പഴനി: നിലക്കോട്ടയിൽ ജമന്തിയ്ക്ക് വില കുറഞ്ഞതിനാൽ കർഷകർ പൂ പറിക്കാതെ തോട്ടത്തിൽത്തന്നെ നിർത്തുന്നു. തമിഴ്നാട്ടിൽ  ദിണ്ടിക്കൽ, മധുരൈ, തേനി ജില്ലകളിൽ മാത്രം കൃഷിചെയ്തിരുന്ന ജമന്തിപ്പൂ ഇപ്പോൾ സേലം, കൃഷ്ണഗിരി,  ശിവഗംഗ,  ജില്ലകളിലും   വൻതോതിൽ കൃഷിചെയ്യുന്നതിനാൽ  ഉത്പാദനം കൂടിയതാണ്  വില കുറയാൻ കാരണം. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് ജമന്തി പൂക്കുന്നത്. 

ഈ മാസങ്ങളിൽ മണ്ഡലകാലം, മുരുകഭക്തരുടെ യാത്ര എന്നിവ  ഉള്ളതിനാൽ പൂക്കളുടെ ഉപയോഗവും കൂടുതലാണ്. എന്നിട്ടും വില കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായി. കഴിഞ്ഞവർഷം കിലോക്ക് 40 രൂപമുതൽ 100 രൂപവരെ      വിറ്റ ജമന്തി കഴിഞ്ഞ പത്തുദിവസമായി  കിലോക്ക് 20, 15, 10 രൂപ   എന്നിങ്ങനെയാണ്   വിൽക്കുന്നത്.

പൂക്കൾ പറിച്ച് മാർക്കറ്റിലേക്ക് കൊണ്ടുവരാനുള്ള ചെലവുകൂടി ലഭിക്കാത്ത സ്ഥിതിയാണെന്ന് ജി. തുമ്മലപട്ടിയിലെ കർഷകനായ അൻപഴകൻ പറഞ്ഞു.