മട്ടന്നൂരിന്റെ സലിം ദേശീയ ശ്രദ്ധയില്‍

Posted on: 20 May 2011മട്ടന്നൂര്‍/കാസര്‍കോട്: ആദ്യമായി ഒരു സിനിമ നിര്‍മിക്കുക. അതിന് ദേശീയ അവാര്‍ഡ് ലഭിക്കുക. മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ പി.പി.ഹൗസില്‍ പി.പി.സലീം അഹമ്മദ് എന്ന സലിം മട്ടന്നൂരിനെ തേടിയെത്തിയത് അപൂര്‍വ ഭാഗ്യം. സീരിയല്‍ നിര്‍മാണവും മിമിക്രി ട്രൂപ്പുമായി നടന്ന ഒരു യുവാവിനെത്തേടി ദേശീയ അവാര്‍ഡ് എത്തുമ്പോള്‍ മട്ടന്നൂരിലെ കലാലോകത്തിന് അടക്കാനാവാത്ത സന്തോഷമാണ്. 'പ്രയത്‌നിച്ചതിന് ഫലം കിട്ടി. അവാര്‍ഡ് വിവരമറിഞ്ഞ് വീട്ടിലെത്തിയ നാട്ടുകാരോടും പത്രലേഖകരോടും ഈ മറുപടിയേ സലീമിന് പറയാനുണ്ടായിരുന്നുള്ളൂ. ' ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിനാണ് അവാര്‍ഡ് . അതും മികച്ച ചിത്രത്തിനുള്ളത്.

കാസര്‍കോട്ടെ നായന്‍മാര്‍ മൂലയിലെ അഷ്‌റഫ് ബേഡിയും സലീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ അത്താണിയായിരുന്നു ഷൂട്ടിങ്ങ് ലോക്കേഷന്‍. ഹജ്ജിന് പോകാന്‍ പണം പിരിച്ചിട്ടും പോകാന്‍ പറ്റാത്ത ദമ്പതിമാരുടെ കഥയാണ് സലീം തന്റെ ചിത്രത്തിലൂടെ അനാവരണം ചെയ്തത്. ' എന്റെ നാട്ടുകാര്‍ തന്നെയാണ് ഇതിലെ കഥാപാത്രങ്ങള്‍ എല്ലാം കണ്ടു പരിചയമുള്ള മുഖങ്ങള്‍. ചുരുക്കത്തില്‍ മട്ടന്നൂരുകാരുടെ കഥയാണ് ആദാമിന്റെ മകന്‍ അബു' -സലിം പറയുന്നു.

മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളേജില്‍ നിന്ന് കോമേഴ്‌സില്‍ ബിരുദവും ടൂറിസം രംഗത്തെ അയാട്ടെ കോഴ്‌സും പൂര്‍ത്തിയാക്കിയ സലിം മട്ടന്നൂരില്‍ ട്രാവല്‍ ഏജന്‍സി നടത്തുകയാണ്. മിമിക്രിയോടുള്ള ഇഷ്ടമാണ് സിനിമാ രംഗത്തേക്കുള്ള കടന്നുവരവിന് വഴിയൊരുക്കിയത്. സൂര്യാ ടി.വി.യിലെ 'രസികരാജ നമ്പര്‍ വണ്‍' എന്ന സീരിയല്‍ സംവിധാനം ചെയ്തതും സലീമാണ്. ചാപ്ലിന്‍സ് ഇന്ത്യയുടെ സംഘാടകനാണ്. അഹമ്മദ് കുട്ടിയുടെയും ആസ്യഉമ്മയുടെയും മകനാണ്. മഹീദയാണ് ഭാര്യ. അലന്‍ സഹര്‍. അമല്‍ എന്നിവര്‍ മക്കള്‍.

സംവിധായകന്‍ സലീം അഹമ്മദിന്റെ മട്ടന്നൂരിലെ വീട്ടിലായിരുന്നു അവാര്‍ഡ് വിവരം അറിയുമ്പോള്‍ അഷ്‌റഫ് ബേഡി. സുഹൃത്തുക്കളായ അഷ്‌റഫിന്റെയും സലിം അഹമ്മദിന്റെയും ആദ്യ സംരംഭമാണിത്. സലിം അഹ്മ്മദിന്റെ കഥ സിനിമാ രൂപത്തിലാക്കുമ്പോള്‍ തന്നെ പ്രധാന കഥാപാത്രമായ അബുവായി സലിം കുമാറിനെ കണ്ടിരുന്നു. സലിംകുമാറിന് അവാര്‍ഡ് ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.

സിനിമ അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അഷ്‌റഫ് പറഞ്ഞു. ഹിന്ദിയിലേക്ക് സിനിമ റീമേക്ക് ചെയ്യുന്നതിന്റെ ഭാഗമായാണ് സറീന വഹാബിനെ തിരഞ്ഞെടുത്തത്. സലിംകുമാറിന്റെ ഭാര്യയായിട്ടാണ് സറീന വഹാബ് അഭിനയിക്കുന്നത്. സലീം അഹമ്മദുമൊത്ത് ഒരു സിനിമ കൂടി ചെയ്യാന്‍ ഉദ്ദേശമുണ്ടെന്നും അഷ്‌റഫ് പറഞ്ഞു. പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടറാണ് അഷ്‌റഫ്. ഭാര്യ: ജുലൈന. മക്കള്‍: ലായ്ക്, അമിക്, മെഹ്ക.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/