സി.ബി.ഐ ചമഞ്ഞ് പണംതട്ടിപ്പ്: ഒരാള്‍ പിടിയില്‍

Posted on: 10 Sep 2010



ന്യൂഡല്‍ഹി:സി.ബി.ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് പണം തട്ടിയ സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. ദര്യാഗഞ്ചിലെ സഞ്ജീവ് ഗില്‍(45) ആണ് പിടിയിലായത്. അജ്മീരി ബസാറിലെ കടയില്‍നിന്ന് സാധനം വാങ്ങാനെത്തിയ ഉത്തരാഞ്ചല്‍ സ്വദേശി നാഗേന്ദര്‍ സിങ്ങാണ് കബളിപ്പിക്കപ്പെട്ടത്.

കട തുറക്കാതിരുന്നതിനാല്‍ പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന നാഗേന്ദര്‍ സിങ്ങിനോട് സഞ്ജീവും സംഘവും വന്ന് സി.ബി.ഐയില്‍ നിന്നാണെന്ന് പറഞ്ഞു. തുടര്‍ന്ന് സി.ബി.ഐയുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തിരിച്ചറിയല്‍കാര്‍ഡ് കാണിച്ചശേഷം നാഗേന്ദര്‍ സിങ്ങിനോട് ദേഹം പരിശോധിക്കണമെന്നു പറഞ്ഞു.

നാഗേന്ദറിന്റെ ശരീരപരിശോധന നടത്തുകയും ഇയാളില്‍നിന്ന് അഞ്ഞൂറു രൂപയുടെ അഞ്ച് നോട്ടുകള്‍ എടുക്കുകയും ചെയ്തു. നോട്ടുകളിലെ നമ്പര്‍ ഇവര്‍ കുറിച്ചെടുത്തശേഷം കടലാസില്‍ പൊതിഞ്ഞ് ഇവ തിരിച്ചുനല്‍കി. എന്നാല്‍ കുറച്ചുനേരത്തിനുശേഷം സംശയംതോന്നിയ നാഗേന്ദര്‍ പൊതി തുറന്നു നോക്കിയപ്പോഴാണ് നോട്ടുകള്‍ അതില്‍ വെച്ചിട്ടില്ലെന്നു മനസ്സിലായത്. തുടര്‍ന്ന് നാഗേന്ദര്‍ ബഹളംവെച്ചതിനെ ത്തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

സി.ബി.ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പുനടത്തുന്നത് പതിവാണെന്ന് സഞ്ജീവ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/