ഭൂട്ടാന്‍ ലോട്ടറി നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കി

Posted on: 02 Feb 2011



കൊച്ചി: ഭൂട്ടാന്‍ ലോട്ടറിയുടെ വില്പന രാജ്യത്ത് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം കൊടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

സംസ്ഥാനത്ത് ഭൂട്ടാന്‍ ലോട്ടറിയുടെ വില്പനയില്‍ പല വ്യവസ്ഥാലംഘനങ്ങളും നടക്കുന്നുണ്ട്. ഇക്കാര്യം കാണിച്ച് കേന്ദ്രസര്‍ക്കാരിന് സംസ്ഥാനം പലതവണ പരാതി നല്‍കി. എന്നാല്‍, ഇവയിലൊന്നും കേന്ദ്രം ഉചിതമായ നടപടി കൈക്കൊണ്ടിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി നികുതിവകുപ്പു സെക്രട്ടറി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

കേന്ദ്ര ലോട്ടറി നിയമത്തിന്റെ നാലാംവകുപ്പിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഭൂട്ടാന്‍ലോട്ടറി വില്പന നടക്കുന്നത്. ലോട്ടറിയുടെ മൊത്തവാങ്ങലുകാര്‍, ഏജന്റുമാര്‍ എന്നിവരുമായി ഭൂട്ടാന്‍സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍തന്നെ കേന്ദ്രലോട്ടറി നിയമവ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. കഴിഞ്ഞ അഞ്ചുകൊല്ലത്തോളമായി കേന്ദ്രത്തിന് സര്‍ക്കാര്‍ നിവേദനങ്ങള്‍ നല്‍കിവരികയാണ്. ഏറ്റവുമൊടുവില്‍ ആഴ്ചയിലൊരു നറുക്കെടുപ്പിന് അനുമതി നല്‍കിക്കൊണ്ടുള്ള ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌വന്നശേഷവും മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടിയുണ്ടായിട്ടില്ല. ഭൂട്ടാന്‍ലോട്ടറിയുടെ നടത്തിപ്പിലെ ക്രമക്കേടിന്മേല്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്ന് ഹൈക്കോടതി മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവുകളും ഹര്‍ജിയോടൊപ്പമുണ്ട്.

വ്യവസ്ഥ ലംഘനത്തെപ്പറ്റി അന്വേഷിച്ച് ഭൂട്ടാന്‍ലോട്ടറി വില്പനകേന്ദ്രം നിരോധിക്കണമെന്നാണാവശ്യം. ഇത് പിന്നീട് ഹൈക്കോടതിയുടെ പരിഗണനക്കുവരും.

ഭൂട്ടാന്‍ ലോട്ടറിയുടെ വില്പനനടത്തുന്ന മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ്, കൊല്‍ക്കൊത്തയിലെ മോണിക്ക ഡിസ്ട്രിബ്യൂട്ടേഴ്‌സ്, ഭൂട്ടാനിലെ പെമലാദന്‍ എന്നിവക്കുപുറമെ കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറിയും ഹര്‍ജിയില്‍ എതിര്‍കക്ഷിയാണ്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/