പി.കെ. മണികണ്ഠന്‍
ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതി നടത്തിപ്പിനായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൊഫ. കെ.വി. തോമസും ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ്ഡയറക്ടര്‍ ഇ. ശ്രീധരനും കൂടിക്കാഴ്ച നടത്തി. കൊച്ചി മെട്രൊ പൊതുമേഖലയില്‍ നടപ്പാക്കണമെന്ന അഭിപ്രായം ഇ. ശ്രീധരന്‍ ആവര്‍ത്തിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതി പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കൊച്ചി മെട്രോയ്ക്കായി രാഷ്ട്രീയസമ്മര്‍ദം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകുടെ തുല്യ ഓഹരി പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഓഹരിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് പദ്ധതി യാഥാര്‍ഥ്യമാവാനുള്ള പ്രധാന തടസ്സമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഓഹരിക്കു പകരം സഹായധനം നല്‍കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍, ഡല്‍ഹി മെട്രോയിലേതുപോലെ കേന്ദ്രസര്‍ക്കാര്‍ ഓഹരി പങ്കാളിത്തം വഹിക്കണമെന്ന നിലപാടില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മാറിയിട്ടില്ല. ഈ തര്‍ക്കം പരിഹരിച്ചാല്‍ കൊച്ചി മെട്രോ യാഥാര്‍ഥ്യമാവാനുള്ള വഴി തെളിയും.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതുപോലെ പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ കൊച്ചിമെട്രോ നടപ്പാക്കിയാല്‍ ഇനിയും കാലതാമസം എടുക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഇ. ശ്രീധരന്‍ പറഞ്ഞു. ചുരുങ്ങിയത് പതിനെട്ടു മാസമെങ്കിലും കൂടുതലായി വേണ്ടിവരും. പുതിയ കണ്‍സള്‍ട്ടന്റിനെ നിശ്ചയിക്കുക, രൂപകല്‍പ്പന നിര്‍വഹിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഏറെ സമയമെടുക്കും. ബാംഗ്ലൂരിലും ചെന്നൈയിലുമുള്ളതു പോലെ പൊതുമേഖലാടിസ്ഥാനത്തില്‍ കൊച്ചി മെട്രോയും നടപ്പാക്കുന്നതാണ് പ്രായോഗികമെന്നും ശ്രീധരന്‍ പറഞ്ഞു.
കൊച്ചി മെട്രോ നടപ്പാക്കാനുള്ള സാധ്യതകളെക്കുറിച്ച് ശ്രീധരനുമായി വിശദമായി ചര്‍ച്ച നടത്തിയതായി മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയെയും കഴിഞ്ഞ ദിവസം കണ്ടിരുന്നു. കൊച്ചിയുടെ വികസനത്തിന് ഏറെ സംഭാവന നല്‍കാന്‍ കഴിയുന്ന പദ്ധതിയാണ് മെട്രോ റെയില്‍. കഴിഞ്ഞ ഇടതുസര്‍ക്കാറും പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ ഏറെ മുന്നോട്ടു പോയി. മെട്രോ നടപ്പാക്കണമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എങ്ങനെ നടപ്പാക്കാമെന്നതിനെക്കുറിച്ചായിരുന്നു ശ്രീധരനുമായുള്ള ചര്‍ച്ച. ഡല്‍ഹി മെട്രോ മാതൃകയില്‍ പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കൊച്ചി മെട്രോയില്‍ ശ്രീധരന്റെ മാര്‍ഗനിര്‍ദേശം ഏറെ പ്രധാനപ്പെട്ടതാണ്. പദ്ധതി എത്രയും പെട്ടെന്നു യാഥാര്‍ഥ്യമാക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിക്കുമെന്നും കെ.വി. തോമസ് പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണമെന്ന നേരത്തേയുള്ള നിലപാട് ചര്‍ച്ചയില്‍ ശ്രീധരന്‍ ആവര്‍ത്തിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഓഹരിക്കു പുറമേ പദ്ധതിക്ക് പണം കണ്ടെത്താനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. ഡല്‍ഹി മെട്രോയിലേതു പോലെ ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സിയില്‍നിന്നുള്ള വായ്പ, ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് പണം സമാഹരിക്കുക, ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടില്‍ നിന്ന് വായ്പയെടുക്കുക എന്നിങ്ങനെ മൂന്നു വഴികള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു. ഇതില്‍ ഏറ്റവും പ്രായോഗികമായത് സംസ്ഥാന സര്‍ക്കാറിന് സ്വീകരിക്കാം. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കാനായി കേന്ദ്രത്തില്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമാക്കണമെന്നും ഇ. ശ്രീധരന്‍ കൂടിക്കാഴ്ചയില്‍ മന്ത്രി കെ.വി. തോമസിനോട് ആവശ്യപ്പെട്ടു.
ഡല്‍ഹി മെട്രോ മാതൃകയില്‍ കൊച്ചി മെട്രോയും നടപ്പാക്കണമെന്നാണ് തുടക്കം മുതലേയുള്ള കേരള സര്‍ക്കാറിന്റെ ആവശ്യം. എന്നാല്‍, കേന്ദ്രസര്‍ക്കാറും ആസൂത്രണ കമ്മീഷനും ഇതിനു തടസ്സം നില്‍ക്കുകയായിരുന്നു. ഇതുവരെ പദ്ധതിക്ക് കേന്ദ്രംഅംഗീകാരം നല്‍കിയിട്ടില്ല. ഡല്‍ഹി മെട്രോയില്‍ കേന്ദ്രവും സംസ്ഥാനവും 25 ശതമാനം വീതം ഓഹരിയും ശേഷിക്കുന്ന തുക ജപ്പാന്‍ വായ്പയുമാണ്. കൊച്ചി മെട്രോയ്ക്ക് ഓഹരിക്കു പകരം ധനസഹായം നല്‍കാമെന്ന കേന്ദ്രനിര്‍ദേശം ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യവും കേന്ദ്രമന്ത്രിമാരുടെ നിരന്തര സമ്മര്‍ദവും പരിഗണിച്ച് മെട്രോ പൊതുമേഖലയില്‍ നടപ്പാക്കുന്നതിനെ കേന്ദ്രംഅനുകൂലിച്ചിട്ടുണ്ടെങ്കിലും ഓഹരി നല്‍കാനാവില്ലെന്ന നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. ഓഹരിക്കു പകരം ധനസഹായം നല്‍കാമെന്ന കേന്ദ്രനിലപാടു തന്നെയാണ് കൊച്ചി മെട്രോയുടെ അംഗീകാരത്തിനുള്ള പ്രധാന തര്‍ക്കവും തടസ്സവും. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കാണ് സാധാരണനിലയില്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കാറുള്ളത്. എന്നാല്‍ ഡല്‍ഹി മെട്രോയ്ക്ക് നല്‍കിയതു പോലെ കൂടുതല്‍ പണം മറ്റു മെട്രോ പദ്ധതികള്‍ക്ക് നല്‍കാനാവില്ലെന്നാണ് കേന്ദ്ര ആസൂത്രണ കമ്മീഷന്റെയും നിലപാട്. അതുകൊണ്ടു തന്നെ കൊച്ചി മെട്രോയ്ക്കു വേണ്ടി വലിയ സാമ്പത്തികബാധ്യത വഹിക്കാന്‍ കേന്ദ്രം തയ്യാറുമല്ല.
കൊച്ചി മെട്രോയുടെ ഭാഗമായി അടിസ്ഥാന സൗകര്യം വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 148 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ 30 കോടി രൂപ ഇതിനകം കൈമാറിക്കഴിഞ്ഞു. ആസൂത്രണകമ്മീഷന്‍ പഴയ സമീപനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം അലുവാലിയയുമായി നടത്തിയ ചര്‍ച്ചയുടെ അനുഭവത്തില്‍ മന്ത്രി തോമസിന്റെ അഭിപ്രായം. മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചി മെട്രോ പദ്ധതിക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് അറിയിച്ചിരുന്നു. ചെന്നൈ, ബാംഗ്ലൂര്‍ മെട്രോ മാതൃകയില്‍ പദ്ധതി നടപ്പാക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്ന നിലയ്ക്കാണ് കെ.വി.തോമസും ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.