തങ്കമണി വധം പ്രതിയെ വളപട്ടണത്തും പയ്യാമ്പലത്തുമെത്തിച്ച് തെളിവെടുത്തു

Posted on: 10 Sep 2010



നീലേശ്വരം: കരിന്തളം മയ്യങ്ങാനത്തെ കെ.ഭാസ്‌കരന്റെ ഭാര്യ കെ.പി.തങ്കമണി(47)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഫര്‍ണിച്ചര്‍ വ്യാപാരി അബ്ദുള്ളാഹി താസി(27)യെ അന്വേഷണസംഘം വ്യാഴാഴ്ച രാവിലെ വളപട്ടണം പുഴയോരത്തും പയ്യാമ്പലം ബീച്ചിലും കൊണ്ടുപോയി തെളിവെടുത്തു. ആഗസ്ത് 17ന് തങ്കമണിയെ കൊലപ്പെടുത്തിയ ശേഷം കാറില്‍ വളപട്ടണത്ത് എത്തി കത്തി പുഴയില്‍ ഉപേക്ഷിച്ചുവെന്നും പിന്നീട് പയ്യാമ്പലം ബീച്ചില്‍ പോയിയെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് താസിയെ ഇവിടങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോയത്.

ബുധനാഴ്ച അബ്ദുള്ളാഹി താസിയെ കൊലനടത്തിയ മയ്യങ്ങാനത്തെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുത്തിരുന്നു. കൊലയ്ക്ക്‌ശേഷം കത്തി പൊതിഞ്ഞ് എടുത്ത് പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ വെള്ളരിക്കുണ്ട് സി.ഐ സി.കെ.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് താസിയെയും കൊണ്ട് തെളിവെടുപ്പിന് പോയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. സപ്തംബര്‍ 15ന് തിരിച്ചറിയല്‍ പരേഡിന് പ്രതിയെ വിധേയമാക്കുന്നുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/