സ്വാശ്രയ കേസ്: വിദ്യാര്‍ഥികളും സുപ്രീംകോടതിയില്‍

Posted on: 10 Sep 2010



ന്യൂഡല്‍ഹി: സര്‍ക്കാരുമായി കരാറൊപ്പിട്ട സ്വാശ്രയ മെഡിക്കല്‍ കോളേജിലെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം ലഭിച്ചിരുന്ന 45 വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്കി. പ്രവേശനപരീക്ഷ റദ്ദാക്കിയ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകള്‍മൂലം പഠിക്കാനുള്ള അവസരം നഷ്ടമായെന്നും തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

അതേസമയം, സുപ്രീംകോടതിയുടെ കഴിഞ്ഞ മാസത്തെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് കേരള പ്രൈവറ്റ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.
തങ്ങളാരുംതന്നെ സര്‍ക്കാരിന്റെ പൊതുപ്രവേശനപരീക്ഷ എഴുതിയിട്ടില്ല. അസോസിയേഷനിലെ കോളേജുകളില്‍ പ്രവേശനത്തിന് മാത്രമായി ഓപ്ഷന്‍ ചുരുക്കുകയും ചെയെ്തന്ന് വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ പറയുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതിയും സുപ്രീംകോടതിയും വിധി പറഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവേശന പട്ടികയില്‍ നിന്ന് പ്രവേശനം നടത്തുന്നതിനുള്ള നടപടികള്‍ എടുത്തതായി കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് അസോസിയേഷനുവേണ്ടി സെക്രട്ടറി സാജന്‍ പ്രസാദ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധനകള്‍ പാലിക്കുന്നവരെ ഉള്‍പ്പെടുത്തി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. അസോസിയേഷനിലെ പത്ത് കോളേജുകളിലെ 500 സീറ്റുകളാണ് സര്‍ക്കാരിന് കരാര്‍ പ്രകാരം നല്കിയിരുന്നത്. അതേസമയം, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകള്‍ നൂറ് ശതമാനം സീറ്റുകളിലേക്കും പ്രവേശനം നടത്തുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രമേ അന്തിമ പട്ടികയ്ക്ക് രൂപമാകുകയുള്ളൂ. 13-ന് കേസ് പരിഗണിക്കുമ്പോള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാമെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/