പഴനി: പഴനി-കൊടൈക്കനാല്‍ റോഡ് ശവരിക്കാടിനടുത്ത് വാന്‍ പത്തടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവറുള്‍െപ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. കടലൂര്‍ ജില്ലാ നെയ്വേലിയിലെ രംഗനാഥന്റെ മകന്‍ ഭാസ്‌കരന്‍ (55), ഭാര്യ ശിവഗാമസുന്ദരി (40), ഭാസ്‌കര്‍ (40), ഡ്രൈവര്‍ സമ്പത്ത് കുമാര്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
 
ശനിയാഴ്ച രാത്രി നെയ് വേലിയില്‍നിന്ന് കുട്ടികളടക്കം ഇരുപതുപേര്‍ കൊടൈക്കനാലിലേക്ക് പോയി മടങ്ങുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് പഴനി ക്ഷേത്രത്തിലേക്ക് തൊഴാന്‍വരുന്ന സമയത്താണ് അപകടം. വാനിലെ മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കേറ്റു.

പരിക്കേറ്റവരെ അതുവഴിവന്ന ജനങ്ങള്‍ വാഹനങ്ങളില്‍ കയറ്റിയാണ് പഴനി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഭാസ്‌കരന് തലയിലാണ് മുറിവേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.