈറ്റിലൂടെ പങ്കുവെക്കാം. 10,000ത്തില്‍പ്പരം ആനച്ചിത്രങ്ങളുണ്ട് സൈറ്റില്‍. മണ്‍മറഞ്ഞുപോയ ആനകളുടെ അപൂര്‍വചിത്രങ്ങളും ഇതില്‍പ്പെടും. ആനകള്‍ക്കുനേരെനടക്കുന്ന അതിക്രമങ്ങളും ചൂഷണങ്ങളും ഉടന്‍തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഈസൈറ്റിലൂടെ സാധിക്കുന്നുണ്ടെന്നാണ് സൈറ്റ് രൂപകല്പനചെയ്തവര്‍ പറയുന്നത്.

ഇക്കാര്യത്തില്‍ വെബ്‌സൈറ്റിലെ അംഗങ്ങളുടെ പൂര്‍ണ സഹകരണം ലഭിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. പാപ്പാന്‍മാര്‍ക്കുവേണ്ടി പരിശീലനക്ലാസ് സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ വിദ്യാര്‍ഥികള്‍. എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇവരുടെ അഭിപ്രായം.

പഠിക്കാനും മിടുക്കരായ ഇവര്‍ക്ക് വീട്ടുകാരുടെ പൂര്‍ണപിന്തുണയുമുണ്ട്. ഭാവിയില്‍ starelephant.com വെബ്‌സൈറ്റില്‍ സ്വന്തം ആനകളുടെ ചിത്രവും ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ഏറ്റവുംവലിയ ആഗ്രഹം

More News from Palakkad