ലോട്ടറിപ്രശ്‌നം ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കും -മന്ത്രി തോമസ് ഐസക്

കോഴിക്കോട്: ലോട്ടറി മാഫിയയെ തടയുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഈ മാസം അവസാനം സര്‍വകക്ഷിയോഗം വിളിച്ച് നിവേദനവുമായി കേന്ദ്രസര്‍ക്കാറിനെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ലോട്ടറി നിയമലംഘനം തടയാനുള്ള സമ്പൂര്‍ണ അധികാരം കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമാണ്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി എടുക്കാത്തിടത്തോളം ലോട്ടറിമാഫിയയെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. കേളുവേട്ടന്‍ പഠന ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംവാദത്തിന് യു.ഡി.എഫ്. പ്രതിനിധികള്‍ എത്തിയില്ല.
കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിലെ നാലാംവകുപ്പില്‍ ലംഘനമുണ്ടായാല്‍ അതില്‍ നടപടിയെടുക്കാന്‍ അധികാരം കേന്ദ്രസര്‍ക്കാറിനാണെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നടപടി എടുക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാവുന്നില്ല. ലോട്ടറി മാഫിയയുമായി കേന്ദ്രത്തിനും കോണ്‍ഗ്രസിനുമുള്ള ബന്ധമാണ് ഇതിനുകാരണം. നേരത്തേ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് എഴുതിയിരുന്നു, എന്നിട്ടും ഫലമുണ്ടായില്ല.
ഓരോ സംസ്ഥാനവും അവരവരുടെ സംസ്ഥാനത്ത് ലോട്ടറി നടത്തണം. മറ്റു സംസ്ഥാനത്ത് ലോട്ടറിവില്പന നടത്തണമെങ്കില്‍ അത് ഇരുസംസ്ഥാനങ്ങളുംതമ്മില്‍ സംയുക്തസംരംഭത്തിലാവണം. ഇങ്ങനെ നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറായാല്‍ പ്രശ്‌നത്തിന് പരിഹാരമാവുമെന്ന് മന്ത്രി പറഞ്ഞു.
സംവാദമല്ല, നടപടിയാണ് വേണ്ടതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. നടപടിതന്നെയാണ് വേണ്ടത്. കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് നടപടിയെടുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവണം. സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് സി.പി.എം. മുന്‍കൂറായി പരസ്യത്തിന്റെ പണം വാങ്ങിയത് ലക്ഷ്മണരേഖ മറികടക്കലായിപ്പോയെന്ന് പാര്‍ട്ടിതന്നെ സമ്മതിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.
അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, അഡ്വ. എം.അശോകന്‍, എന്‍.പി. ഹാഫിസ്മുഹമ്മദ്, മാധ്യമപ്രവര്‍ത്തകരായ എ.സജീവന്‍, എന്‍.കെ. രവീന്ദ്രന്‍, ആര്‍.മധുശങ്കര്‍, കെ.പ്രേംനാഥ്, ഷിദ എന്നിവരടങ്ങുന്ന പാനലാണ് ചര്‍ച്ച നിയന്ത്രിച്ചത്. കെ.ടി. കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.
ഡോ. തോമസ് ഐസക് എഴുതിയ 'ലോട്ടറിവിവാദം മറ്റൊരു ചൂതാട്ടം' എന്ന പുസ്തകം ചടങ്ങില്‍ സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റംഗം വി.വി. ദക്ഷിണാമൂര്‍ത്തി പ്രകാശനംചെയ്തു.