ഇടിക്കട്ടയുമായി പിടിയിലായ സംവിധായകനെ വിട്ടയയ്ക്കുന്നു

Posted on: 10 Sep 2010



വാഷിങ്ടണ്‍: ജിഹാദി ലഘുലേഖകളും ഇടിക്കട്ടയുമായി അമേരിക്കയില്‍ പിടിയിലായ ഇന്ത്യന്‍ ഡോക്യുമെന്ററി സംവിധായകന്‍ വിജയകുമാറിന്റെ ജയില്‍മോചനത്തിന് വഴിതെളിഞ്ഞു. 20 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് കോടതി വിജയകുമാറിനെ വിട്ടയയ്ക്കുന്നത്. കൂടുതല്‍ ശിക്ഷ ഒഴിവാക്കാനായി വിജയകുമാര്‍ കുറ്റസമ്മത കരാറിലൊപ്പുവെച്ചതിനെത്തുടര്‍ന്നാണിത്.

മുംബൈ സ്വദേശിയായ വിജയകുമാര്‍ ഒരു ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ കാനഡയില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേ ആഗസ്ത് 20നാണ് അമേരിക്കയിലെ ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ പിടിയിലായത്. സുരക്ഷാ പരിശോധനയില്‍ അദ്ദേഹത്തിന്റെ ബാഗില്‍ ജിഹാദി പുസ്തകങ്ങളും ഇടിക്കട്ടയും കണ്ടെത്തിയിരുന്നു.

ടെക്‌സാസ് സംസ്ഥാനത്ത് നിരോധിത ആയുധങ്ങളുടെ പട്ടികയിലുള്ള ഇടിക്കട്ട കൈവശം വെച്ചതിന് അദ്ദേഹത്തിന്റെ പേരില്‍ അധികൃതര്‍ കേസെടുത്തു. പാസ്‌പോര്‍ട്ടും വിസയും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഇല്ലാതെ പുറത്തിറങ്ങിയതിന്റെ പേരിലാണ് വിജയകുമാറിനെ ജയിലില്‍ അടച്ചത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/