സതീശനെ അയയ്ക്കാമെന്ന് ഉമ്മന്‍ചാണ്ടി; സെക്രട്ടറിയെ വിടാമെന്ന് ഐസക്ക്
Posted on: 10 Sep 2010
തിരുവനന്തപുരം: ലോട്ടറി പ്രശ്‌നത്തെക്കുറിച്ചുള്ള സംവാദം നടത്താന്‍ വി. ഡി. സതീശന്‍ എം.എല്‍.എയെ അയയ്ക്കാമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. എങ്കില്‍ പ്രൈവറ്റ് സെക്രട്ടറിയെ അയയ്ക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രസ്സ് ക്ലബ്ബില്‍ വെച്ച് സംവാദം നടത്താമെന്ന് ധനമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ നിയമസഭയില്‍ എഴുതിക്കൊടുത്തശേഷം അഴിമതിയാരോപണം ഉന്നയിച്ച സതീശനെ യു. ഡി. എഫിന്റെ പ്രതിനിധിയായി നിയോഗിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്ഥലവും സൗകര്യം ഇരുവരും ചേര്‍ന്ന് തീരുമാനിക്കട്ടെ - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ട് നടന്ന പുസ്തകപ്രകാശന ചടങ്ങിനിടയില്‍ ഇത് ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. ''ഉമ്മന്‍ചാണ്ടി പ്രതിനിധിയെയാണ് അയയ്ക്കുന്നതെങ്കില്‍ താനും പ്രതിനിധിയെ അയയ്ക്കാം. ഞാന്‍ എന്തായാലും കേരളത്തിന്റെ ധനമന്ത്രിയല്ലേ. ഉമ്മന്‍ചാണ്ടിയെയാണ് ഞാന്‍ സംവാദത്തിന് വിളിച്ചത്. അദ്ദേഹം പ്രതിനിധിയെയാണ് അയയ്ക്കുന്നതെങ്കില്‍ ഞാനും പ്രതിനിധിയായി പ്രൈവറ്റ് സെക്രട്ടറിയെ അയയ്ക്കാം''- മന്ത്രി പറഞ്ഞു.
പത്രസമ്മേളനത്തിനിടയില്‍ ധനമന്ത്രിയുടെ മറുപടി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. ''മുഖ്യമന്ത്രി തയ്യാറാണെങ്കില്‍ താന്‍ സംവാദത്തിന് വരാം. അഴിമതി ആരോപണത്തെക്കുറിച്ച് നിയമസഭയില്‍ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ മനസ്സില്ലായെന്ന ധിക്കാരപരമായ മറുപടിയാണ് ധനമന്ത്രിയില്‍ നിന്നുണ്ടായത്. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ 18 പത്രസമ്മേളനങ്ങള്‍ ലോട്ടറി കാര്യത്തില്‍ നടത്തിയതാണ്. ധനമന്ത്രി ലോട്ടറി മാഫിയയെ സഹായിക്കുന്ന നടപടിയാണ് ചെയ്യുന്നത്. അതുകൊണ്ട് മുഖ്യമന്ത്രി വരട്ടെ, താനും തയ്യാര്‍''- ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംവാദമല്ല, നടപടിയാണ് ആവശ്യം എന്നതാണ് യു. ഡി. എഫിന്റെ നിലപാട്. എന്നാല്‍ സംവാദത്തിനുള്ള മന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുകയും ചെയ്യുന്നു. തങ്ങള്‍ ഈ വെല്ലുവിളി സ്വീകരിച്ച സ്ഥിതിക്ക്, അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ വെല്ലുവിളി സ്വീകരിക്കാന്‍ ധനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.