ദുരന്തം നടന്നത് എകൈ്‌സസ് സംഘം പരിശോധിച്ച ഷാപ്പില്‍ തന്നെ
Posted on: 10 Sep 2010
കുറ്റിപ്പുറം: വിഷക്കള്ള് ദുരന്തം നടന്ന ദിവസം രാവിലെ എകൈ്‌സസ് സംഘം ഷാപ്പില്‍ പരിശോധന നടത്തിയിരുന്നുവെന്നതിന് തെളിവ്. വിഷക്കള്ള് കണ്ടെത്താന്‍ എകൈ്‌സസിനായില്ല. പേരശ്ശനൂരിലെ ഷാപ്പിലാണ് കുറ്റിപ്പുറം റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പരിശോധന നടത്തിയത്. ദുരന്തത്തെത്തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഷാപ്പുകളില്‍നിന്നും പോലീസ് പിടിച്ചെടുത്ത രജിസ്റ്ററിലാണ് പരിശോധന നടത്തിയതായി എകൈ്‌സസ് പ്രിവന്റീവ് ഓഫീസര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഇവിടെനിന്നും കള്ളുകുടിച്ച ആറുപേര്‍ മരിച്ചിരുന്നു. ഒരാളുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുകയുംചെയ്തു. എകൈ്‌സസ് സംഘം പരിശോധിച്ചിട്ടും വിഷക്കള്ള് കണ്ടെത്താന്‍ കഴിയാതിരുന്നത് വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പരിശോധനയ്ക്കായി ഷാപ്പിലെത്തിയ സംഘം കള്ളിന്റെ സാമ്പിള്‍പോലും ശേഖരിക്കാതെയാണ് മടങ്ങിയത്.
കള്ളില്‍ കൃത്രിമം നടത്തിയത് കണ്ടെത്തി ഷാപ്പ് പൂട്ടാന്‍ നിര്‍ദേശിച്ചിരുന്നെങ്കില്‍ വലിയൊരു ദുരന്തത്തില്‍നിന്ന് ഒരു ഗ്രാമത്തെയെങ്കിലും രക്ഷിക്കാമായിരുന്നു. അതേസമയം എകൈ്‌സസ് സംഘം പരിശോധന നടത്തിപ്പോയതിനുശേഷം വൈകുന്നേരമെത്തിയ കള്ളാണ് ദുരന്തം വിതച്ചതെന്നാണ് എകൈ്‌സസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, വൈകുന്നേരം ഈ ഷാപ്പിലേക്ക് കള്ളെത്തിയതായി സമീപവാസികളോ ഷാപ്പിലെത്തിയവരോ ഓര്‍ക്കുന്നില്ല.