
കല്പറ്റ: മേപ്പാടി തൃക്കൈപ്പറ്റ മുണ്ടുപാറക്കുന്ന് ചെറുതൊടിയില്‍ ആസ്യ (55) വധിക്കപ്പെട്ട കേസില്‍ സഹോദരന്‍ കുഞ്ഞുമുഹമ്മദിനെ (62) പോലീസ് പിടികൂടി. ആഗസ്ത് 11-നാണ് ആസ്യ കൊല്ലപ്പെട്ടത്. ആസ്യയ്‌ക്കൊപ്പം താമസിച്ചിരുന്ന മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദിനെ അന്ന് മുതല്‍ കാണാനില്ലായിരുന്നു. ഇയാളെ കണ്ടെത്താന്‍ പോലീസ് കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ബൈരക്കുപ്പയിലെ എസ്റ്റേറ്റില്‍ തൊഴിലാളിയായി കഴിഞ്ഞിരുന്ന കുഞ്ഞുമുഹമ്മദിനെ കല്പറ്റ സി.ഐ. ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെയാണ് പിടികൂടിയത്. മേപ്പാടി എസ്.ഐ. എം. ശ്രീകുമാര്‍, പോലീസുകാരായ ഹസന്‍ ബാരിക്കല്‍, പ്രകാശന്‍, രാജഗോപാല്‍, യാക്കൂബ്, അഷ്‌കര്‍ അലി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
തലയിലും മുഖത്തും പരിക്കേറ്റ് മരിച്ച നിലയില്‍ വീടിന്റെ അടുക്കളച്ചായ്പില്‍ ആഗസ്ത് 13-നാണ് ആസ്യയെ കണ്ടെത്തിയത്. നായ്ക്കള്‍ കടിച്ചുകീറിയ അവസ്ഥയിലായിരുന്നു മൃതദേഹം. ആടുവില്പന സംബന്ധിച്ച തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പറയപ്പെടുന്നു.