വാക്‌സിനുകള്‍ക്ക് അമിതവില ഈടാക്കുന്നു

Posted on: 10 Sep 2010



ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാറിന്റെ സാര്‍വത്രിക രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന മരുന്നിന് അമിത വില ഈടാക്കുന്നതായി പരാതി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഡോ. കെ.വി.ബാബു വിവരാവകാശ നിയമപ്രകാരം മരുന്നു വിതരണത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

പദ്ധതിയുടെ കീഴില്‍ മരുന്നു വിതരണത്തിന് ചുമതലപ്പെട്ട മൂന്നു പൊതുമേഖലാ സ്ഥാപനങ്ങളില്‍ കസോളിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (സി.ആര്‍.ഐ), കൂനൂരിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (പി.ഐ.ഐ) എന്നിവയാണ് കൂടുതല്‍ വില വാങ്ങുന്നത്. ഈ രണ്ടു സ്ഥാപനങ്ങളുടെയും ലൈസന്‍സുകള്‍ 2008-ല്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പിന്നീട് പുതുക്കി നല്‍കി. ഡിഫ്തീരിയ, പെര്‍ടുസിസ്, ടെറ്റനസ് എന്നിവയ്ക്കുള്ള ഡി.പി.ടി. വാക്‌സിന്‍ 2008 ല്‍ 12 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 23.50 രൂപയ്ക്കാണ് ഈ മരുന്ന് വിതരണം ചെയ്യുന്നത്. ടെറ്റനസ്സിനുള്ള ടി.ടി.വാക്‌സിന്‍ ആറു രൂപയ്ക്ക് വിറ്റിരുന്നത് ഇപ്പോള്‍ 17 രൂപയായി. ഈ വാക്‌സിന് പൊതുമേഖലാ കമ്പനികള്‍ നിശ്ചയിച്ച വില 13 രൂപയാണ്.

വില വര്‍ധനയെക്കുറിച്ച് തങ്ങള്‍ക്കൊന്നും പറയാനില്ലെന്ന് പി.ഐ.ഐ. അസി.ഡയറക്ടര്‍ ബി.സുന്ദരം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതു പ്രകാരമാണ് വാക്‌സിനുകള്‍ വില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/