മംഗലാപുരം ദുരന്തം : ഇന്‍ഷുറന്‍സ് കമ്പനി ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയുന്നു -പി.കരുണാകരന്‍

Posted on: 10 Sep 2010



ന്യൂഡല്‍ഹി:മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ജീവന് വില പേശി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ എയര്‍ ഇന്ത്യയുടെ ഇന്‍ഷുറന്‍സ് ദാതാക്കളായ റിലയന്‍സ് ശ്രമിക്കുന്നതായി പി.കരുണാകരന്‍ എം.പി. ആരോപിച്ചു. വിമാനാപകടത്തില്‍ മരിച്ച 158 പേരുടെ കുടുബാംഗങ്ങള്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങുമായും കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലുമായും കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ണാടക സര്‍ക്കാര്‍ മൂന്നു ലക്ഷവും കേരള സര്‍ക്കാറും പ്രധാനമന്ത്രിയും രണ്ടു ലക്ഷം വീതവും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കി. പ്രാഥമിക നഷ്ടപരിഹാരം എയര്‍ ഇന്ത്യയും നല്‍കി. മരിച്ചവരുടെ ആശ്രിതര്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് 75 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുമെന്ന് ദുരന്തസ്ഥലം സന്ദര്‍ശിച്ച കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ നഷ്ടപരിഹാരത്തിന് നടപടിയെടുത്തിട്ടില്ല. പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധികള്‍ മരിച്ചവരുടെ ആശ്രിതരെ ഹോട്ടലില്‍ വിളിച്ചു വരുത്തി 75 ലക്ഷം രൂപ നല്‍കാനാവില്ലെന്ന് അറിയിച്ചിരുന്നു. രക്കൊണ്ട് തങ്ങള്‍ നിശ്ചയിച്ച തുക അംഗീകരിപ്പിച്ച ധാരണാപത്രത്തില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി ശ്രമിച്ചു. യഥാര്‍ഥത്തില്‍ മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിക്കേണ്ടത് എയര്‍ ഇന്ത്യയാണെന്നിരിക്കെ, ഇന്‍ഷുറന്‍സ് കമ്പനി അവരുമായി ചര്‍ച്ച നടത്തിയത് ശരിയായ നടപടിയല്ല. എയര്‍ ഇന്ത്യ അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നടപടിയെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല- പി.കരുണാകരന്‍ ആരോപിച്ചു.

മരിച്ചവരുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ മറ്റൊരാവശ്യം. എന്നാല്‍ ഗള്‍ഫിലും മറ്റും ജോലി ചെയ്തവരുടെ വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും തൊഴില്‍ നിയമങ്ങള്‍ തന്നെ വ്യത്യസ്തമാണ്. മരിച്ചവരുടെ വരുമാനത്തേക്കാള്‍ ഒമ്പതു ശതമാനം അധികത്തുക നഷ്ടപരിഹാരം നല്‍കാമെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ അഭിപ്രായം അംഗീകരിക്കാനാവില്ല. ഇന്ത്യ ഒപ്പിട്ട അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണിത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം പി.കരുണാകരന്‍ ആവശ്യപ്പെട്ടു.

റബ്ബര്‍ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു നിവേദനം നല്‍കുന്നതിനു പുറമെ കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മയുമായി കരുണാകരന്‍ ചര്‍ച്ച നടത്തും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/