ലഷ്‌കര്‍ ക്യാമ്പ്: ശ്രീലങ്ക അന്വേഷണം തുടങ്ങി
Posted on: 10 Sep 2010
കൊളംബോ: ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് കൊളംബോയില്‍ പരിശീലനകേന്ദ്രമുണ്ടെന്ന വാര്‍ത്തയെക്കുറിച്ച് ശ്രീലങ്ക അന്വേഷണം തുടങ്ങി. ഇതുസംബന്ധിച്ച് ഇന്ത്യയുടെ പ്രതിരോധവൃത്തങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്ന് ലങ്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പുണെ ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മിര്‍സാ ഹിമായത്ത് ബെയ്ഗാണ് ശ്രീലങ്കയില്‍ ലഷ്‌കര്‍ പരിശീലനകേന്ദ്രമുള്ളതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) തലവന്‍ രാകേഷ് മരിയ നടത്തിയ പ്രസ്താവന ഇന്ത്യന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയുടെ നിജസ്ഥിതിയെക്കുറിച്ച് അറിയാനാണ് ഇന്ത്യയുമായി ബന്ധപ്പെടുന്നതെന്ന് ശ്രീലങ്ക അറിയിച്ചു. എ.ടി.എസ്. തലവന്റെ പ്രസ്താവന ശ്രീലങ്ക ഗൗരവത്തിലെടുത്തതായി നയതന്ത്രവൃത്തങ്ങള്‍ വ്യക്തമാക്കി.
ലഷ്‌കര്‍ ഇ തൊയ്ബ ശ്രീലങ്കയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായി അമേരിക്കയുടെ സേനാ കമാന്‍ഡര്‍ അഡ്മിറല്‍ റോബര്‍ട്ട് വിലാര്‍ഡ് നേരത്തേ മുന്നറിയിപ്പ് നല്കിയിരുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam