ആറന്മുള പൊന്നമ്മ വിടവാങ്ങി

Posted on: 22 Feb 2011തിരുവനന്തപുരം: മലയാളസിനിമയുടെ ഭാവുകത്വ പരിണാമങ്ങള്‍ക്കൊപ്പം സഞ്ചരിച്ച അമ്മ, ആറന്മുള പൊന്നമ്മ വിടവാങ്ങി. 96 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അന്ത്യം. വീട്ടില്‍വെച്ച് വീണ് കാലൊടിഞ്ഞതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ചെറുമക്കളായ രാമചന്ദ്രന്‍, രാധികാ സുരേഷ്, രമേഷ് കുമാര്‍ തുടങ്ങിയവര്‍ സമീപത്തുണ്ടായിരുന്നു.

ഭര്‍ത്താവ് കൃഷ്ണപിള്ള, മക്കളായ ഡോ. രാജശേഖരന്‍, രാജമ്മ എന്നിവര്‍ ജീവിച്ചിരിപ്പില്ല. കാല്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനിടെ ന്യുമോണിയയും ശ്വാസകോശത്തില്‍ അണുബാധയുമുണ്ടായി. ചെറുമകള്‍ രാധികയുടെ ഭര്‍ത്താവായ നടന്‍ സുരേഷ് ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിലായിരുന്നു ആറന്മുള പൊന്നമ്മ താമസിച്ചിരുന്നത്. മൃതദേഹം മകന്‍ രാമചന്ദ്രന്റെ കണ്ണമ്മൂലയിലുള്ള 'മാലേത്ത്' വീട്ടില്‍ അല്‍പ്പനേരം വെച്ചശേഷം സുരേഷ്‌ഗോപിയുടെ വീടായ 'ലക്ഷ്മി'യില്‍ എത്തിച്ചു. ചൊവ്വാഴ്ച രാവിലെ ഇവിടെ വെച്ചാകും അന്ത്യകര്‍മങ്ങള്‍ നടക്കുക. തുടര്‍ന്ന് പതിനൊന്നോടെ വി.ജെ.ടി. ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും. മൂന്നിന് തൈക്കാട് ശാന്തികവാടത്തിലാണ് ശവസംസ്‌കാരം.

ആറന്മുളയിലെ പ്രസിദ്ധമായ മാലേത്തറ വീട്ടില്‍ 1915-ല്‍ ജനിച്ച പൊന്നമ്മ അമ്മവേഷങ്ങളിലൂടെ മലയാള സിനിമാത്തറവാടിന്റെ ഭാഗമായി മാറുകയായിരുന്നു. 'ഭാഗ്യലക്ഷ്മി' എന്ന നാടകത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ആദ്യസിനിമയില്‍ത്തന്നെ അമ്മവേഷമായിരുന്നു - 1950ല്‍ പുറത്തിറങ്ങിയ 'ശശിധരന്‍'. പിന്നീടത് സ്ഥിരം വേഷമായിമാറി. മലയാളത്തിലെ ആദ്യ കളര്‍ചിത്രമായ 'കണ്ടംബെച്ചകോട്ടി'ലും ഒരു മുസ്‌ലിം ഉമ്മയുടെ വേഷമായിരുന്നു. അഞ്ഞൂറോളം സിനിമകളില്‍ പൊന്നമ്മ അഭിനയിച്ചു. അന്‍പതുവര്‍ഷം നീണ്ട അഭിനയജീവിതത്തില്‍ അവിസ്മരണീയമായ ഒട്ടേറെ വേഷങ്ങള്‍ അവരുടേതായിട്ടുണ്ട്. ബാല്യകാലസഖി, പാടാത്ത പൈങ്കിളി, വേലുത്തമ്പി ദളവ, അന്വേഷിച്ചു കണ്ടെത്തിയില്ല, ദേവീ കന്യാകുമാരി, സ്വാമി അയ്യപ്പന്‍, കൊടിയേറ്റം, ഈ നാട്, സര്‍ഗം, ആകാശദൂത് തുടങ്ങിയ ചിത്രങ്ങള്‍ ഈ ഗണത്തില്‍പ്പെടുന്നു. തിക്കുറിശ്ശി, മിസ് കുമാരി തുടങ്ങിയവര്‍ മുതല്‍ ഏറ്റവും പുതുതലമുറക്കാരുടെവരെ അമ്മയും അമ്മൂമ്മയുമാകാന്‍ കഴിഞ്ഞ നടിയായിരുന്നു അവര്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ 'കഥാപുരുഷ'നിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ദേശീയ പുരസ്‌കാരവും നേടി. ഏറെക്കാലമായി അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന പൊന്നമ്മ ഒടുവിലായി അഭിനയിച്ചത് 'ജനാധിപത്യം' എന്ന സിനിമയിലാണ്. 'മാതൃഭൂമി' ടെലിവിഷന്റെ 'മേഘം' ഉള്‍പ്പെടെയുള്ള പരമ്പരകളിലൂടെ ടെലിവിഷന്‍ രംഗത്തും അമ്മവേഷങ്ങളില്‍ തിളങ്ങിയിരുന്നു. 2006-ല്‍ സിനിമാലോകത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും ശവസംസ്‌കാരം.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/