പുറംജോലിക്കരാര്‍ നിരോധനം: ഗുരുതര ഭവിഷ്യത്തെന്ന് നാസേ്കാം
Posted on: 10 Sep 2010
എന്‍.എസ്. ബിജുരാജ്
ബാംഗ്ലൂര്‍: സര്‍ക്കാര്‍ വക ഐ.ടി. ജോലികള്‍ പുറംവാതില്‍ കരാറായി നല്കുന്നത് നിരോധിച്ച ഓഹിയോ സംസ്ഥാനത്തിന്റെ നടപടി ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇന്ത്യയിലെ സോഫ്റ്റ്‌വേര്‍ കയറ്റുമതി കമ്പനികളുടെ സംഘടനയായ നാസേ്കാം. നവംബറില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് ജനപിന്തുണ നേടാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തന്ത്രമായി മാത്രം യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ പുറംവാതില്‍ കരാര്‍ വിരുദ്ധ പ്രസ്താവനയെ കാണാനാവില്ലെന്നും നാസേ്കാം വിലയിരുത്തുന്നു.
ബുധനാഴ്ചയാണ് അമേരിക്കന്‍ സംസ്ഥാനമായ ഓഹിയോ, സര്‍ക്കാര്‍ ഐ.ടി. ജോലികള്‍ പുറംവാതില്‍ക്കരാറായി നല്കുന്നത് നിരോധിച്ചത്.
നവംബറില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്കും ഓഹിയോ ഗവര്‍ണര്‍ സ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍മാരെ പ്രീണിപ്പിക്കാനായാണ് ഓഹിയോ സംസ്ഥാന ഭരണകൂടം ഈ നടപടിയെടുത്തതെന്ന് കരുതിയെങ്കിലും വ്യാഴാഴ്ച അവിടെ നടന്ന ഒരു പൊതുസമ്മേളനത്തില്‍ പുറംജോലി ക്കരാറിനെതിരെ പ്രസിഡന്റ് ഒബാമ കൂടി വീണ്ടും രംഗത്തെത്തിയതോടെയാണ് സംഭവവികാസങ്ങളില്‍ ആശങ്കയുണ്ടെന്ന് നാസേ്കാം ഭാരവാഹികള്‍ അറിയിച്ചത്.
ജോര്‍ജ് ബുഷിന്റെ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ താത്പര്യങ്ങള്‍ തുലച്ചുകൊണ്ട് ലോകത്തെ നന്നാക്കുകയായിരുന്നെന്നും ഡെമോക്രാറ്റുകള്‍ക്ക് മുഖ്യം രാജ്യമാണെന്നും അതുകൊണ്ടുതന്നെ അമേരിക്കയിലെ ചെറുപ്പക്കാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന പുറംജോലിക്കരാറിനെ അനുകൂലിക്കാനാവില്ലെന്നുമായിരുന്നു ഒബാമയുടെ ഓഹിയോ പ്രസ്താവന. പുറംജോലിക്കരാര്‍ നല്കുന്ന കമ്പനികളുടെ നികുതിയിളവുകള്‍ പിന്‍വലിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
നവംബര്‍ വരെ അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്കുള്ള തിരഞ്ഞെടുപ്പുകാലമായതിനാല്‍ ഇത്തരം പ്രസ്താവനകളുടെ പരമ്പര അത് കഴിയുംവരെ ഉണ്ടായിക്കൊണ്ടിരിക്കുമെന്നാണ് നാസേ്കാം ആദ്യം പ്രതികരിച്ചത്. സര്‍ക്കാര്‍ ഐ.ടി. ജോലികള്‍ താരതമ്യേന കുറവാണെന്നും തത്കാലം ഈ തീരുമാനം ഇന്ത്യന്‍ കമ്പനികളെ ബാധിക്കില്ലെന്നും നാസേ്കാം വിലയിരുത്തി.
എന്നാല്‍ ഒബാമ കൂടി ഓഹിയോ സര്‍ക്കാറിന്റെ നിലപാട് വ്യാഴാഴ്ച ആവര്‍ത്തിച്ചതോടെ നാസേ്കാം സംഭവത്തെ ഗൗരവമായി എടുത്തിരിക്കുകയാണ്.
ഇന്ത്യയുള്‍പ്പെടെയുള്ള എല്ലാ ലോക രാജ്യങ്ങളും പൗരന്മാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിച്ചു കൊണ്ടിരിക്കുകയാണ്. സ്വകാര്യ മേഖലയില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഐ.ടി. അവസരങ്ങള്‍ക്കൊപ്പംതന്നെ പ്രധാനമാണ് സര്‍ക്കാര്‍ തലത്തിലെ ഐ.ടി. ജോലികളും. അതുകൊണ്ടുതന്നെ ഓഹിയോയുടെ മാതൃക അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളും ലോകരാജ്യങ്ങളും പിന്തുടര്‍ന്നാല്‍ അത് ഇന്ത്യന്‍ ഐ.ടി. കമ്പനികളെ ഗുരുതരമായി ബാധിക്കുമെന്ന് നാസേ്കാം വ്യാഴാഴ്ച പറഞ്ഞു.
അതേസമയം, പുറംജോലിക്കരാര്‍ അമേരിക്കയിലെ കേന്ദ്രസര്‍ക്കാറിന്റെ (ഫെഡറല്‍ സര്‍ക്കാര്‍ ) ചുമതലയിലുള്ള വിഷയമാണ്. അതുകൊണ്ടുതന്നെ ഓഹിയോയുടെ തീരുമാനം തത്കാലം ഭീഷണിയല്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍കൂടി ഫെഡറല്‍ സര്‍ക്കാറില്‍ ഇതിനായി സമ്മര്‍ദം ചെലുത്തുകയാണെങ്കില്‍ വിഷയത്തിന്റെ ഗൗരവമേറും- നാസേ്കാം ചൂണ്ടിക്കാട്ടുന്നു.
അടുത്ത മാസം വ്യവസായ-വാണിജ്യവകുപ്പ് മന്ത്രി ആനന്ദ് ശര്‍മയ്‌ക്കൊപ്പം നാസേ്കാം പ്രതിനിധികളും അമേരിക്ക സന്ദര്‍ശിക്കുന്നുണ്ട്. ആ അവസരത്തില്‍ പ്രശ്‌നം അമേരിക്കന്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും നാസേ്കാം അറിയിച്ചു. നവംബര്‍ അവസാനത്തോടെ ഒബാമ ബാംഗ്ലൂര്‍ സന്ദര്‍ശിക്കാനിരിക്കെ അദ്ദേഹം നടത്തുന്ന പുറം ജോലിക്കരാര്‍വിരുദ്ധ പ്രസ്താവനകള്‍ ഐ.ടി. മേഖലയിലാകെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam