സേലം: സേലത്ത് ഇടിമിന്നലോടെ പെയ്ത കനത്തമഴയില്‍ ഇരുന്നൂറില്‍പ്പരം വീടുകളില്‍ വെള്ളം കയറി. തടാകങ്ങളും കുളങ്ങളും നിറഞ്ഞുകവിഞ്ഞു. കൃഷ്ണഗിരിയില്‍ മഴ കാരണം വീടിന്റെ ചുമരിടിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. തണ്ടേകുപ്പം ഗ്രാമത്തിലെ രാധ (70), മകള്‍ പുഷ്പ (35), മകന്‍ വെങ്കടസ്വാമിയുടെ മക്കള്‍ വസന്തകുമാര്‍ (16), ഭഗവതി എന്ന ചന്ദ്രു (13), മുല്ലൈ (8) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഒന്നരമാസമായി കൃഷ്ണഗിരിയില്‍ മഴ പെയ്തുകൊണ്ടിരിക്കയാണ്. രാധയുടെ ഓടിട്ടവീട് മഴയില്‍ കുതര്‍ന്നിരിക്കയായിരുന്നു. ബുധനാഴ്ചരാത്രിയില്‍ പെയ്ത കനത്തമഴ കാരണം അതിരാവിലെ മൂന്നുമണിക്ക് വീടിന്റെ ചുമരിടിഞ്ഞുവീണു. വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുപേരും ചുമരിന്റെ അടിയില്‍പ്പെട്ടു. അയല്‍വാസികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൃഷ്ണഗിരി അഗ്നിശമനസേന സംഭവസ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് കൃഷ്ണഗിരി സര്‍ക്കാര്‍ ആസ്​പത്രിയിലേക്കയച്ചു.

വസന്തകുമാര്‍ 10-ാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. ഭഗവതി, മുല്ലൈ എന്നിവര്‍ 8-ാം ക്‌ളാസിലും 5-ാം ക്‌ളാസിലും പഠിക്കുകയായിരുന്നു. സേലത്തുപെയ്ത കനത്തമഴയില്‍ അമ്മാപ്പേട്ട, പച്ചപ്പട്ടി, കിച്ചിപ്പാളയം, അസ്തംപട്ടി, കൊണ്ടലാംപട്ടി, സൂരമംഗലം, സെവ്വാപ്പേട്ട എന്നീ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അസ്തംപട്ടിയില്‍ മരങ്ങള്‍ കടപുഴകി വീണതിനാല്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. അമ്മാപ്പേട്ടയിലെ വീടുകളില്‍ വെള്ളം കയറി. അമ്മാപ്പേട്ട കുമരഗിരി തടാകം, ജലകണ്ടാപുരം തടാകം, കണ്ണങ്കുറിച്ചി തടാകം എന്നിവ നിറഞ്ഞു. റോഡുകള്‍ മുഴുവന്‍ കുണ്ടും കുഴിയുമായി യാത്രചെയ്യാന്‍ പ്രയാസമായിരിക്കയാണ്.