എന്‍ജി. വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; വി.സി.ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കള്‍
Posted on: 10 Sep 2010
ചെന്നൈ: ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അണ്ണാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മന്നാര്‍ ജവഹറിനെതിരെ റിട്ട് ഹര്‍ജി സമര്‍പ്പിക്കുമെന്ന് മരിച്ച വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ജ്യോതി (18)യാണ് ഏതാനും ദിവസം മുമ്പ് നാമക്കലിനടുത്ത രാസിപുരത്തെ വീട്ടില്‍ ആത്മഹത്യചെയ്തത്. ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ സഹപാഠികള്‍ പരിഹസിച്ചതില്‍ മനംനൊന്താണ് ജ്യോതി ആത്മഹത്യചെയ്തതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, വൈസ് ചാന്‍സലര്‍ മന്നാര്‍ ജവഹര്‍ ഇത് നിഷേധിച്ചിരുന്നു. ജ്യോതിയുമായി ബന്ധപ്പെട്ട് എസ്.എം.എസ്. സന്ദേശമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അണ്ണാ സര്‍വകലാശാലയില്‍ റാഗിങ് നടക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ വൈസ് ചാന്‍സലര്‍ കേസ് വളച്ചൊടിക്കുകയാണെന്നും, ഇതിനാല്‍ വൈസ് ചാന്‍സലര്‍ക്കെതിരെ തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ജ്യോതിയുടെ ബന്ധുക്കള്‍ അറിയിച്ചു.
അതിനിടെ ജ്യോതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് യൂണിവേഴ്‌സിറ്റി അധികൃതരും, പോലീസും വളച്ചൊടിച്ച് ദിശമാറ്റാന്‍ ശ്രമിക്കുകയാണെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam