അന്വേഷണ ഉദ്യോഗസ്ഥനും പബ്ലിക് പ്രോസിക്യൂട്ടറും ഹാജരാകണം - സുപ്രീം കോടതി
Posted on: 10 Sep 2010
ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്ത ക്കേസ്സിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണിച്ചന്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂട്ടറും ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇരുവരും അടുത്ത ചൊവ്വാഴ്ച കേസെടുക്കുമ്പോള്‍ ഉണ്ടാകണമെന്ന് ജസ്റ്റിസുമാരായ വി.എസ്. സിര്‍പുര്‍ക്കര്‍, സിറിയക് ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇപ്പോള്‍ പോലീസ് സൂപ്രണ്ടായ ജോഷ്വയാണ് എ.ഡി.ജി.പി. സിബിമാത്യൂസിന്റെ നേതൃത്വത്തില്‍ മദ്യദുരന്തം അന്വേഷിച്ചത്. അഡ്വ. വി. സുഗതന്‍ കൊല്ലത്തെ വിചാരണക്കോടതിയിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറും അഡ്വ. ജി. മോഹന്‍രാജ് അഡീ. സ്‌പെഷല്‍ പ്രോസിക്യൂട്ടറുമായിരുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ എസ്.പി. ജോഷ്വയും അഡ്വ. മോഹന്‍രാജും ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ ഹാജരാവും. സുപ്രീംകോടതിയുടെ വ്യാഴാഴ്ചത്തെ നിര്‍ദേശം സംസ്ഥാനസര്‍ക്കാറിനു തിരിച്ചടിയായി. മണിച്ചന്റെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ അന്വേഷണഉദ്യോഗസ്ഥനോ കൊല്ലത്ത് വിചാരണക്കോടതിയില്‍ കേസ് നടത്തിയ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറോ ഹാജരാകണമെന്ന സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ നിര്‍ദേശം അഡ്വക്കറ്റ് ജനറല്‍ തള്ളിയിരുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam