ആഹ്വാന്‍ സെബാസ്റ്റ്യന്‍ അന്തരിച്ചു

Posted on: 03 Mar 2011കോഴിക്കോട്: പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ആഹ്വാന്‍ സെബാസ്റ്റ്യന്‍ (77) കോഴിക്കോട്ടെ സ്വകാര്യ ആസ്​പത്രിയില്‍ അന്തരിച്ചു.

രണ്ടു മാസത്തോളമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെ നാടകത്തെ ഉപാസിച്ച കലാകാരനാണ് ആഹ്വാന്‍ സെബാസ്റ്റ്യന്‍. നാനൂറിലേറെ നാടകങ്ങളുടെ സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ ആഹ്വാന്‍ ആര്‍ട്‌സിന്റെ പ്രധാന നടന്‍ എന്ന നിലയ്ക്കാണ് ആഹ്വാന്‍ സെബാസ്റ്റ്യന്‍ എന്ന പേര്‍ വന്നത്. ആഹ്വാനം, ഭ്രാന്താലയം, ഉപാസന, മാണിക്യം വിഴുങ്ങിയ കണാരന്‍ എന്നീ നാടകങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1958-ല്‍ മ്യൂസിക്കല്‍ തിയേറ്റേഴ്‌സ് എന്ന പേരില്‍ സ്വന്തമായി പ്രൊഫഷണല്‍ നാടകഗ്രൂപ്പിന് രൂപം കൊടുത്തു. 26 നാടകങ്ങള്‍ വേദിയിലെത്തിച്ചു. 1982-ല്‍ അവതരിപ്പിച്ച 'കബന്ധങ്ങള്‍' ആണ് അവസാനത്തെ നാടകം.

ഈവനിങ് മ്യൂസിക് ക്ലബ്ബ് എന്ന കൂട്ടായ്മയ്ക്ക് രൂപം കൊടുത്തിട്ടുണ്ട്.

1934 ഫിബ്രവരി 15ന് കോഴിക്കോട്ട് കോട്ടപ്പറമ്പിലാണ് ജനനം. അച്ഛന്‍: പുറത്തൂര്‍ ആന്റണി. അമ്മ: റോസമ്മ ആന്റണി. ഭാര്യ: മെറീന സെബാസ്റ്റ്യന്‍. പി.എസ്.റോയ്‌സണ്‍ ഉള്‍പ്പെടെ അഞ്ചു മക്കളുണ്ട്. മരുമകള്‍: മേരി റോയ്‌സണ്‍.

ഉപാസന, ദേവസൂത്രം, ബ്രഹ്മാസുരന്‍, ചൂഷകമന്ത്രം, അനശ്വരമന്ത്രം, കബന്ധങ്ങള്‍ എന്നിവയാണ് സെബാസ്റ്റ്യന്‍ എഴുതിയ നാടകങ്ങള്‍. 'ചക്രവര്‍ത്തി' എന്ന പേരില്‍ നാടകപഠനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശവസംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/