കൊപ്പം: തിരുവേഗപ്പുറ തൂതപ്പുഴ കേന്ദ്രികരിച്ച് നിര്‍മിച്ച നാടന്‍കലാ ഉദ്യാനം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഉദ്ഘാടനത്തിന് ടൂറിസംമന്ത്രിയുടെ സമയംതേടിയിരിക്കയാണ് അധികൃതര്‍. നിര്‍മാണപ്രവൃത്തി വൈകുന്നതിനെക്കുറിച്ച് മാതൃഭൂമി നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.

തൂതപ്പുഴ കേന്ദ്രീകരിച്ചുള്ള ജില്ലയിലെ ആദ്യ വിനോദസഞ്ചാരപദ്ധതികൂടിയാണ് തിരുവേഗപ്പുറയില്‍ യാഥാര്‍ഥ്യമാകുന്നത്. 2015 ഓഗസ്റ്റിലാണ് പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ക്ക് തുടക്കംകുറിച്ചത്. ഒന്നാംഘട്ടത്തില്‍ നാടന്‍കലാ ഉദ്യാനമാണ് നടപ്പാക്കിയത്. രണ്ടുവര്‍ഷക്കാലം വേണ്ടിവന്നു ഒന്നാംഘട്ടപണി പൂര്‍ത്തിയാക്കാന്‍.

പ്രവൃത്തികള്‍ പലപ്പോഴായി മുടങ്ങിയതുമൂലമാണ് പൂര്‍ത്തികരണം നീണ്ടത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ അറിയിച്ചിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്ന്, എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് മാസത്തില്‍ ഉദ്ഘാടനം നടത്താന്‍ ആലോചനയുണ്ടായി. അത് നടന്നില്ല. നിര്‍മാണം പൂര്‍ത്തിയായ പദ്ധതിയുടെ ഒന്നാംഘട്ടം പെരുന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് തുറന്നുകൊടുക്കാനാകുമെന്നാണ് സൂചന.

ജില്ലാ നിര്‍മിതികേന്ദ്രത്തിനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല. വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായുള്ള ഒന്നാംഘട്ടത്തില്‍ ഉദ്യാനത്തിന് ഒരുകോടിരൂപയാണ് ടൂറിസം പ്രൊമേഷന്‍ കൗണ്‍സില്‍ അനുവദിച്ചിരുന്നത്. കുട്ടികളുടെ പാര്‍ക്ക്, ആംഫി തിയേറ്റര്‍, ഉദ്യാനം, ഓഫീസ് കെട്ടിടം, ശൗചാലയം, പടിപ്പുര തുടങ്ങിയവയുടെ പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കിയിരിക്കുന്നത്.

പഞ്ചായത്ത് എറ്റെടുത്ത് നല്‍കിയ പുഴയോരത്തെ ആറേക്കറോളം സ്ഥലത്താണ് വിനോദസഞ്ചാരപദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടംപണി പൂര്‍ത്തിയായാല്‍ രണ്ടാംഘട്ടത്തിന് ഫണ്ടനുവദിക്കുമെന്നായിരുന്നു കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ചരിത്രപ്രസിദ്ധമായ രായിനല്ലൂര്‍മലയെയും തൂതപ്പുഴയെയും കേന്ദ്രീകരിച്ചുള്ള തൂതപ്പുഴയോരം വിനോദസഞ്ചാരപദ്ധതിയാണ് വിഭാവനംചെയ്തിട്ടുള്ളത്. അഞ്ചുകോടിയോളം രൂപയുടെ പദ്ധതിരൂപരേഖയാണ് പഞ്ചായത്ത് സമര്‍പ്പിച്ചിരുന്നത്.

പന്തിരുകുല പ്രധാനികളുടെ ചിത്രങ്ങള്‍ ആലേഖനംചെയ്തുള്ള പ്രതിമകള്‍, ഉദ്യാനത്തിലേക്കുള്ള റോഡ് നവീകരണം, പാര്‍ക്കിങ് എരിയയുടെ പ്രവൃത്തി, ഉദ്യാനത്തിനോടുചേര്‍ന്നുള്ള പുഴയോര സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഒന്നാം ഘട്ടത്തില്‍ നടപ്പാകേണ്ടതാണെങ്കിലും ഫണ്ടിന്റെ അപര്യാപ്തതമൂലം നടന്നിട്ടില്ല.

തൂതപ്പുഴയോരം വിനോദസഞ്ചാരപദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തിക്കാവശ്യമായ നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തിരുവേഗപ്പറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ സ്ഥിരംസമിതി അധ്യക്ഷനുമായ എം.എ. സമദ് പറഞ്ഞു.